ഇന്ന് നിശബ്‌ദ പ്രചാരണം ,​ 15 സീറ്റിൽ ഇഞ്ചോടിഞ്ച്,​ കേരളം നാളെ ബൂത്തിലേക്ക്

Thursday 25 April 2024 4:36 AM IST

തിരുവനന്തപുരം: വാശിയും ആവേശവും കൊടുമ്പിരിക്കൊണ്ട രണ്ടു മാസത്തെ പ്രചാരണ കോലാഹലം നിലച്ചു. ഇന്നത്തെ പകലും രാത്രിയും നിശബ്ദ പ്രചാരണം. അടവുകളുടെയും തന്ത്രങ്ങളുടെയും അടിയൊഴുക്കുകളുടെയും മണിക്കൂറുകൾ പിന്നിട്ട് നാളെ സമ്മതിദായകർ ബൂത്തിലേക്ക്. ജൂൺ നാലിനാണ് ഫലപ്രഖ്യാപനം.

സംസ്ഥാനത്തെ ഇരുപതിൽ പതിനഞ്ച് സീറ്റിലും ഇഞ്ചോടിഞ്ച് പോരാട്ടത്തിന്റെ പ്രതീതി ജനിപ്പിക്കുന്നതാണ് അവസാന ചിത്രം. എറണാകുളം, ഇടുക്കി, വയനാട്, മലപ്പുറം, പൊന്നാനി എന്നിവ ഒഴിച്ചുള്ള 15 മണ്ഡലങ്ങളിലാണ് ഇഞ്ചോടിഞ്ച് പോരാട്ടമായത്. എന്നാൽ, ഈ അഞ്ചു മണ്ഡലങ്ങളിലും വാശിയേറിയ മത്സരമാണ് സ്ഥാനാർത്ഥികൾ കാഴ്ചവച്ചത്.

തിരുവനന്തപുരം,ആറ്റിങ്ങൽ,തൃശൂർ എന്നിവയ്ക്ക് പുറമെ ആലപ്പുഴ, പത്തനംതിട്ട മണ്ഡലങ്ങളിലും ത്രികോണ മത്സരമായി. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിലെ ചാമ്പ്യന്മാർ ആരെന്ന തർക്കം മുതൽ കേരളത്തിന്റെ വികസന പ്രശ്നവും കേന്ദ്ര അവഗണനയും പ്രചാരണത്തിൽ കത്തിക്കയറി. വെറ്ററിനറികോളേജ് വിദ്യാർത്ഥി

സിദ്ധാർത്ഥന്റെ മരണവും പാനൂർ ബോംബ് സ്ഫോടനവും വ്യക്തിഹത്യകളും സൈബർ ആക്രമണവും മോദിയുടെ വിവാദ പ്രസംഗവും തൃശൂർ പൂരം അലങ്കോലമാക്കിയ പൊലീസ് വിളയാട്ടവും ചൂടേറിയ വിഷയങ്ങളായി.

വോട്ടർമാരെ പണം നൽകി സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവും വീട്ടിലെ വോട്ടിലെ തിരിമറികളും പൊന്തിവന്നു.

പ്രധാനമന്ത്രി മുതലുള്ള ദേശീയ നേതാക്കളുടെയും മുഖ്യമന്ത്രി ഉൾപ്പെടെയുള്ള സംസ്ഥാന നേതാക്കളുടെയും പര്യടനങ്ങൾ ആവേശം കൊടുമുടിയിലെത്തിച്ചു. മത,

സാമുദായിക സ്വാധീനങ്ങളും അന്തർ നാടകങ്ങളും സൃഷ്ടിക്കുന്ന അടിയൊഴുക്കുകളാവും വിധിയെഴുത്തിൽ അന്തിമം.

രാഷ്ട്രീയ ചിത്രം

വ്യത്യസ്തം

2019ൽ 20ൽ 19 സീറ്റും നേടിയ യു.ഡി.എഫ് ഇത്തവണ 20 സീറ്റും കൈക്കലാക്കുമെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും

അതിനുശേഷം വെള്ളം ഒരുപാ‌ട് ഒഴുകി.ശബരിമല സ്ത്രീ പ്രവേശന വിവാദവും രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ

മത്സരം സൃഷിടിച്ച ഓളവും ഒന്നാം മോദി സർക്കാരിനെ വീഴ്ത്തി രാഹുൽ ഗാന്ധി പ്രധാനമന്ത്രിയായേക്കുമെന്ന

പ്രചാരണവും സൃഷ്ടിച്ച തരംഗവും അന്നത്തെ നേട്ടത്തിന് കാരണമായി.ഇന്ന് അത്തരം അനുകൂല ഘടകങ്ങളില്ല.

അന്ന് ആലപ്പുഴ സീറ്റിൽ

ഒതുങ്ങിയ എൽ.ഡി.എഫ്, കോട്ടകൾ തിരിച്ചു പിടിക്കാനുള്ള ഭഗീരഥ പ്രയത്നത്തിലാണ്. പക്ഷേ, പാർട്ടിയും ഭരണവുമായി ബന്ധപ്പെട്ട വിവാദങ്ങളും ആരോപണങ്ങളും

വോട്ടർമാരിൽ സൃഷ്ടിക്കാവുന്ന വികാരം പ്രവചനാതീതം. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പ് മുതൽ

പല മണ്ഡലങ്ങളിലും വോട്ട് ശതമാനം ഉയർത്തി വരുന്ന ബി.ജെ.പി ഇത്തവണ അക്കൗണ്ട് തുറക്കാനുള്ള ജീവന്മരണ

പോരാട്ടത്തിലാണ്.അവസാന നിമിഷം രണ്ട് മുന്നണികളും ചേർന്ന് തങ്ങളുടെ വിജയം അട്ടിമറിക്കുമെന്ന ആശങ്കയും

ബി.ജെ.പിക്കുണ്ട്.

മുന്നണികളുടെ ഉറച്ച

വി‌ജയ പ്രതീക്ഷ

യു.ഡി.എഫ്: 15

എൽ.ഡി.എഫ്: 8

എൻ.ഡി.എ: 3

#യു.ഡി.എഫ്

ഉറപ്പിച്ചു പറയുന്നത്

തിരുവനന്തപുരം, ആറ്റിങ്ങൽ,കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,കോട്ടയം,എറണാകുളം, ഇടുക്കി. ആലത്തൂർ, വയനാട്,പാലക്കാട്, കോഴിക്കോട്,കാസർകോട്,മലപ്പുറം,പൊന്നാനി.

ഫോട്ടോ ഫിനിഷ് :

മാവേലിക്കര,തൃശൂർ,ചാലക്കുടി, വടകര, കണ്ണൂർ

# എൽ.ഡി.എഫ്

ഉറപ്പിച്ച് പറയുന്നത്

ആറ്റിങ്ങൽ, മാവേലിക്കര,തൃശൂ‌ർ,ആലത്തൂർ,വടകര,പാലക്കാട്,കോഴിക്കോട്,കണ്ണൂർ

ഫോട്ടോ ഫിനിഷ് :തിരുവനന്തപുരം,ആലപ്പുഴ,പത്തനംതിട്ട,കോട്ടയം,ഇടുക്കി,ചാലക്കുടി,കാസർകോട്.

#എൻ.ഡി.എ

ഉറപ്പിച്ച് പറയുന്നത്

തിരുവനന്തപുരം,​ ആറ്റിങ്ങൽ,തൃശൂർ.

ഫോട്ടോ ഫിനിഷ്:

ആലപ്പുഴ,പത്തനംതിട്ട

Advertisement
Advertisement