കളറായി കൊട്ടിക്കലാശം,​ ഇനി നിശബ്ദ പ്രചാരണം

Thursday 25 April 2024 12:43 AM IST

പാലക്കാട്: ജില്ലയിൽ ആവേശം ആളിക്കത്തിച്ച് തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് കൊട്ടിക്കലാശം. രാഷ്ടീയ പോരാട്ടത്തിന്റെ വീറുംവാശിയും കരുത്തും വിളിച്ചോതിയ കലാശക്കൊട്ടിൽ പാലക്കാട് സ്റ്റേഡിയമാകെ മുന്നണികളുടെ കൊടികളും വാദ്യഘോഷങ്ങളിലും മുങ്ങി. റോഡ് ഷോയും റാലികളും കലാപരിപാടികളുമായി നാടിനെ ഇളക്കിമറിച്ചായിരുന്നു 38 നാൾ നീണ്ടുനിന്ന പ്രചാരണത്തിന് തിരശ്ശീല വീണത്. ഇന്നലെ വൈകീട്ട് 3നു ഒലവക്കോട് ജംഗ്ഷനിൽ നിന്നു റോഡ് ഷോയോടെയാണ് യു.ഡി.എഫ് സ്ഥാനാർത്ഥി വി.കെ.ശ്രീകണ്ഠന്റെ കൊട്ടിക്കലാശത്തിന് തുടക്കമായത്. തുടർന്ന് ജൈനിമേട്, ഗവ.വിക്ടോറിയ കോളേജ്, ചുണ്ണാമ്പുത്തറ, ശകുന്തള ജംഗ്ഷൻ, ടൗൺ ബസ് സ്റ്റാൻഡ്, കോട്ടമൈതാനം, കുന്നത്തൂർമേട് വഴി വൈകിട്ട് അഞ്ചരയോടെ സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു.

പാലക്കാട് ഗവ.വിക്ടോറിയ കോളേജിനു മുന്നിൽ നിന്ന് വൈകിട്ട് 4.30ന് റോഡ് ഷോയോടെയാണ് ഇടതു സ്ഥാനാർത്ഥി എ.വിജയരാഘവന്റെ കൊട്ടിക്കലാശത്തിന് തുടക്കമായത്. താരേക്കാട്, ഹെഡ് പോസ്റ്റ് ഓഫീസ്,​ സുൽത്താൻപേട്ട ജംഗ്ഷൻ വഴി 5.15ഓടെ സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്തെത്തി.

ഉച്ചയ്ക്ക് രണ്ടിനു ബി.ജെ.പി ജില്ലാ ഓഫീസിൽ നിന്ന് ആരംഭിച്ച് മോയൻസ് സ്‌കൂൾ, മേൽപാലത്തിലൂടെ ശകുന്തള ജംഗ്ഷൻ, ടൗൺ ബസ് സ്റ്റാൻഡ്, റോബിൻസൺ റോഡ്, അഞ്ചു വിളക്ക്, കുന്നത്തൂർമേട്, കൽമണ്ഡപം വഴി വൈകിട്ട് അഞ്ചോടെയാണ് എൻ.ഡി.എ സ്ഥാനാർത്ഥി സി.കൃഷ്ണകുമാറിന്റെ കൊട്ടിക്കലാശം സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്തു സമാപിച്ചത്.

ജെ.സി.ബിയിൽ കയറി പ്രവർത്തകരെ അഭിവാദ്യം ചെയ്താണ് കൃഷ്ണകുമാർ വോട്ട് അഭ്യർത്ഥിച്ചത്. ഇടതു സ്ഥാനാർത്ഥി എ.വിജയരാഘവനും യു.ഡി.എഫ് സ്ഥാനാർത്ഥി വി.കെ.ശ്രീകണ്ഠനും സ്റ്റേഡിയം പരിസരത്ത് വാഹനത്തിന്റെ മുകളിൽ കയറിയാണ് പ്രവർത്തകരെ അഭിവാദ്യം ചെയ്തത്. വൈകീട്ട് ആറോടെ തന്നെ പരസ്യ പ്രചരണം മൂന്നു മുന്നണികളും അവസാനിപ്പിച്ചിരുന്നു.

ഇനിയുള്ള 24 മണിക്കൂർ നിശബ്ദ പ്രചരണത്തിന്റേതാണ്. വീടുകൾ കയറി വോട്ടുറപ്പിക്കാനുള്ള പരക്കംപാച്ചിലിലാണ് മുന്നണികളും നേതാക്കളും.

Advertisement
Advertisement