രക്ഷിതാക്കളുടെ അഭിപ്രായം മാനിക്കും കളിസ്ഥലമൊരുക്കാൻ ശ്രമിക്കും - മന്ത്രി

Thursday 25 April 2024 12:55 AM IST

തിരുവനന്തപുരം: സ്കൂളുകൾക്ക് കളിസ്ഥലം ഒരുക്കുന്നത് സംബന്ധിച്ച് രക്ഷിതാക്കളുടെ അഭിപ്രായം മാനിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി കേരളകൗമുദിയോട് പറഞ്ഞു. വ്യായാമമില്ലായ്മയാൽ കുട്ടികൾക്കുണ്ടാകുന്ന ശാരീരിക - മാനസിക പ്രശ്നങ്ങളെക്കുറിച്ച് രക്ഷിതാക്കളുടെ ആശങ്കകൾ സംബന്ധിച്ച് കഴിഞ്ഞ ദിവസം കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.

രക്ഷിതാക്കളുടെ ആശങ്കകളും ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പുകളും ഉൾക്കൊള്ളുന്നതായി മന്ത്രി പറഞ്ഞു. വ്യായാമം ഇല്ലായ്മ മൂലം കുട്ടികൾക്കുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും മറ്റ് വിനോദങ്ങൾ ഇല്ലാത്തതിന്റെ പേരിലുണ്ടാകുന്ന മൊബൈൽ ഉപയോഗവും വിദ്യാഭ്യാസ വകുപ്പിന്റെയും ആശങ്കകളാണ്. അതിനാൽ സ്കൂളുകൾക്ക് കളിസ്ഥലമൊരുക്കാൻ കഴിയുന്ന തരത്തിൽ വകുപ്പ് ശ്രമം നടത്തും. എന്നാൽ കളിസ്ഥലമില്ലാത്തതിനാൽ നന്നായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സ്കൂളുകൾ പൂട്ടുകയെന്നത് പ്രായോഗികമല്ലെന്നും ഇത് കോടതിയെ ബോദ്ധ്യപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.

സ്കൂളുകളുടെ കളിസ്ഥലം എന്നതൊക്കെ സർക്കാർ നയത്തിന്റെ ഭാഗമാണെന്നായിരുന്നു പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസിന്റെ പ്രതികരണം. വിഷയം ഇതുവരെ മുന്നിലെത്തിയിട്ടില്ല. വിഷയത്തിൽ സർക്കാരിന്റെ തീരുമാനം അനുസരിച്ച് മാത്രമേ അഭിപ്രായം പറയാനാവൂ എന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ പറഞ്ഞു.

Advertisement
Advertisement