100 പവന്റെ കൊള്ളയിലും ബീഹാർ റോബിൻഹുഡ് ?

Thursday 25 April 2024 12:20 AM IST

കൊച്ചി: 2022 ഏപ്രിൽ ഒന്നിന് പട്ടാപ്പകൽ കൊച്ചി നഗരമദ്ധ്യത്തിലെ വ്യവസായിയുടെ വീട് കുത്തിത്തുറന്ന് 100 പവന്റെ സ്വർണ, വജ്രാഭരണങ്ങൾ കൊള്ളയടിച്ച കേസിലും സംവിധായകൻ ജോഷിയുടെ വീട്ടിൽ കവർച്ച നടത്തിയ 'ബീഹാർ റോബിൻഹുഡ്' മുഹമ്മദ് ഇർഫാനെ പൊലീസ് സംശയിക്കുന്നു. ഇതിനായി ഇർഫാനെ എറണാകുളം സെൻട്രൽ പൊലീസ് ചോദ്യം ചെയ്യും.

വ്യവസായിയുടെ വീട്ടിൽ നിന്ന് 90 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങൾ കവർന്ന കേസിലെ പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല. ജോഷിയുടെ വീട്ടിൽ നടന്ന മോഷണത്തിന് സമാനമായാണ് ഇവിടെയും നടന്നത്. 2022ൽ കൊച്ചിയിൽ തുടർച്ചയായി ഒമ്പത് മോഷണങ്ങൾ നടന്ന ഏപ്രിൽ-മേയ് മാസത്തിലായിരുന്നു സരിതാ തിയേറ്ററിന് സമീപത്തെ വ്യവസായിയുടെ വീട്ടിലെയും കവർച്ച. മറ്റ് സംഭവങ്ങളിൽ പ്രതിയെ പിടികൂടിയിരുന്നു.

ഇരുനില വീടിന്റെ പുറത്തെ കോണിപ്പടികയറി മുകൾ നിലയിലെത്തിയ മോഷ്ടാവ് ചില്ല് വിദഗ്ദ്ധമായി പൊട്ടിച്ച് അകത്തു കടന്ന് രണ്ടു മുറികളിലെ അലമാരയിലെ ആഭരണങ്ങളാണ് കൊള്ളയടിച്ചത്.

30-35 വയസ്, മെലിഞ്ഞ ശരീരം, തൊപ്പിവച്ചയാൾ, കടന്നത് ഓട്ടോയിൽ തുടങ്ങിയ തുമ്പുകൾ ലഭിച്ചെങ്കിലും മോഷ്ടാവിനെ പിടികൂടാനായിരുന്നില്ല. ജോഷിയുടെ വീട്ടിലെ കവർച്ചയിൽ ഇർഫാനെ പിടികൂടിയതോടെയാണ് ഇയാളാണോ എന്ന സംശയം ബലപ്പെടുന്നത്.

Advertisement
Advertisement