സംസ്ഥാന ജൂനിയർ ബാസ്കറ്റ് : തിരുവനന്തപുരവും എറണാകുളവും ജേതാക്കൾ

Wednesday 24 April 2024 11:46 PM IST

പാലക്കാട് : എടക്കാട് യുവക്ഷേത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെൻ്റ് സ്റ്റഡീസിൽ നടന്ന 48-ാമത് കേരള സംസ്ഥാന ജൂനിയർ ബാസ്‌ക്കറ്റ് ബാൾ ചാമ്പ്യൻഷിപ്പിൽ എറണാകുളം പെൺകുട്ടികളിൽ കിരീടം നിലനിർത്തിയപ്പോൾ ആൺകുട്ടികളിൽ തിരുവനന്തപുരം ചാമ്പ്യന്മാരായി.

വനിതകളുടെ ഫൈനലിൽ 26-18ന് പകുതി സമയം മുന്നിട്ടുനിന്ന ശേഷം തൃശ്ശൂരിനെ 53 - 47ന് പരാജയപ്പെടുത്തിയാണ് എറണാകുളം ജേതാക്കളായത്.അമാൻഡ മരിയ റോച്ച 17 പോയിൻ്റുമായി എറണാകുളത്തിൻ്റെ ടോപ് സ്‌കോററായി. 20 പോയിൻ്റ് നേടിയ ലിയ സോണിയാണ് തൃശ്ശൂരിൻ്റെ ടോപ് സ്കോറർ .

പുരുഷൻമാരുടെ ഫൈനലിൽ 27-28ന് പിന്നിലായ ശേഷം തിരുവനന്തപുരം അൻവിൻ ജോർജിലൂടെ ശക്തമായി

തിരിച്ചുവരികയും മൂന്നാം പാദം അവസാനിച്ചപ്പോൾ 46-42 ന് ലീഡ് നേടുകയും ചെയ്തു , അവസാനം 61-58 ന് ചാംപ്യൻഷിപ് കരസ്ഥമാക്കുകയും ചെയ്തു.

മൂന്നാം സ്ഥാനത്തിനായി നടന്ന മത്സരത്തിൽ കോഴിക്കോട് കൊല്ലത്തെ ((71-54) തോൽപിച്ചപ്പോൾ കോട്ടയം ആലപ്പുഴയെ (36-35) തോൽപിച്ചു.വെങ്കലം നേടി ടൂർണമെൻ്റിലെ ഏറ്റവും വിലപിടിപ്പുള്ള താരങ്ങളായി എറണാകുളത്ത് നിന്നുള്ള അമൻഡ മരിയ റോച്ചയെയും തിരുവനന്തപുരത്ത് നിന്നുള്ള അൻവിൻ ജോർജ് ജോസഫിനെയും തിരഞ്ഞെടുത്തു.

പ്രോമിസിംഗ് പ്ലെയർ അവാർഡ് തൃശൂർ സ്വദേശി നിർണ്ണജനയ്ക്കും ആലപ്പുഴയിൽ നിന്നുള്ള അശ്വിൻ കൃഷ്ണയ്ക്കും ലഭിച്ചു

Advertisement
Advertisement