സംഘർഷ ക്ലൈമാക്സ് ; മലപ്പുറത്തെ ആവേശക്കടലാക്കി കലാശപ്പോര്

Thursday 25 April 2024 12:17 AM IST

മലപ്പുറം: ആവേശം കൊട്ടിക്കയറിയ സായാഹ്നത്തിൽ മലപ്പുറത്തെ ആവേശക്കടലാക്കി മുന്നണികളുടെ കലാശപ്പോര്. ആവേശം അണപൊട്ടിയൊഴുകിയപ്പോൾ കൊട്ടിക്കലാശം സംഘർഷത്തിലെത്തി. കളക്ടറേറ്റ് ബംഗ്ലാവ് പരിസരത്തുള്ള പെരിന്തൽമണ്ണ റോഡിലേക്ക് യു.ഡി.എഫിന്റെ കൊട്ടിക്കലാശവും മഞ്ചേരി റോഡിലേക്ക് എൽ.ഡി.എഫിന്റെ കൊട്ടിക്കലാശവുമാണ് തീരുമാനിച്ചിരുന്നത്. കുന്നുമ്മൽ കെ.എസ്.ആർ.ടി.സി പരിസരത്തേക്ക് ഇരുകൂട്ടരും ഒരുമിച്ചെത്തിയതാണ് സംഘർഷത്തിനിടയാക്കിയത്. ഇതേചൊല്ലി പ്രവർത്തകർ തമ്മിൽ ഉന്തും തള്ളുമുണ്ടാവുകയായിരുന്നു. വൈകിട്ട് നാലരയോടെയാണ് സംഘർഷമുണ്ടായത്. തുടർന്ന്, യു.ഡി.എഫ് പ്രവർത്തകർ നഗരമദ്ധ്യത്തിലുള്ള മനോരമ സർക്കിളിന് മുകളിൽ കയറി നിന്ന് പതാക വീശി. ഇതോടെ എൽ.ഡി.എഫ് പ്രവർത്തകരും എൻ.ഡി.എ പ്രവർത്തകരും അവിടെയെത്തി പതാക വീശിയതോടെ പൊലീസ് പ്രവർത്തകരോട് താഴെയിറങ്ങാൻ നിർദ്ദേശിച്ചു. പ്രവർത്തകർ താഴെയിറങ്ങാൻ തയ്യാറാവാത്തതിനാൽ പൊലീസ് ബലമായി പിടിച്ച് താഴെയിറക്കുകയും ലാത്തി വീശുകയും ചെയ്തു.

കൊട്ടിക്കയറി കൊട്ടിക്കലാശം

പാർട്ടി ചിഹ്നങ്ങളും പതാകയുമേന്തിയ പ്രവർത്തകർ അലങ്കരിച്ച വാഹനങ്ങളിലായി നിരത്തിലിറങ്ങിയതോടെ തിരഞ്ഞെടുപ്പ് പ്രചാരണം അക്ഷരാർത്ഥത്തിൽ കൊട്ടിക്കയറുകയായിരുന്നു. എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർത്ഥികളും അവരുടെ അണികളും ഒരേ സ്ഥലത്ത് സംഗമിച്ച് കൊണ്ടുള്ള കൊട്ടിക്കലാശം ശബ്ദമുഖരിതമായി. മലപ്പുറം കുന്നുമ്മൽ ടൗണിലാണ് മൂന്ന് മുന്നണികളും ഒത്തുചേർന്നത്. ചെണ്ടമേളവും ബാൻഡ് മേളവും ഓട്ടൻതുള്ളലും കലാശക്കൊട്ടിന്റെ മാറ്റ് കൂട്ടി. ഇത്തവണ മലപ്പുറം മണ്ഡലത്തിൽ പുതുചരിത്രമെഴുതുമെന്ന അവകാശ വാദവുമാണ് ഇടതുമുന്നണി കളം നിറഞ്ഞ് പോരാട്ടം കെങ്കേമമാക്കിയപ്പോൾ മണ്ഡലം നിലനിറുത്തുമെന്ന് പ്രഖ്യാപിക്കുന്ന രീതിയിലുള്ള പാരഡി ഗാനങ്ങളുമായി യു.ഡി.എഫും കളം നിറഞ്ഞു. മോദിയുടെ വികസന നേട്ടങ്ങളെണ്ണി പറഞ്ഞ് ജയം ഉറപ്പെന്ന് പറഞ്ഞ് എൻ.ഡി.എയും ആവേശമായെത്തി.
ചായമിട്ട മുഖങ്ങളാൽ നഗരത്തിൽ ആടിയും പാടിയും അണികൾ കലാശക്കൊട്ട് കൊഴുപ്പിച്ചു. കുട്ടികളും മുതിർന്നവരും ആടിയും പാടിയും പോരാട്ടവീര്യത്തോടെ പങ്കുചേർന്നു. തുറന്ന വാഹനത്തിൽ ജനങ്ങളെ അഭിവാദ്യം ചെയ്താണ് സ്ഥാനാർത്ഥികളെത്തിയത്. എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ കൊടികളാൽ നഗരം നിറഞ്ഞു. ചുവപ്പ് നിറത്തിലും നീല നിറത്തിലുമുള്ള വർണ്ണക്കടലാസുകൾ പാർട്ടി പ്രവർത്തകർ ഇടയ്ക്കിടെ വർഷിച്ച് കൊണ്ടിരുന്നു. എൻ.ഡി.എയുടെ ഓറഞ്ച് ബലൂണുകൾ ഇടയ്ക്കിടെ വാനിലുയർന്ന് പൊങ്ങി. കൃത്യം ആറ് മണിയോടെത്തന്നെ പരസ്യ പ്രചാരണം അവസാനിച്ചു. ഇനി നിശബ്ദ പ്രചാരണവുമായി ഒരുനാൾ കൂടി...

Advertisement
Advertisement