കരുവന്നൂർ തട്ടിപ്പ്; എംഎം വർഗീസിന് വീണ്ടും ഇഡിയുടെ നോട്ടീസ്, ഈ മാസം 29ന് ഹാജരാകാൻ നിർദ്ദേശം

Thursday 25 April 2024 6:31 AM IST

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസിന് നോട്ടീസ് അയച്ച് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). അടുത്ത തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം. മുൻപ് മൂന്ന് തവണ നോട്ടീസ് അയച്ചിരുന്നുവെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണ ചുമതലയുളളതിനാൽ ഹാജരാകാൻ സാധിക്കില്ലെന്നാണ് വർഗീസ് ഇഡിയെ അറിയിച്ചത്. ഇതേതുടർന്നാണ് തിരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് ഹാജരാകാൻ ഇഡി നിർദ്ദേശിച്ചത്.

കരുവന്നൂർ സഹകരണ ബാങ്കിലെ സിപിഎം നിയന്ത്രണത്തിലുള്ള രഹസ്യ അക്കൗണ്ടുകളെക്കുറിച്ചും ബിനാമി വായ്പ നൽകിയതിൽ സിപിഎം നേതാക്കളുടെ ഇടപെടലിനെക്കുറിച്ചറിയാനുമാണ് വർഗീസിനെ ചോദ്യം ചെയ്യുന്നത്. അതേസമയം, കേസിൽ പ്രതികളിൽ നിന്ന് കണ്ടുകെട്ടിയ സ്വത്തും പണവും തട്ടിപ്പിനിരയായ നിക്ഷേപകർക്ക് തിരിച്ചുനൽകാമെന്ന് ഇഡി ഈ മാസം 16ന് അറിയിച്ചിരുന്നു. 54 പ്രതികളിൽ നിന്ന് 108 കോടിയുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്.

തനിക്ക് നഷ്‌ടമായ പണം കണ്ടുകെട്ടിയതിൽ നിന്ന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മഹാദേവൻ എന്ന നിക്ഷേപകൻ കൊച്ചിയിലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ) കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജിയിൽ ഇഡി സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് പണം നൽകാൻ തടസമില്ലെന്ന് അറിയിച്ചത്.മഹാദേവന് 33,27,500 രൂപയുടെ നിക്ഷേപം കരുവന്നൂർ ബാങ്കിലുണ്ട്.

വ്യാജരേഖകൾ ചമച്ചും അനധികൃതമായും പ്രതികൾ ഗൂഢാലോചന നടത്തി 300 കോടിയുടെ തട്ടിപ്പ് കരുവന്നൂർ ബാങ്കിൽ നടത്തിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ. നിക്ഷേപകരിൽ നിന്ന് തട്ടിയെടുത്ത കോടികൾ റിയൽ എസ്റ്റേറ്റ്, ബിസിനസ് മേഖലകളിൽ മുതൽ മുടക്കിയെന്ന് ഇഡിയുടെ സത്യവാങ്മൂലത്തിൽ പറയുന്നു.