ലോക്‌സഭാ തിരഞ്ഞെടുപ്പ്; പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി; സംസ്ഥാനത്തുടനീളമുള്ള കേന്ദ്രങ്ങളിൽ വൻ തിരക്ക്

Thursday 25 April 2024 11:35 AM IST

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ സംസ്ഥാനത്തെ സമ്മതിദായകർ നാളെ ബൂത്തുകളിലേയ്ക്ക് പോകാനിരിക്കെ പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്നുരാവിലെ എട്ടുമണി മുതൽ ആരംഭിച്ചു. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലെത്തിയ ജീവനക്കാർ പോളിംഗ് സാമഗ്രികൾ വാങ്ങി ബൂത്തുകളിലേയ്ക്ക് മടങ്ങി. സ്‌ട്രോംഗ് റൂമുകളിലാണ് വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ചിരുന്നത്.

പോളിംഗ് സാമഗ്രികൾ നൽകുന്ന കേന്ദ്രങ്ങളിൽ രാവിലെ മുതൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. സാമഗ്രികൾ വാങ്ങി കൃത്യമായി പരിശോധിച്ചതിനുശേഷമാണ് ഉദ്യോഗസ്ഥർ മടങ്ങുന്നത്. ഇതിനിടെ ഡ്യൂട്ടിക്ക് ഹാജരാകാതിരുന്നവർക്കെതിരെ നടപടിയും സ്വീകരിച്ചു. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് ഇന്നുകൂടി പോസ്റ്റൽ വോട്ട് ചെയ്യാനുള്ള അവസരമുണ്ട്.

സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർത്ഥികളാണ് പോരാട്ട രംഗത്തുള്ളത്. 25,231 പോളിംഗ് ബൂത്തുകളും 2.77 കോടി വോട്ടർമാരും സംസ്ഥാനത്തുണ്ട്. നാളെ രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. ജൂൺ നാലിനാണ് ഫലപ്രഖ്യാപനം.

തിരഞ്ഞെടുപ്പിന്റെ പോളിംഗ് ശതമാനം ജനങ്ങളെ വേഗത്തിൽ അറിയിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടർ ടേൺഔട്ട് ആപ്പുമുണ്ട്. നിയോജകമണ്ഡലത്തിൽ നിന്നുള്ള പോളിംഗ് ശതമാനം രണ്ടു മണിക്കൂർ ഇടവിട്ട് ഇതിൽ ലഭ്യമാകും. പോളിംഗിന്റെ തൊട്ടടുത്ത ദിവസം ബൂത്ത് തിരിച്ചുള്ള വിവരങ്ങളും ലഭ്യമാകും. പോളിംഗ് സ്റ്റേഷനുകളിലെ നടപടിക്രമങ്ങൾ നിരീക്ഷിക്കുന്നതിനും ഓരോ മണിക്കൂറുകളിലുമുള്ള പോളിംഗ്‌നില ഉദ്യോഗസ്ഥർക്ക് പുതുക്കുന്നതിനുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ പോൾ എന്ന ആപ്ലിക്കേഷനും സജ്ജമാക്കിയിട്ടുണ്ട്. മാനേജർ, പോളിംഗ് ബൂത്തിലെ പ്രിസൈഡിംഗ് ഓഫീസർ, ഫസ്റ്റ് പോളിംഗ് ഓഫീസർ, സെക്ടറൽ ഓഫീസർ, സി.ഇ.ഒ, ആർ.ഒ, എ.ആർ.ഒ എന്നിവർക്ക് ഇത് നിരീക്ഷിക്കാം.

13 തിരിച്ചറിയൽ രേഖ വോട്ട് ചെയ്യാനായി ഉപയോഗിക്കാം

1. ഇലക്ഷൻ ഐഡി

2. ആധാർ കാർഡ്

3. പാൻ കാർഡ്

4. യൂണിക് ഡിസ്എബിലിറ്റി ഐഡി (യു.ഡി.ഐ.ഡി) കാർഡ്

5. സർവീസ് ഐഡന്റിറ്റി കാർഡ്

6. ഫോട്ടോ പതിപ്പിച്ച ബാങ്ക്‌പോസ്റ്റ് ഓഫീസ് പാസ്ബുക്ക്

7. തൊഴിൽ മന്ത്രാലയത്തിന്റെ ഹെൽത്ത് ഇൻഷ്വറൻസ് സ്മാർട്ട് കാർ

8. ഡ്രൈവിംഗ് ലൈസൻസ്

9. പാസ്‌പോർട്ട്

10. എൻ.പി.ആർ.സ്‌കീമിന് കീഴിൽ ആർ.ജി.ഐ നൽകിയ സ്മാർട്ട് കാർഡ്

11. പെൻഷൻരേഖ

12. എം.പി./എം.എൽ.എ./എം.എൽ.സിക്ക് നൽകിയിട്ടുള്ള ഔദ്യോഗിക തിരിച്ചറിയൽകാർഡ്

13. ദേശീയ തൊഴിലുറപ്പ് പദ്ധതി തിരിച്ചറിയൽ കാർഡ്