മാസപ്പടി: മുഖ്യമന്ത്രിക്കെതിരെ തെളിവില്ലെന്ന് വിജിലൻസ്
കുഴൽനാടന്റെ ഹർജിയിൽ വിധി മേയ് മൂന്നിന്
തിരുവനന്തപുരം: മാസപ്പടിക്കേസിൽ മാത്യുകുഴൽനാടൻ എം.എൽ.എ കോടതിയിൽ ഹാജരാക്കിയ മൂന്ന് രേഖകളിലും മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവില്ലെന്ന് വിജിലൻസ്. സി.എം.ആർ.എൽ കമ്പനിക്ക് മുഖ്യമന്ത്രി വഴിവിട്ട സഹായം നൽകിയെന്നായിരുന്നു ആരോപണം. ഇതിന് തെളിവില്ലെന്ന് വിജിലൻസ് പ്രോസിക്യൂട്ടർ കോടതിയെ ധരിപ്പിച്ചു.
മുഖ്യമന്ത്രിക്കും മകൾക്കുമെതിരേ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ തിരുവനന്തപുരം വിജിലൻസ് കോടതി ജഡ്ജി എം.വി രാജകുമാര മേയ് മൂന്നിന് വിധി പറയും.
തോട്ടപ്പള്ളി സ്പിൽവേയിൽ നിന്ന് എക്കലും മണ്ണും മൂന്നു ദിവസത്തിനകം നീക്കണമെന്ന ജില്ലാകളക്ടറുടെ കത്ത്, കെ.എം.ആർ.എല്ലിന്റെ പക്കലുള്ള അധിക ഭൂമിക്ക് ഇളവനുവദിക്കണമെന്ന അപേക്ഷ സർക്കാർ തള്ളിയതിനെതിരായ ഹൈക്കോടതി ഉത്തരവ്, ഇതിന്റെ അടിസ്ഥാനത്തിൽ വിശദപരിശോധന നിർദ്ദേശിച്ചുള്ള സർക്കാർ കുറിപ്പ് എന്നിവയാണ് കുഴൽനാടൻ ഇന്നലെ കോടതിയിൽ ഹാജരാക്കിയത്.
സി.എം.ആർ.എല്ലിന്റെ അപേക്ഷ തള്ളിയ സർക്കാർ ഉത്തരവ് വിജിലൻസും ഹാജരാക്കി. ഈ സ്ഥിതിക്ക് മുഖ്യമന്ത്രി എന്ത് സഹായമാണ് സി.എം.ആർ.എല്ലിന് നൽകിയതെന്ന കോടതിയുടെ ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ കുഴൽനാടനായില്ല. ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നും അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരില്ലെന്നുമുള്ള മുൻനിലപാട് വിജിലൻസ് ആവർത്തിച്ചു. വിജിലൻസിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ആർ.എൽ. രഞ്ജിത് കുമാർ ഹാജരായി.