നിമിഷപ്രിയയുടെ മോചനം: ചർച്ചയ്ക്ക് ശ്രമം തുടരുന്നു

Friday 26 April 2024 4:54 AM IST

കൊച്ചി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ശനിയാഴ്ചയ്ക്കു ശേഷം മാത്രമേ പുരോഗതിയുണ്ടാകൂവെന്ന് മോചനത്തിനായി ശ്രമിക്കുന്ന തമിഴ്നാട് സ്വദേശി സാമുവൽ ജെറോം അറിയിച്ചു. വ്യാഴവും വെള്ളിയും യെമനിൽ വാരാന്ത്യ അവധിയാണ്. ബുധനാഴ്ച യെമനി തലസ്ഥാനമായ സനയിലെ ജയിലിൽ അമ്മ പ്രേമകുമാരിക്കൊപ്പം സാമുവലും നിമിഷയെ സന്ദർശിച്ചിരുന്നു.

യെമൻ പൗരൻ തലാൽ അബ്ദു മഹ്ദി കൊല്ലപ്പെട്ട കേസിലാണ് നിമിഷപ്രിയ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. ജയിൽമോചിതയാകണമെങ്കിൽ യെമനിലെ ഗോത്ര ആചാര പ്രകാരം ഗോത്രവും കുടുംബവും മാപ്പു നൽകണം. തലാലിന്റെ ഗോത്ര നേതാക്കളുമായി ചർച്ചകൾ തുടരുകയാണ്. ഇവരുടെ അംഗീകാരം ലഭിച്ചശേഷം തലാലിന്റെ കുടുംബത്തോട് മാപ്പപേക്ഷിക്കും. പ്രേമകുമാരിയും കുടുംബത്തെ നേരിൽ കാണും.

അതിനുള്ള ശ്രമങ്ങളും സ്വാധീനമുള്ളവരുടെ ഇടപെടലുകളും തുടരുകയാണ്. നേരിട്ട് തലാലിന്റെ കുടുംബവുമായി ബന്ധപ്പെടുക എളുപ്പമല്ലെന്നും ചിലപ്പോൾ അത് ദൗത്യത്തെ ദോഷകരമായി ബാധിക്കാൻ സാദ്ധ്യതയുണ്ടെന്നും സാമുവൽ പറഞ്ഞു.