കാരുണ്യ-സ്വകാര്യ ആശുപത്രികളെ അനുനയിപ്പിച്ച് സർക്കാർ : പണം ഗഡുക്കളായി നൽകും: ചികിത്സാ നിരക്ക് ഉയർത്തും

Friday 26 April 2024 12:00 AM IST

തിരുവനന്തപുരം : കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലെ കുടിശിക 500 കോടി കവിഞ്ഞതോടെ സൂചനാ സമരവുമായി രംഗത്തിറങ്ങിയ സ്വകാര്യ ആശുപത്രി ഉടമകളെ അനുനയിപ്പിച്ച് സർക്കാർ. തിരഞ്ഞെടുപ്പിന് മണിക്കൂറുകൾക്ക് മുമ്പ് പ്രശ്നത്തിന് താത്കാലിക പരിഹാരം കണ്ടു.. അത്യാഹിത വിഭാഗങ്ങളിൽ ഒഴികെ കാരുണ്യയുടെ സേവനം നിറുത്തിവച്ചുള്ള സൂചനാ സമരത്തിൽ നിന്ന് ആശുപത്രി ഉടമകൾ പിൻമാറി.

കുടിശികയുള്ള പണം ഗഡുക്കളായി നൽകാമെന്നും ,ഓരോ ഗഡുവും വിതരണം ചെയ്യുന്ന സമയം നിശ്ചയിക്കാമെന്നും ഉറപ്പു നൽകി. കാരുണ്യ പദ്ധതിയിലെ ചികിത്സാ നിരക്ക് ഉയർത്തുന്ന പരിഗണിക്കാമെന്നും കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടി മുഹമ്മദ് ഹനീഷിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ കേരള പ്രൈവറ്റ് ഹോസ്‌പിറ്റൽസ് അസോസിയേഷൻ ഭാരവാഹികൾക്ക് ഉറപ്പു നൽകി. ധനകാര്യ,ആരോഗ്യ വകുപ്പ് മന്ത്രിമാരുടെ സമയം നിശ്ചയിച്ച് 29ന് ശേഷം യോഗം ചേർന്ന് ഇക്കാര്യങ്ങളിൽ വ്യക്തവരുത്താമെന്ന ധാരണയിൽ യോഗം പിരിഞ്ഞു.

തിങ്കളാഴ്ച മുതലാണ് സ്വകാര്യ ഉടമകൾ സമര രംഗത്തിറങ്ങിയത്. 411 ആശുപത്രികൾക്കാണ് തുക നൽകാനുള്ളത്. സംസ്ഥാനത്തെ 42 ലക്ഷത്തോളം പാവപ്പെട്ട കുടുംബങ്ങളുടെ ആശ്രയമാണ് കാരുണ്യ പദ്ധതി. 64 ലക്ഷത്തിലധികം ഗുണഭോക്താക്കളുണ്ടെന്നാണ് കണക്ക്. പലരും സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. മന്ത്രിമാരുടെ സാന്നിദ്ധ്യത്തിൽ നടക്കുന്ന ചർച്ചയിൽ തീരുമാനമായില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ടു നീങ്ങാനാണ് ആശുപത്രി ഉടമകളുടെ തീരുമാനം.

ദിനംപ്രതി

കുറയുന്നു

411 ആശുപത്രികളുണ്ടായിരുന്ന പദ്ധതിയിൽ കുടിശിക കൂടിയതോടെ 350 ആശുപത്രികൾ മാത്രമാണ് ഇപ്പോൾ സേവനം നൽകുന്നത്. പ്രതിസന്ധി രൂക്ഷമായതോടെയാണ് ഓരോ ആശുപത്രികളും സേവനം അവസാനിപ്പിച്ചത്. .

ആവശ്യങ്ങളോട് അനുകൂലമായി സർക്കാർ പ്രതികരിച്ചതിനാലാണ് സൂചനാ സമരത്തിൽ നിന്ന് പിൻമാറിയത്. മന്ത്രിമാരുമായുള്ള ചർച്ചയിൽ പ്രശ്നപരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷ.

-ഹുസൈൻ കോയ തങ്ങൾ

പ്രസിഡന്റ്,

കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോ.,.

Advertisement
Advertisement