പകവീട്ടി ആർ.സി.ബി
ആർ.സി.ബി 206/7
സൺറൈസേഴ്സ് 171/8
സൺറൈസേഴ്സ് ഹൈദരാബാദിനെ 35 റൺസിന് തോൽപ്പിച്ച് ആർ.സി.ബി
ഹൈദരാബാദ് : ഈ സീസണിൽ ആദ്യം ഏറ്റുമുട്ടിയപ്പോൾ 25 റൺസിന് തങ്ങളെ തോൽപ്പിച്ചിരുന്ന സൺറൈസേഴ്സ് ഹൈദരാബാദിനെ രണ്ടാം പോരാട്ടത്തിൽ 35 റൺസിന് കീഴടക്കി പകരം ചോദിച്ച് ആർ.സി.ബി. ഇന്നലെ ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ആർ.സി.ബി നിശ്ചിത 20 ഓവറിൽ ഏഴുവിക്കറ്റ് നഷ്‌ടത്തിൽ 206 റൺസടിച്ച ശേഷം സൺറൈസേഴ്സിനെ 171/8ൽ ഒതുക്കുകയായിരുന്നു. ഈ സീസണിലെ ആർ.സി.ബിയുടെ രണ്ടാമത്തെ വിജയമാണിത്. എങ്കിലും നാലു പോയിന്റുമായി പട്ടികയിൽ അവസാന സ്ഥാനത്താണ് ആർ.സി.ബി. എട്ടുകളികളിൽ മൂന്നാം തോൽവി വഴങ്ങിയ സൺറൈസേഴ്സ് 10 പോയിന്റുമായി മൂന്നാം സ്ഥാനത്ത് തുടരുന്നു
അർദ്ധസെഞ്ച്വറികൾ നേടിയ വിരാട് കൊഹലി (51), രജത് പാട്ടീദാർ (50), പുറത്താകാതെ 37 റൺസ് നേടിയ കാമറൂൺ ഗ്രീൻ, 25 റൺസടിച്ച ഫാഫ് ഡുപ്ളെസി എന്നിവരാണ് ആർ.സി.ബിയെ 200 കടത്തിയത്. വിരാടും ഡുപ്ളെസിയും ചേർന്ന് ഓപ്പണിംഗിൽ 3.5 ഓവറിൽ 48 റൺസടിച്ചിരുന്നു. 12 പന്തുകളിൽ മൂന്ന് ഫോറും ഒരു സിക്സുമടക്കം 25 റൺസ് നേടിയ ഡുപ്ളെസിയെ നടരാജനാണ് മടക്കി അയച്ചത്. പകരമിറങ്ങിയ വിൽജാക്സിനെ (6) ഏഴാം ഓവറിൽ മാർഖണ്ഡെ മടക്കി അയച്ചെങ്കിലും നാലാം വിക്കറ്റിൽ വിരാടും രജതും ചേർന്ന് കൂട്ടിച്ചേർത്ത 65 റൺസ് കരുത്തായി.20 പന്തുകളിൽ അഞ്ച് സിക്സും രണ്ട് ഫോറുമടക്കം അർദ്ധസെഞ്ച്വറിയിലെത്തിയ പാട്ടീദാറിനെ 13-ാം ഓവറിലും 43 പന്തുകളിൽ നാലു ഫോറും ഒരു സിക്സും പായിച്ച വിരാട് 15-ാം ഓവറിലും ജയ്‌ദേവ് ഉനദ്കദ് പുറത്താക്കി. തുടർന്ന് ഗ്രീൻ ഒരറ്റത്ത് പൊരുതവേ മഹിപാൽ ലോമോർ(7),ദിനേഷ് കാർത്തിക്(11), സ്വപ്നിൽ സിംഗ് (12)എന്നിവർ പുറത്തായി.
മറുപടിക്കിറങ്ങിയ സൺറൈസേഴ്സിനെ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തിയ സ്വപ്നിൽ സിംഗ്,കരൺ ശർമ്മ,കാമറൂൺ ഗ്രീൻ, ഓരോവിക്കറ്റ് വീഴ്ത്തിയ യഷ് ദയാൽ ,വിൽ ജാക്സ് എന്നിവർ ചേർന്നാണ് തകർത്തത്.ഓപ്പണർ അഭിഷേക് ശർമ്മ(31),ആറാമനായിറങ്ങിയ ഷഹബാസ് (40*),
എട്ടാമനായിറങ്ങിയ കമ്മിൻസ് (31) എന്നിവർ പൊരുതിനോക്കിയെങ്കിലും ഫലമുണ്ടായില്ല. ട്രാവിസ് ഹെഡ് (1), എയ്ഡൻ മാർക്രം (7),നിതീഷ് കുമാർ(13), ഹെൻറിച്ച് ക്ളാസൻ(7) എന്നിവരുടെ പുറത്താകലാണ് സൺറൈസേഴ്സിനെ തളർത്തിയത്.
ഇന്നത്തെ മത്സരം
കൊൽക്കത്ത Vs പഞ്ചാബ്
7.30 pm മുതൽ