കേരളം വിധിയെഴുതുന്നു; വോട്ടെടുപ്പ് ആരംഭിച്ചു, പലയിടങ്ങളിലും വോട്ടർമാരുടെ നീണ്ടനിര
തിരുവനന്തപുരം: സംസ്ഥാനത്ത് ഇരുപത് മണ്ഡലങ്ങളിലും വോട്ടെടുപ്പ് ആരംഭിച്ചു. വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. 194 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. പലയിടങ്ങളിലും വോട്ടർമാരുടെ നീണ്ടനിരയാണ്. മിക്കയിടങ്ങളിലെ സ്ഥാനാർത്ഥികളും നേതാക്കളും രാവിലെ തന്നെ വോട്ട് ചെയ്യാനെത്തിയിട്ടുണ്ട്.
ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, തൃശൂരിലെ എൻ ഡി എ സ്ഥാനാർത്ഥി സുരേഷ് ഗോപി, വടകരയിലെ യു ഡി എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ, പത്തനംതിട്ടയിലെ എൽ ഡി എഫ് സ്ഥാനാർത്ഥി തോമസ് ഐസക്ക്, എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ അടക്കമുള്ളവർ പോളിംഗ് ബൂത്തിലെത്തി.
വി ഡി സതീശന് എറണാകുളത്താണ് വോട്ട്. 'എല്ലാവരും പോളിംഗ് ബൂത്തിൽ പോയി വോട്ട് ചെയ്യണമെന്നാണ് എനിക്ക് കേരളത്തിലെ വോട്ടർമാരോട് അഭ്യർത്ഥിക്കാനുള്ളത്. ഇതൊരു പ്രധാനപ്പെട്ട തിരഞ്ഞെടുപ്പാണ്. നമ്മുടെ രാജ്യം ജീവിക്കണോ, മരിക്കണോ എന്ന ചോദ്യം ഉയരുന്ന തിരഞ്ഞെടുപ്പാണ്.'- അദ്ദേഹം പറഞ്ഞു.
കേരളം വോട്ടർമാർ : 277 49,159 സ്ത്രീകൾ : 143 33 499 പുരുഷൻമാർ : 134 15 293 ഭിന്നലിംഗക്കാർ : 367 ഭിന്നശേഷിക്കാർ : 264232 85കഴിഞ്ഞവർ : 246959 100കഴിഞ്ഞവർ : 2891 കന്നിവോട്ടർമാർ : 534394 പ്രവാസികൾ : 89839 സർവീസ് വോട്ടർമാർ : 57493