വിധി മലയാളിയായ 50കാരിയുടെ കേസിൽ, സ്ത്രീധനത്തിൽ ഭർത്താവിന് അവകാശമില്ല : സുപ്രീംകോടതി

Saturday 27 April 2024 12:00 AM IST

ന്യൂഡൽഹി : സ്ത്രീധനം ഭാര്യയുടേത് മാത്രമാണെന്നും, ഭർത്താവിന് അതിൽ യാതൊരു അവകാശവും ഇല്ലെന്നും സുപ്രീംകോടതി. ഭർത്താവ് കൈക്കലാക്കിയ 89 പവൻ തിരികെ ആവശ്യപ്പെട്ട് മലയാളിയായ 50കാരി നൽകിയ ഹർജിയിലാണിത്. ഭർത്താവ് 25 ലക്ഷം രൂപ ഭാര്യയ്ക്ക് നൽകാനും ഉത്തരവിട്ടു.

സ്ത്രീധനം ഭാര്യയുടെ മാത്രം സ്വത്താണ്. ബുദ്ധിമുട്ടുള്ളപ്പോൾ ഭർത്താവിന് ഇത് ഉപയോഗിക്കാം. അത് തിരികെ നൽകാനും, അല്ലെങ്കിൽ തുല്യതുക നൽകാനും ഭർത്താവിന് ധാർമ്മികമായി ഉത്തരവാദിത്തമുണ്ടെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും, ദീപാങ്കർ ദത്തയും ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി. 1997ലെ രശ്മി കുമാർ കേസിലും സുപ്രീംകോടതി സമാന ഉത്തരവ് നൽകിയിരുന്നു.

 2009ൽ തുടങ്ങിയ പോരാട്ടം

2003ലിനായിരുന്നു കക്ഷികളുടെ വിവാഹം. 89 പവനും രണ്ടുലക്ഷം രൂപയുമാണ് സ്ത്രീധനം നൽകിയത്. സുരക്ഷിതമായി വ‌യ്‌ക്കാനെന്ന് പറഞ്ഞ് ആദ്യരാത്രിയിൽ തന്നെ മുഴുവൻ ആഭരണവും ഭർത്താവ് കൈക്കലാക്കി സ്വന്തം വീട്ടുകാരെ ഏൽപ്പിച്ചു. വിവാഹത്തിന് മുൻപുള്ള ബാദ്ധ്യതകൾ തീർക്കാൻ ഇവ മുഴുവനും അന്യാധീനപ്പെടുത്തിയെന്നാണ് പരാതി. സ്വർണവും പണവും തിരികെ ചോദിച്ച് 2009ൽ കുടുംബകോടതിയെ സമീപിച്ചു. 89 പവന് പകരമായി 8,90,000 രൂപയും രണ്ടുലക്ഷം രൂപ ആറുശതമാനം പലിശയോടെയും തിരിച്ചുകൊടുക്കാൻ കുടുംബകോടതി ഉത്തരവിട്ടു. വിവാഹമോചനവും അനുവദിച്ചു. 2011ലായിരുന്നു വിധി. ഇതിനെതിരെ ഭർത്താവ് കേരള ഹൈക്കോടതിയെ സമീപിച്ചു. വിവാഹമോചനത്തെ എതിർത്തില്ല. സ്ത്രീധനം തിരികെ കൊടുക്കണമെന്ന ഉത്തരവിനെയാണ് ചോദ്യം ചെയ്തത്.

രണ്ടുലക്ഷം പലിശ സഹിതം തിരിച്ചുകൊടുക്കണമെന്ന കീഴ്ക്കോടതി ഉത്തരവ് ഹൈക്കോടതി ശരിവച്ചെങ്കിലും, സ്വർണത്തിന്റെ കാര്യത്തിൽ പ്രതികൂല നിലപാട് സ്വീകരിച്ചു. സ്വർണം ഭർത്താവ് ഊരിവാങ്ങിയതിന് തെളിവില്ലെന്നായിരുന്നു കണ്ടെത്തൽ. ഇതിനെതിരെയാണ് ഭാര്യ സുപ്രീംകോടതിയെ സമീപിച്ചത്. ഭർത്താവിനെതിരെ സിവിൽ കേസാണ് യുവതി നൽകിയത്. അതിനാൽ സംശയാതീതമായി തെളിയിക്കേണ്ട കാര്യമില്ല, സംഭവം നടക്കാനുള്ള സാദ്ധ്യത നോക്കിയാൽ മതിയെന്നും സുപ്രീകോടതി നിരീക്ഷിച്ചു.

സ്ത്രീധനം ഭാര്യയുടെയും ഭർത്താവിന്റെയും സംയുക്ത സ്വത്തല്ല. സ്ത്രീധനമായി നൽകുന്ന സ്വത്തിൽ ഭർത്താവിന് സ്വതന്ത്ര ആധിപത്യമില്ല. സ്ത്രീക്ക് വിവാഹത്തിന് മുൻപോ ശേഷമോ നൽകുന്നതെല്ലാം സ്ത്രീധനമാണ്

--സുപ്രീംകോടതി

Advertisement
Advertisement