 രാവിലെ പോളിംഗ് കുതിച്ചു ചൂടിൽ ജനം നേരത്തെ എത്തി; യന്ത്രം വലച്ചു !

Saturday 27 April 2024 12:21 AM IST

കൊച്ചി: 'കൃത്യം ഏഴിന് വോട്ട് ചെയ്യണം. സമയം തെറ്റാതെ ഓഫീസെത്തണം' കടവാത്തുരുത്ത് എൽ.പി സ്കൂൾ പോളിംഗ് സ്റ്റേഷനിലെ ആദ്യ നിരയിൽ ഇടം പിടിക്കുമ്പോൾ പറവൂർ ഗോതുരുത്ത് സ്വദേശി മനു എല്ലാം മുമ്പേ കണക്കുകൂട്ടിയിരുന്നു. പക്ഷേ വോട്ട് ചെയ്ത് പോളിംഗ് സ്റ്റേഷനിൽ നിന്ന് മടങ്ങുമ്പോൾ സമയം ഒമ്പതര ! പൊള്ളുന്ന ചൂടിൽ നിന്ന് രക്ഷപ്പെടാൻ ആളുകൾ രാവിലെ തന്നെ പോളിംഗ് സ്റ്റേഷനിലേക്ക് എത്തി. എന്നാൽ വോട്ട് രേഖപ്പെടുത്താൻ കൂടുതൽ സമയമെടുത്തത് മനുവിനെ പോലെ ആയിരങ്ങളെ വലച്ചു.

എറണാകുളം, ചാലക്കുടി, കോട്ടയം, ഇടുക്കി ലോക്‌സഭാ മണ്ഡലങ്ങൾ പങ്കിടുന്ന ജില്ലയിലെ പോളിംഗ് സ്‌റ്റേഷനുകളിലെല്ലാം രാവിലെ കനത്തപോളിംഗാണ് രേഖപ്പെടുത്തിയത്. ''ചൂടെടുത്ത് ഒരു രക്ഷയുമില്ല. ഉച്ചയ്ക്ക് പുറത്തിറങ്ങാനെ പറ്റില്ല. അതുകൊണ്ടാണ് രാവിലെ തന്നെ വോട്ട് ചെയ്യാനെത്തിയത്'' വൈപ്പിൻ സ്വദേശി രാധയുടെ വാക്കുകളിലുണ്ടെല്ലാം.

 ആദ്യ മണിക്കൂറിൽ കുന്നത്തുനാട് മുന്നിൽ

ആദ്യ മണിക്കൂറിലെ പോളിംഗ് ശതമാനത്തിൽ ജില്ലയിൽ കുന്നത്തുനാട്ടുകാർ മുന്നിലെത്തി. ചാലക്കുടി മണ്ഡലത്തിൽപ്പെടുന്ന കുന്നത്തുനാട്ടിൽ 6.79 ശതമാനം വോട്ടും എട്ടുമണിയോടെ പെട്ടിയിലായി. പെരുമ്പാവൂർ, ആലുവ, അങ്കമാലി എന്നിവിടങ്ങളിലും ആറ് ശതമാനത്തിലധികം വോട്ട് ആദ്യ മണിക്കൂറിൽ രേഖപ്പെടുത്തി. എറണാകുളം മണ്ഡലത്തിൽ പറവൂരിലായിരുന്നു കൂടുതൽ വോട്ടിംഗ് ശതമാനം. 6.15.

ഉച്ചയ്ക്ക് 12ഓടെ ചാലക്കുടി മണ്ഡലത്തിൽ 32.23 ശതമാനവും എറണാകുളത്ത് 30.41 ശതമാനവും പിറവം മണ്ഡലമുൾപ്പെടുന്ന കോട്ടയത്ത് 32.85 ശതമാനം. 33.43 ശതമാനമായിരുന്നു കോതമംഗലം, മൂവാറ്റുപുഴ ഉൾപ്പെടുന്ന ഇടുക്കി മണ്ഡലത്തിൽ.

 ഇ.വി.എമ്മിൽ പണികിട്ടി

സമയത്തെത്തിയവരെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനും കുഴപ്പിച്ചു. ഇ.വി.എമ്മിൽ വോട്ട് രേഖപ്പെടുത്തി ബീപ്പ് ശബ്ദം കേൾക്കാൻ സമയം എടുത്തതോടെ ക്യൂ നീണ്ടു. '' നേരത്തെ എത്തിയതാണ്. ചൂടും പിന്നെ സമയം എടുത്തതും വോട്ട് ചെയ്യാൻ അല്പം വൈകിയതും പ്രശ്നമായി. എന്തായാലും വോട്ട് ചെയ്ത്. അതുമതി'' ആലുവ കുഴിക്കാട്ടുകര കെ.എം.ജെ പബ്ലിക് സ്‌കൂളിൽ സമ്മതിദാനാവകാശം വിനിയോഗിച്ച് ഐഷുമ്മ പറഞ്ഞു.

കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ബട്ടൺ അമർത്തിയാലുടൻ തന്നെ ബീപ്പ് ശബ്ദം കേട്ടിരുന്നു. വി.വി.പാറ്റ് സ്ലിപ്പുകളും വേഗത്തിൽ വീണിരുന്നു. ഇക്കുറി വോട്ട് ചെയ്ത് വി.വി പാറ്റ് വരാനും സമയമെടുത്തു. ഇതും കഴിഞ്ഞായിരുന്നു ബീപ്പ് ശബ്ദം. വൈകിട്ടോടെ പോളിംഗ് സ്‌റ്റേഷനുകളിലേക്ക് കൂടുതൽ വോട്ടർമാരെത്തി. പലയിടത്തും ക്യൂ പോളിംഗ് സ്‌റ്റേഷനും കടന്നു.

Advertisement
Advertisement