വോട്ടിംഗ് മെഷീനുകൾ തകരാറിലായി;  പലയിടത്തും വോട്ടെടുപ്പ് വൈകി

Saturday 27 April 2024 12:12 AM IST

കൊല്ലം: ഇന്നലെ നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പിൽ പല പോളിംഗ് ബൂത്തുകളിലും വോട്ടിംഗ് മെഷീനുകൾ പണിമുടക്കി. 2000ത്തോളം മെഷീനുകളാണ് വോട്ടെടുപ്പിനായി സജ്ജമാക്കിയിരുന്നത്. വോട്ടെടുപ്പ് ആരംഭിച്ച് ആദ്യമണിക്കൂറുകളിൽ തന്നെ വോട്ടിംഗ് മെഷീനുകൾ മിഴി അടച്ചതോടെ പോളിംഗ് ഉദ്യോഗസ്ഥരും വോട്ടർമാരും ഒരുപോലെ വലഞ്ഞു. ശാസ്താംകോട്ട മൈനാഗപ്പള്ളിയിലെ വേങ്ങ ബൂത്തിൽ പോളിംഗ് നടക്കുന്നതിനിടെ വോട്ടിംഗ് മെഷീൻ തകരാറിലായി.

പകരമെത്തിച്ച മെഷീനിലും തകരാർ കണ്ടെത്തിയതോടെ പുതിയ മെഷീൻ എത്തിക്കും വരെ കാത്തിരിക്കേണ്ട അവസ്ഥയിലായി. പിന്നീട് പുതിയ മെഷീൻ എത്തിച്ച് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് വോട്ടെടുപ്പ് പുനരാരംഭിച്ചത്. തൃക്കരുവ ഇഞ്ചവിള ഗവ. എൽ.പി. സ്‌കൂളിലെ ബൂത്തിൽ വോട്ടിംഗ് മെഷീൻ തകരാറിലായി. പകരം മെഷീൻവച്ച് വോട്ടെടുപ്പ് നടത്തിയപ്പോഴേക്ക് ഒരുമണിക്കൂർ വൈകി. തൃക്കടവൂർ കുരീപ്പുഴ യു.പി സ്‌ക്കൂളിലെയും ചാത്തന്നൂർ ജി.വിഎച്ച്.എസ്.എസിലെ 50-ാം നമ്പർ ബൂത്തിലും വോട്ടിംഗ് മെഷീൻ തകരാറിലായി. രണ്ടിടത്തും അര മണിക്കൂറെടുത്താണ് തകരാർ പരിഹരിച്ചത്.

തേവലക്കര പാലയ്ക്കൽ 77-ാം നമ്പർ ബൂത്തിൽ വി.വി പാറ്റ് തകരാറിലായി. സി.കെ.പി എൽ.പി സ്‌കൂളിലെ വോട്ടിംഗ് മെഷീനിൽ വോട്ട് ചെയ്ത ശേഷം ബീപ്പ് ശബ്ദം കേൾക്കുന്നതിന് കാലതാമസം നേരിടുന്നത് പരാതിക്കിടയാക്കി. തെക്കുംഭാഗത്തെ പോളിംഗ് ബൂത്തിൽ രണ്ട് തവണ മെഷീൻ തകരാറിലായി. പുതിയതെത്തിച്ച് പ്രശ്‌നം പരിഹരിച്ചു. മാവേലിക്കര മണ്ഡലത്തിലെ കൊട്ടാരക്കര പുലമൺ ഇളമാട് ഗവ. യു.പി.എസിൽ വോട്ടിംഗ് മെഷീൻ തകരാറിലായത് കുറച്ച് നേരത്തേക്ക് വോട്ടിംഗ് തടസപ്പെട്ടു. ആലപ്പുഴ മണ്ഡലത്തിലെ കരുനാഗപ്പള്ളി പുന്നക്കുളം സംസ്‌കൃത യു.പി സ്‌കൂളിലും വോട്ടിംഗ് മെഷീൻ പണിമുടക്കി.

കിഴക്കേ കല്ലട ഉപ്പൂട് ബൂത്ത് നമ്പർ 162, ഇളമ്പള്ളൂർ ആലുംമൂട് ബൂത്ത് നമ്പർ 87, കൊറ്റങ്കര പേരൂർ ബൂത്ത് നമ്പർ 100 എന്നിവിടങ്ങളിൽ ഒരു മണിക്കൂറോളം വോട്ടിംഗ് നിലച്ചു. തുടർന്ന് മെഷീൻ മാറ്റിവച്ച ശേഷമാണ് ആരംഭിച്ചത്. ഇളമ്പള്ളൂർ ആലുംമൂട്, കൊറ്റങ്കര പേരൂർ, അഞ്ചാലുംമൂട് ഇഞ്ചവിള എന്നിവിടങ്ങളിലും യന്ത്രത്തകരാർ കാരണം വോട്ടിംഗ് വൈകി.
മൺറോതുരുത്ത് കാരൂത്ര സ്‌കൂളിലെ 153ാം നമ്പർ ബൂത്തിലെ സെക്കൻഡ് പോളിംഗ് ഓഫീസർ ഷിഫ കുഴഞ്ഞുവീണു. പകൽ ഒന്നരയോടെയാണ് സംഭവം. ഇവരെ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തെ തുടർന്ന് പോളിംഗ് അരമണിക്കൂർ തടസപ്പെട്ടു. ഇതേ സ്‌കൂളിലെ 152-ാം ബൂത്തിൽ വോട്ടിംഗ് യന്ത്രം തകരാറിലായതിനെ തുടർന്ന് ഒന്നരമണിക്കൂർ തടസപ്പെട്ടു.
വോട്ടിംഗ് മെഷീൻ പലയിടത്തും തകരാറിലായതോടെ തിരക്കേറിയ ബൂത്തുകളിൽ ചിലതിൽ ആറ് മണി കഴിഞ്ഞും പോളിംഗ് നടത്തേണ്ടി വന്നു.

Advertisement
Advertisement