ചൂടിൽ ഉരുകി കേരളം, പാലക്കാട് ഉഷ്ണതരംഗം സ്ഥിരീകരിച്ചു,​ കൊല്ലം,തൃശൂർ ജില്ലകളിൽ മുന്നറിയിപ്പ്

Saturday 27 April 2024 4:12 AM IST

തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പ് സംസ്ഥാനത്ത് ആദ്യമായി പാലക്കാട്‌ ജില്ലയിൽ ഉഷ്ണതരംഗം സ്ഥിരീകരിച്ചു.അഞ്ച് ദിവസമായി സാധാരണ താപനിലയിൽ നിന്ന് അഞ്ച് ഡിഗ്രി കൂടുതലാണ് പാലക്കാട് രേഖപ്പെടുത്തുന്നത്. 2016ൽ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരുന്നെങ്കിലും സ്ഥിരീകരിച്ചിരുന്നില്ല.

28 വരെ കൊല്ലം,തൃശൂർ ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്ര ചൂട് രേഖപ്പെടുത്തിയതിന്റെയും അടുത്ത ദിവസങ്ങളിലും 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണിത്. ഉഷ്ണതരംഗത്തിൽ സൂര്യാഘാതവും സൂര്യാതപവും ഏൽക്കാൻ സാദ്ധ്യതയേറെയാണ്.കടുത്ത സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാം.രാവിലെ 11 മുതൽ വൈകിട്ട് മൂന്ന് വരെ സൂര്യപ്രകാശം നേരിട്ട് ശരീരത്തിൽ ഏൽക്കരുതെന്നും നിർദ്ദേശമുണ്ട്.

നാല് ദിവസം ഉയർന്ന ചൂട്

പാലക്കാട്ട് 41 ഡിഗ്രി

കൊല്ലത്ത് 40 ഡിഗ്രി

തൃശൂർ 39 ഡിഗ്രി

പത്തനംതിട്ട, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 38 ഡിഗ്രി

ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കാസർകോട് ജില്ലകളിൽ 37 ഡിഗ്രി

തിരുവനന്തപുരം 36 ഡിഗ്രി

വയനാട്,ഇടുക്കി,കോട്ടയം - 33 ഡിഗ്രി

പോളിംഗ് ദിനത്തിലും ചുട്ടുപൊള്ളി

പോളിംഗ് ദിനമായ ഇന്നലെ സാധാരണയിൽ നിന്ന് രണ്ട് മുതൽ നാല് ഡിഗ്രി വരെ കൂടുതലായിരുന്നു താപനില. പാലക്കാട് ജില്ലയിലാണ് ഏറ്രവും അധികം ചൂട് രേഖപ്പെടുത്തിയത്- 41.4 ഡിഗ്രി.രണ്ടാം സ്ഥാനത്ത് പുനലൂരാണ്-38.5. തൃശ്ശൂരിൽ 38.

ഉയർന്ന തിരമാല സാദ്ധ്യത

ഇന്ത്യൻ മഹാസമുദ്രത്തിലെ ശക്തമായ കാറ്റിനെ തുടർന്ന് തിരമാലകൾ വൻതിരകളായി മാറുന്ന കള്ളക്കടൽ പ്രതിഭാസമുണ്ടാകുന്നതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

നേരിയ മഴ

30 വരെ തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,കോട്ടയം,ഇടുക്കി,തൃശൂർ ജില്ലകളിൽ നേരിയ മഴ ലഭിക്കും.

Advertisement
Advertisement