വോട്ടെടുപ്പിനിടെ 10പേർ കുഴഞ്ഞുവീണ് മരിച്ചു

Saturday 27 April 2024 1:52 AM IST

തിരുവനന്തപുരം: വോട്ടെടുപ്പിനിടെ വിവിധ ജില്ലകളിൽ ബൂത്ത് ഏജന്റ് ഉൾപ്പെടെ പത്തുപേർ കുഴഞ്ഞു വീണ് മരിച്ചു. മലപ്പുറം, ആലപ്പുഴ, കോഴിക്കോട്, ഇടുക്കി, പാലക്കാട്, തൃശൂർ ജില്ലകളിലാണ് സംഭവം. വോട്ടു ചെയ്യാൻ ബൈക്കിൽ പോകവേ മലപ്പുറത്ത് ഒരാൾ ലോറിയിടിച്ച് മരിച്ചു.

കോഴിക്കോട്ട് കുറ്റിച്ചിറ ജി.വി.എച്ച്.എസ്.എസ് 16ാം നമ്പർ ബൂത്തിന് സമീപം രാവിലെ 11ന് എൽ.ഡി.എഫ് ബൂത്ത് ഏജന്റ് കുഞ്ഞിത്താൻ മാളിയക്കൽ അനീസ് അഹമ്മദ് (66) കുഴഞ്ഞു വീണു മരിച്ചു. കെ.എസ്.ഇ.ബി റിട്ട. എക്‌സിക്യൂട്ടീവ് എൻജിനിയറാണ്. വോട്ടുചെയ്തശേഷം വീട്ടിൽ മടങ്ങിയെത്തിയ മലപ്പുറം തിരൂർ നിറമരുതൂർ സ്വദേശി ആലുക്കാനത്ത് സിദ്ദിഖ് മൗലവി (65) കുഴഞ്ഞു വീണു. ഹൃദയാഘാതമാണ് മരണകാരണം. വള്ളിക്കാഞ്ഞിരം സ്‌കൂളിലെ 130-ാം നമ്പർ ബൂത്തിലെ ആദ്യ വോട്ടറായിരുന്നു.

അമ്പലപ്പുഴ കാക്കാഴം എസ്.എൻ.വി ടി.ടി.സി സ്കൂളിൽ വോട്ടിട്ടശേഷം വീട്ടിലേക്ക് മടങ്ങാൻ മകനൊപ്പം ഓട്ടോയിൽ കയറവേയാണ് മത്സ്യത്തൊഴിലാളിയായ കാക്കാഴം തെക്കുംമുറി വീട്ടിൽ സോമരാജൻ (75) കുഴഞ്ഞു വീണ് മരിച്ചത്. ഇടുക്കി മറയൂരിൽ വോട്ടു ചെയ്തശേഷം വീട്ടിലെത്തിയ കൊച്ചാരം സ്വദേശി വള്ളി അമ്മാൾ (65), കോഴിക്കോട് വളയം യു.പി സ്കൂളിലെ ബൂത്തിൽ വോട്ട് ചെയ്യാൻ ക്യൂ നിൽക്കുന്നതിനിടെ വളയം ചെറുമോത്ത് സ്വദേശി കുന്നുമ്മൽ ഹസ്സന്റെ ഭാര്യ മാമി (65), കുറ്റ്യാടി തൊട്ടിൽപ്പാലം നാഗംപാറ ജി.എൽ.പി സ്കൂളിലെ പോളിംഗ് ബൂത്തിൽ വോട്ട് ചെയ്തശേഷം തിരിച്ചിറങ്ങിയ ആശ്വാസി കല്ലുംപുറത്ത് ബാലന്റെ മകൻ ബിമേഷ് (42), തൃശൂർ പേരാമംഗലം സ്‌കൂളിലെ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ പേരാമംഗലം പുത്തൻവീട്ടിൽ നാരായണൻ (77) എന്നിവരും കുഴഞ്ഞു വീണ് മരിച്ചു. ബൂത്തിൽ രണ്ട് മണിക്കൂറോളം ക്യൂ നിന്ന ശേഷമാണ് ബിമേഷിന് വോട്ട് ചെയ്യാനായത്.

പാലക്കാട്ട് മൂന്നുപേർ

പാലക്കാട്ട് മൂന്നുപേരാണ് കുഴഞ്ഞു വീണ് മരിച്ചത്. പെരുമാട്ടി വിളയോടിയിൽ വോട്ടു ചെയ്ത ശേഷം പുറത്തിറങ്ങി ഭക്ഷണം കഴിച്ച് വിശ്രമിക്കുന്നതിനിടെ പുതുശ്ശേരി കുമ്പോറ്റ കണ്ടൻ (73),

വോട്ടുചെയ്ത ശേഷം ഒറ്റപ്പാലം ചുനങ്ങാട് വാണിവിലാസിനി മോഡേൺ കാട്ടിൽ ചന്ദ്രൻ (68),

തേങ്കുറിശി വടക്കേത്തറ ഗവ: എൽ.പി സ്‌കൂളിൽ വോട്ടു ചെയ്ത് മടങ്ങിയ വടക്കേത്തറ ആലക്കൽ വീട്ടിൽ ശബരി.എസ് (32) എന്നിവരാണ് കുഴഞ്ഞുവീണ് മരിച്ചത്. രാവിലെ 7.30ന് വോട്ടുചെയ്ത് മടങ്ങിയ ശബരി അസ്വസ്ഥതയെ തുടർന്ന് തൊട്ടടുത്ത ക്ഷേത്രത്തിനടുത്ത് വിശ്രമിച്ചശേഷം വീട്ടിലെത്തിയപ്പോഴേക്കും കുഴഞ്ഞു വീഴുകയായിരുന്നു.

ലോറിയിടിച്ച് മരിച്ചു

മലപ്പുറം പരപ്പനങ്ങാടിയിൽ വോട്ടു ചെയ്യാൻ സ്കൂട്ടറിൽ പോയ ചെറമംഗലം കുരുക്കൾ റോഡ് സ്വദേശി സെയ്തു ഹാജി (70) ലോറിയിടിച്ച് മരിച്ചു. താനൂർ റോഡ് ബി.ഇ.എം.എൽ.പി സ്കൂളിന് സമീപത്താണ് അപകടം. ലോറി തട്ടി സ്കൂട്ടറിൽ നിന്ന് വീഴുകയായിരുന്നു.

Advertisement
Advertisement