കൈപ്പത്തിക്ക് അമർത്തിയപ്പോൾ താമര തെളിഞ്ഞെന്ന് വിവാദം

Friday 26 April 2024 11:54 PM IST

വോട്ടർ പരാതി പിൻവലിച്ചു

പത്തനംതിട്ട: കൈപ്പത്തി ചിഹ്നത്തിന് അമർത്തിയപ്പോൾ താമര തെളിഞ്ഞുവെന്ന് പരാതി. കുമ്പഴ വടക്ക് ഒന്നാം നമ്പർ ബൂത്തിലാണ് പരാതിക്കിടയായ സംഭവം. ഷേർളി എന്ന വോട്ടർ വോട്ടു ചെയ്തപ്പോൾ വിവി പാറ്റ് മെഷീനിൽ താമര തെളിഞ്ഞുവെന്നായിരുന്നു പരാതി. ഇതേ തുടർന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിയുടെ നേതൃത്വത്തിൽ പോളിംഗ് സ്റ്റേഷനിൽ എത്തി പ്രതിഷേധിച്ചു.

ചെയ്യാത്ത വോട്ട് ഇവിഎം മെഷീനിൽ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ വീണ്ടും വോട്ട് ചെയ്യാൻ അവസരം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ചെയ്ത വോട്ട് റദ്ദാക്കണമെന്ന് ആന്റോ ആന്റണി വരണാധികാരിയായ ജില്ല കളക്ടറോടും മറ്റ് ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടു പ്രതിഷേധത്തെ തുടർന്ന് ഡെപ്യൂട്ടി കളക്ടർ സംഭവസ്ഥലം സന്ദർശിച്ചു.

വീണ്ടും വോട്ടു ചെയ്യുന്നതിന് വോട്ടർക്ക് അവസരമുണ്ടെന്നും എന്നാൽ, വോട്ടർ ആരോപിച്ച മറ്റൊരു ചിഹ്നമല്ല വിവിപാറ്റിൽ തെളിയുന്നതെങ്കിൽ തെറ്റായ പരാതി നൽകിയതിന് ആറ് മാസം തടവും പിഴയും അനുഭവിക്കണമെന്നുമാണ് നിയമമെന്നും ഡെപ്യൂട്ടി കളക്ടർ അറിയിച്ചു. ഇതോടെ പരാതിയില്ലെന്ന് പറഞ്ഞ് വോട്ടർ മടങ്ങി. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ നടന്ന സംഭവത്തെ തുടർന്ന് നാല് മണിക്കൂറോളം നീണ്ട പ്രതിഷേധം പോളിംഗിനെ ബാധിച്ചില്ല.

ആന്റോയ്ക്ക് എൽ.ഡി.എഫ് വോട്ടു മറിച്ചെന്ന് ബി.ജെ.പി

പത്തനംതിട്ട: എൻ.ഡി.എ സ്ഥാനാർത്ഥി അനിൽ കെ. ആന്റണിയുടെ വിജയം അട്ടിമറിക്കാൻ ഇടതുപക്ഷം കോൺഗ്രസിന് വോട്ടു ചെയ്തതായി ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി കെ. ബിനുമോൻ ആരോപിച്ചു. പാർലമെന്റ് മണ്ഡലത്തിൽ വ്യാപകമായി ഇത്തരത്തിൽ വോട്ട് മറിച്ചു ചെയ്തിട്ടുണ്ട്. ഇതിന് പ്രത്യക്ഷ ഉദാഹരണമാണ് കുമ്പഴയിൽ നടന്നത്.

അതേസമയം, വോട്ടർ ഇടതുപക്ഷ അനുകൂല ബ്യൂട്ടീഷ്യൻ അസോസിയേഷന്റെ ജില്ലാ സെക്രട്ടറിയാണ്. സി.ഐ.ടി.യു പ്രവർത്തകയായ ഷേർളി പാർട്ടി തീരുമാനത്തിന്റെ ഭാഗമായാണ് ആന്റോ ആന്റണിക്ക് വോട്ടു ചെയ്തതെന്ന് ബിനുമോൻ പറഞ്ഞു.

Advertisement
Advertisement