വോട്ടിനിടയിലും തെരുവുനായ, രണ്ടുപേരെ കടിച്ചു

Friday 26 April 2024 11:55 PM IST

അടൂർ : വോട്ടുചെയ്ത ശേഷം ബൂത്തിന് പുറത്തിറങ്ങിയ വയോധികയെയും പാസ് വാങ്ങാനെത്തിയ പോളിംഗ് ഏജന്റിനെയും തെരുവുനായ കടിച്ചു. അടൂർ മണക്കാല ഗവ.പോളീ ടെക്നിക്കലിലെ ബൂത്തിൽ വോട്ടു ചെയ്യാനെത്തിയ മണക്കാല ചാങ്ങേൽ വീട്ടിൽ കുട്ടി (60) യെയാണ് പോളിങ് കേന്ദ്രത്തിന് സമീപംവച്ച് നായ കടിച്ചത്. വ്യാഴാഴ്ച രാത്രി രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധിയായി പോളിങ് സ്റ്റേഷനിൽ ഇരിക്കാനുള്ള പ്രവേശന പാസ് വാങ്ങാനെത്തിയ മണക്കാല ആലുവിളയിൽ തോമസ്(68) നെയും നായ കടിച്ചു. ഇരുവരുടേയും കാലിലാണ് കടിച്ചത്. രണ്ടുപേരും ആശുപത്രിയിൽ ചികിത്സ തേടി.

യന്ത്രങ്ങൾ പണിമുടക്കി,

പോളിംഗ് വൈകി

പത്തനംതിട്ട: ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിലായി 40 വോട്ടിംഗ് യന്ത്രങ്ങൾ പണിമുടക്കിയതിനെ തുടർന്ന് മാറ്റിസ്ഥാപിച്ചു. ഇതേ തുടർന്ന് പലയിടത്തും പോളിംഗ് വൈകി. 20 വി വി പാറ്റുകളും 10 വീതം കൺട്രോൾ യൂണിറ്റുകളും ബാലറ്റ് യൂണിറ്റുകളും മാറ്റി സ്ഥാപിച്ചു. തിരുവല്ലയിൽ ഏഴ് വി വി പാറ്റുകളും മൂന്ന് വീതം ബാലറ്റ് യൂണിറ്റുകളും കൺട്രോൾ യൂണിറ്റുകളും ആറന്മുളയിൽ നാല് വി വി പാറ്റുകളും മൂന്ന് വീതം ബാലറ്റ് യൂണിറ്റും കൺട്രോൾ യൂണിറ്റും കോന്നിയിൽ അഞ്ചു വി വിപാറ്റുകളും മൂന്ന് വീതം ബാലറ്റ് യൂണിറ്റുകളും കൺട്രോൾ യൂണിറ്റുകളും റാന്നിയിൽ രണ്ട് വിവിപാറ്റും ഒന്ന് വീതം കൺട്രോൾ യൂണിറ്റും ബാലറ്റ് യൂണിറ്റും അടൂരിൽ രണ്ട് വിവിപാറ്റുകളുമാണ് മാറ്റി സ്ഥാപിച്ചത്.

Advertisement
Advertisement