കതിർമണ്ഡപത്തിൽ നിന്ന് പോളിംഗ് ബൂത്തിലേക്ക്

Saturday 27 April 2024 2:07 AM IST

തിരുവനന്തപുരം: ജനാധിപത്യത്തിന് കരുത്ത് പകരാൻ വിവാഹ മണ്ഡപത്തിൽ നിന്ന് പോളിംഗ് ബൂത്തിലെത്തി വധൂവരന്മാർ. മേള പ്രമാണി തിരുവുള്ളക്കാവ് പെരുവനത്ത് മാരാത്ത് പെരുവനം ശിവൻ മാരാരുടെയും ധന്യയുടെയും മകളായ അപർണ വിവാഹ ശേഷം തൃശൂർ ചേർപ്പ് ഗവ. സ്‌കൂളിലെ ബൂത്തിലെത്തി വോട്ടുചെയ്തു. വരൻ നെടുപുഴ പനമുക്ക് മലയത്ത് വേണുഗോപാലിന്റെയും ജയന്തിയുടെയും മകൻ ശരത്ത് രാവിലെ നെടുപുഴ സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തിയിരുന്നു. തിരുവുള്ളക്കാവ് ക്ഷേത്രത്തിലായിരുന്നു ഇവരുടെ വിവാഹം.

മാന്നാർ കുരട്ടിശ്ശേരി വിജയഭവനത്തിൽ പി.വി.പ്രതാപൻ ടി.ജയശ്രീ ദമ്പതികളുടെ മകളായ പ്രവിതയും തൊടുപുഴ അരികുഴ കിഴക്കേപാലക്കാട്ട് ഷാബുവിന്റെയും ഷീബയുടെയും മകൻ അർജുൻ ഷാബുവും മാന്നാർ തൃക്കുരട്ടി മഹാദേവക്ഷേത്രത്തിൽ വിവാഹിതരായ ശേഷമാണ് മാതൃകാ പോളിംഗ് സ്റ്റേഷനായ മാന്നാർ നായർ സമാജം ബോയ്സ് ഹയർസെക്കന്ററി സ്‌കൂളിലെ എട്ടാം നമ്പർ ബൂത്തിലെത്തിയത്. വോട്ട് രേഖപ്പെടുത്തിയശേഷം പ്രവിത വരനൊപ്പം തൊടുപുഴയിലേക്ക് മടങ്ങി. അർജുൻ ഷാബുവിന് ഇടുക്കി ചിറ്റൂരിലായിരുന്നു വോട്ട്.

മാന്നാർ കുട്ടംപേരൂർ വെച്ചൂർ കളീക്കൽ ഗിരീഷിന്റെയും രത്നമണിയുടെയും മകൻ ശ്യാംലാലും പള്ളിപ്പാട് നടുവട്ടം അകവൂർമഠം രാജുവിന്റെയും മണിയമ്മയുടെയും മകൾ സംഗീതയും നടുവട്ടം എസ്.എൻ ഓഡിറ്റോറിയത്തിലാണ് വിവാഹിതരായത്. വിവാഹ ശേഷം സംഗീത ശ്യാമലാലിനൊപ്പം നടുവട്ടം വി.എച്ച്.എസ്.സിലെ ബൂത്തിലെത്തി വോട്ടുചെയ്തു. പിന്നീട് ഇരുവരും മാന്നാറിലെ വരന്റെ വീട്ടിലെത്തിയ ശേഷം ഒരുമിച്ച് മാന്നാർ ഗവ. ജെ.ബി സ്‌കൂളിലെത്തി. അവിടെയായിരുന്നു ശ്യാംലാലിന് വോട്ട്.

ആലപ്പുഴ പഴവീട് ജ്യോതിനിവാസിൽ സന്ദീപ്കുമാർ.ആർ.പൈ തിരുവമ്പാടി ഹയർ സെക്കൻഡറി സ്കൂളിലെ ബൂത്തിലും വധു എ.എൻ.പുരം സ്വദേശി ശിവമഞ്ജരി ടി.ഡി സ്കൂളിലുമെത്തി വോട്ടുചെയ്തു. തിരുമല നന്ദാവനം ഓഡിറ്റോറിയത്തിലായിരുന്നു ഇവരുടെ വിവാഹം.

കോഴിക്കോട് കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.രേഖ വൈകിട്ട് നാലോടെ വരൻ ശ്രീജിൽ കൂത്തുപറമ്പിനൊപ്പം നടക്കാവ് ഗവ.യു.പി സ്‌കൂളിലെത്തി വോട്ട് ചെയ്തു. കൂത്തുപറമ്പിൽ വച്ചാണ് ഇവർ വിവാഹിതരായത്. തുടർന്ന് കണ്ണൂരിലേക്ക് മടങ്ങി.

വിവാഹത്തിനുമുൻപാണ് വെള്ളി പറമ്പ് സ്വദേശിനി ഹരിത കുടുംബവുമൊത്ത് ഗവ. ലോവർ പ്രൈമറി സ്‌കൂൾ വെള്ളിപ്പറമ്പിലിൽ എത്തി വോട്ടുചെയ്തത്. അഴകൊടി ദേവീക്ഷേത്രത്തിൽ ഉച്ചയ്ക്ക് 12നായിരുന്നു വിവാഹം. ബാലുശേരി മണ്ഡലത്തിലെ പൂനത്ത് ചെറുവത്ത്താഴെ കുനിയിൽ അയന കല്യാണം കഴിഞ്ഞ് വരൻ സുബിൻ കൃഷ്ണയോടൊപ്പമാണ് വോട്ടു ചെയ്യാനെത്തിയത്. പുനത്ത് നെല്ലിശ്ശേരി എ.യു.പി സ്‌കൂളിലായിരുന്നു അയനയുടെ വോട്ട്.

Advertisement
Advertisement