കേരളാ ഫുട്ബാൾടീം മുൻ ക്യാപ്ടൻ പി.ജി ജോർജ് അന്തരിച്ചു

Saturday 27 April 2024 6:29 AM IST

തിരുവനന്തപുരം: മുൻകേരളാ ഫുട്ബാൾ ടീം ക്യാപ്ടനും പരിശീലകനുമായ പി.ജി. ജോർജ് അന്തരിച്ചു. 75 വയസായിരുന്നു. കാൻസർ ബാധിതനായി ആർ.സി.സിയിൽ ചികിത്സയിലിരിക്കെ ഇന്നലെയായിരുന്നു അന്ത്യം. കവടിയാർ കൊട്ടാരത്തിന് സമീപത്തുള്ള പുത്തൻവീട്ടിൽ കൃപയിൽ ഭാര്യ സാലി ജോർജിനും ഇളയമകൻ വിശാൽ പി.ജോർജിനും (കോസ്റ്റൽ അക്കൗണ്ടന്റ്)​ കുടുംബത്തിനുമൊപ്പമായിരുന്നു താമസം. മൂത്തമകൻ തരുൺ പി. ജോർജ് നൈജീരിയയിൽ ജോലി ചെയ്യുകയാണ്.

നിലവിൽ കേരളാ ഫട്ബാൾ അസോസിയേഷന്റെ എക്‌സിക്യൂട്ടിവ് മെമ്പറായിരുന്നു. കഴിഞ്ഞ മൂന്നാം തിയതി ഗോൾഫ് ക്ലബിൽ വച്ച് ആത്‌മകഥ ഹാഫ് ടൈം പ്രകാശം ചെയ്തിരുന്നു. മന്ത്രി വി.ശിവൻ കുട്ടിയായിരുന്നു പ്രകാശനം നി‌ർവഹിച്ചത്. പി..ജി ജോർജിന്റെ ഭൗതീക ദേഹം നാളെ വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്കാരച്ചടങ്ങുകൾ തിങ്കളാഴ്ച വൈകിട്ട് മൂന്നിന് അമ്പലമുക്ക് തെക്കൻ പരുമല പള്ളിയിൽ നടക്കും. മെറിൻ തോമസ്, ടീനു എസ് ജോൺ (റിസർച്ച് സ്കോളർ, ഡിജിറ്റിൽ യൂണിവേഴ്സിറ്റി) എന്നിവരാണ് മരുമക്കൾ.

ബി.സി റോയ് കപ്പ്

സമ്മാനിച്ച നായകൻ

1970ൽ കേരളായൂണിവേഴ്‌സിറ്റിയ്ക്കായി മിന്നും പ്രകടനം പുറത്തെടുത്താണ് പി.ജി ജോർജ് ശ്രദ്ധ നേടുന്നത്. 1973ൽ ദേശീയ ജൂനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ്പായ ബി.സി റോയി കപ്പിൽ കേരളത്തിന് കിരീടം നേടിക്കൊടുത്ത ക്യാപ്ടനായും തിളങ്ങി. എ.ജി കേരളാ. ട്രാൻസ്പോർട്ട്, പ്രീമിയം ടയേഴ്സ്, ട്രാൻവൻകൂ‌ർ ടൈറ്റാനിയം ടീമുകൾക്കായി കളിച്ചു. ടൈറ്റാനിയത്തിനായി അനേക വർഷം കളിച്ച അദ്ദേഹം തുടർന്ന് പത്ത് വർഷത്തോളം ടീമിന്റെ പരിശീലകനുമായിരുന്നു. 2005ന് ശേഷം സന്തോഷ് ട്രോഫി ടീമിന്റെ കോച്ചായും സെലക്ടറായും മാനേജരായും പ്രവർത്തിച്ചു.

ഫുട്ബാളായിരുന്നു ജീവിതം

ജീവിതം ഫുട്ബാളിനായി മാറ്റിവച്ച പ്രതിഭയായിരുന്നു ജോർജ്. പ്രായത്തിന്റെ അസുഖത്തിന്റെയും അവശതകൾ വകവയ്‌ക്കാതെ അവസാന സമയം വരെയും ഫുട്ബാളുമായി ബന്ധപ്പെട്ട് സജീവമായിരുന്നു. പ്രതിഭകളെ കണ്ടെത്താൻ സാമ്പത്തിക നഷ്ടം വകവയ്ക്കാതെയാണ് കുട്ടികളുടെ ഫുട്ബാൾ അക്കാഡമി കവടിയാർ സൽവേഷൻ ആർമി സ്കൂൾ ഗ്രൗണ്ടിൽ തുടങ്ങിയത്. ചലഞ്ചേഴ്സ് ട്രാവൻകൂർ എന്ന അദ്ദേഹത്തിന്റെ ക്ലബിലൂടെ നിരവധി പ്രതിഭകൾക്ക് ഫുട്ബാളിലേക്ക് കടന്നുവരുവാനുള്ല വഴിതുറന്നുകൊടുത്തു. കഴിഞ്ഞ വർഷം വരെ അവധിക്കാലത്ത് കോച്ചിംഗ് ക്യാമ്പുകൾ നടത്തിയിരുന്നു.

Advertisement
Advertisement