ധനവര്‍ഷത്തില്‍ സര്‍വത്ര മുന്നേറ്റം

Saturday 27 April 2024 7:01 AM IST

2023-24 സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ആഭ്യന്തര രാജ്യാന്തര സാമ്പത്തിക മേഖലയില്‍ സര്‍വത്ര മുന്നേറ്റമാണ് കാഴ്ചവച്ചിരിക്കുന്നത്. മൂന്നാം ലോക സാമ്പത്തികശക്തിയാകുവാനും വികസിത രാഷ്ട്രമാകുവാനുമുള്ള ഇന്ത്യയുടെ പ്രയാണത്തെ ത്വരിതപ്പെടുത്തുന്ന പ്രവണതകളാണ് പോയ സാമ്പത്തിക വര്‍ഷത്തില്‍ കാണാനായത്. അനൂകൂലമായ ഈ പ്രവണതകള്‍ രാജ്യപുരോഗതിക്ക് ആക്കം കൂട്ടുമെന്ന് നിസംശയം പറയാം.


ശത്രുതാ മനോഭാവമുള്ള അയല്‍രാജ്യങ്ങളുമായി ദീര്‍ഘമായ അതിര്‍ത്തി പങ്കിടുന്ന ഇന്ത്യയെ സംബന്ധിച്ച് പ്രതിരോധ സംവിധാനങ്ങള്‍ ശക്തമാക്കി നിലനിര്‍ത്തുക അനിവാര്യമാണ്. രാജ്യത്തിന്റെ വരുമാനത്തില്‍ നിന്ന് നല്ലൊരു വിഹിതം ഇതിനായി എപ്പോഴും ചെലവഴിക്കേണ്ടിവരുന്നു. ആയുധങ്ങള്‍ക്കും മറ്റ് പ്രതിരോധ സംവിധാനങ്ങള്‍ക്കും പുറം രാജ്യങ്ങളെ ആശ്രയിച്ചിരുന്ന ഇന്ത്യ ഇന്ന് പ്രതിരോധ കയറ്റുമതിരംഗത്തെ പ്രധാന രാജ്യങ്ങളിലൊന്നായി മാറിയിരിക്കുന്നു.


2023-24 വര്‍ഷത്തില്‍ ഇന്ത്യയില്‍ നിന്നുള്ള പ്രതിരോധ കയറ്റുമതിയില്‍ വന്‍കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. 21,083 കോടി രൂപയുടെ പ്രതിരോധ ഉല്പന്നങ്ങളാണ് ഈ സാമ്പത്തികവര്‍ഷം രാജ്യത്ത് നിന്ന് കയറ്റി അയച്ചത്. 2004-2014 കാലയളവില്‍ 4312 കോടി രൂപയുടെ പ്രതിരോധ ഉല്പന്നങ്ങളാണ് കയറ്റുമതി ചെയ്തിരുന്നതെങ്കില്‍ 2014-24 കാലത്ത് അത് 88,319 കോടിയായി കുതിച്ചു. 85 രാജ്യങ്ങളിലേക്കാണ് ഇപ്പോള്‍ ഇന്ത്യ പ്രതിരോധ ഉപകരണങ്ങളും സംവിധാനങ്ങളും കയറ്റുമതി ചെയ്യുന്നത്.


ഇന്ത്യയുടെ ചെറു യുദ്ധവിമാനമായ തേജസ്, ആകാശ് മിസൈല്‍, ഹെലികോപ്റ്റര്‍, ബ്രഹ്മോസ് സൂപ്പര്‍ സോണിക് മിസൈല്‍, ഡോര്‍ണിയര്‍ 238 വിമാനങ്ങള്‍ തുടങ്ങി ഒട്ടേറെ പ്രതിരോധ സംവിധാനങ്ങള്‍ ഇന്ത്യ കയറ്റുമതി ചെയ്യുന്നുണ്ട്. ഇറ്റലി, ഫ്രാന്‍സ്, അമേരിക്ക തുടങ്ങിയ വികസിത രാഷ്ട്രങ്ങളിലേക്കും ബ്രസീല്‍, അര്‍ജന്റീന, ആഫ്രിക്കന്‍ രാഷ്ട്രങ്ങള്‍, ഗള്‍ഫ് രാജ്യങ്ങള്‍, ഇസ്രയേല്‍ എന്നിവിടങ്ങളിലേക്കും ഇന്ത്യ പ്രതിരോധ കയറ്റുമതി വ്യാപിപ്പിച്ചിട്ടുണ്ട്.


ഇന്ത്യയുടെ ആഭ്യന്തര വരുമാനത്തില്‍ ഗണ്യമായ പങ്കുവഹിച്ചത് നികുതി പിരിവ് ലക്ഷ്യത്തിലെത്തിച്ചതാണ്. പ്രത്യക്ഷ പരോക്ഷ നികുതിയിനത്തില്‍ ആകെ 34.37 ലക്ഷം കോടിരൂപയായിരുന്നു ഫെബ്രുവരിയില്‍ അവതരിപ്പിച്ച ബജറ്റില്‍ പ്രതീക്ഷിച്ചിരുന്നത്. പ്രതീക്ഷയ്‌ക്കൊപ്പം നികുതിപിരിവ് ലക്ഷ്യത്തിലെത്തിയെന്നാണ് കേന്ദ്ര നികുതി പിരിവ് അധികൃതര്‍ സൂചിപ്പിക്കുന്നത്. അതുപോലെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജിഎസ്ടി വരുമാനം 11.7 ശതമാനം വളര്‍ച്ചയും രേഖപ്പെടുത്തി.


2024 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തികവര്‍ഷ കണക്കുകള്‍ പ്രകാരം ഇന്ത്യന്‍ റെയില്‍വേയുടെ മൊത്ത വരുമാനം 2.56 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. റെയില്‍വേയുടെ ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വരുമാനമാണിത്. റെയില്‍വേയില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന ദ്രുതവികസനവും സ്വകാര്യ പങ്കാളിത്തവും കൂടി ചേരുമ്പോള്‍ സമീപഭാവിയില്‍ തന്നെ ഇന്ത്യയിലെ ഏറ്റവും ലാഭകരവും സുരക്ഷിതവുമായ യാത്രാമാര്‍ഗ്ഗമായി റെയില്‍വേ മാറും.


രാജ്യത്തെ കയറ്റുമതി മേഖലയിലെ കുതിപ്പും ഉണര്‍വും കേരളത്തില്‍ കൊച്ചി തുറമുഖത്തിലും അനുകൂല പ്രതികരണമാണ് സൃഷ്ടിച്ചത്. 2023-24ല്‍ 3.63 കോടി ടണ്‍ ചരക്കാണ് കൊച്ചി തുറമുഖം കൈകാര്യം ചെയ്തത്. ഇതില്‍ 35 ശതമാനം ചരക്ക് ആഭ്യന്തര തുറമുഖം വഴിയുള്ളവയും 65 ശതമാനം വിദേശ വ്യാപാരവുമായിരുന്നു. വല്ലാര്‍പാടം അന്താരാഷ്ട്ര കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്‌മെന്റ് ടെര്‍മിനല്‍ വഴി 7,54,237 ടി.ഇ.യു (കണ്ടെയ്‌നര്‍) ചരക്കാണ് കൈകാര്യം ചെയ്തത്. ഇതും റെക്കാഡ് നേട്ടമാണെന്ന് കൊച്ചി തുറമുഖ അതോറിട്ടി പറയുന്നു. 2023-24 ല്‍ 43 ആഡംബര യാത്രാക്കപ്പലുകള്‍ കൊച്ചി തീരം തൊട്ടതും തീരത്തിന് സാമ്പത്തികനേട്ടമായി മാറി.


രാജ്യാന്തര സംഘര്‍ഷങ്ങള്‍ സാമ്പത്തികമേഖലയിലുണ്ടാക്കിയ ചാഞ്ചാട്ടങ്ങള്‍ ഏറെയും ഇന്ത്യയില്‍ പ്രതിഫലിച്ചു കണ്ടത് സ്വര്‍ണവില വര്‍ദ്ധനവിലാണ്. അമേരിക്ക പലിശ നിരക്ക് കുറയ്ക്കുമെന്ന വാര്‍ത്തകളെ തുടര്‍ന്ന് ആഗോള വന്‍കിട നിക്ഷേപകരും ചെറുകിട നിക്ഷേപകരും സ്വര്‍ണത്തിലുള്ള നിക്ഷേപ താല്പര്യം പ്രകടിപ്പിച്ചതാണ് സ്വര്‍ണവില ഉയരാന്‍ കാരണമാകുന്നതെന്ന് സാമ്പത്തിക വിദഗ്ധര്‍ നിരീക്ഷിക്കുന്നു.


കേന്ദ്ര ബാങ്കുകളുടെ വാങ്ങല്‍ താല്പര്യം, ഉയര്‍ന്ന ആഗോള ഡിമാന്‍ഡ് എന്നിവയും സ്വര്‍ണവില വര്‍ദ്ധനവിന് കാരണമാകുന്നുണ്ട്. ഇന്ത്യയില്‍ 2023 ഡിസംബര്‍ 31ന് 46,840 രൂപയായിരുന്ന സ്വര്‍ണവില 2024 ഏപ്രില്‍ 16ന് 55,000 രൂപയോളമെത്തിയിരിക്കുകയാണ്. ഡിമാന്‍ഡ് കുറയാത്ത നിരതദ്രവ്യം എന്ന നിലയില്‍ സ്വര്‍ണം വിശ്വസിക്കാവുന്ന മൂലധനമാണ്.


ഏതൊരു സമ്പദ് വ്യവസ്ഥയും അതിന്റെ താഴെത്തട്ടിലുള്ള ബിസിനസുകളുടെ ശക്തിയെ ആശ്രയിച്ചാണിരിക്കുന്നത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ശക്തിയും ഈ അടിസ്ഥാനഘടനയുടെ സുസ്ഥിരതാണ്. മാറുന്ന ലോകക്രമത്തില്‍ ഓരോ രാജ്യത്തിന്റെയും സമ്പദ് ഘടനയെയും സൂക്ഷ്മ സമ്പദ് വ്യവസ്ഥ എന്ന നാനോ ഇക്കോണമി ആഴത്തില്‍ സ്വാധീനിക്കുന്നുണ്ട്. ഇന്ത്യയില്‍ ഇന്ന് 10 ദശലക്ഷത്തിലധികം നാനോ സംരംഭകരുണ്ട്. ഓരോ നാനോ സംരംഭത്തിലും ശരാശരി 1.5 മുതല്‍ രണ്ട് ശതമാനം വരെ ആളുകള്‍ ജോലി ചെയ്യുന്നുണ്ട്. ഈ സ്ഥാപനങ്ങള്‍ക്ക് വളരാനും വികസിക്കാനുമുള്ള അവസരങ്ങള്‍ കൂടുതലായി ലഭിക്കുന്നതോടെ 20 ദശലക്ഷത്തിലധികം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ ഈ മേഖലയ്ക്കാവും. രാജ്യത്തിന്റെ ജി.ഡി. പിയില്‍ വലിയ സംഭാവന ഈ മേഖലയില്‍ നിന്ന് ലഭിക്കുകയും ചെയ്യും.


വികസിത രാജ്യ പദവിയിലെത്താന്‍ ഇന്ത്യ 8- 8.5 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കേണ്ടിയിരിക്കുന്നു. വികസിത രാജ്യപദവിയിലേക്ക് നടന്നടുക്കുന്ന ഇന്ത്യയ്ക്ക് ലക്ഷ്യം കൈവരിക്കാന്‍ നാനോ ഡെമോഗ്രാഫിക് വിന്‍ഡോ സഹായകമാകുമെന്നാണ് ധനകാര്യവിദഗ്ധനും കേന്ദ്ര ധനകാര്യസെക്രട്ടറിയുമായ ടി.വി. സോമനാഥന്‍ അഭിപ്രായപ്പെടുന്നത്.

അടുത്ത സാമ്പത്തിക വർഷത്തിലും ഇന്ത്യൻ സമ്പദ് വ്യവസ്ഥ കുതിപ്പ്‌ തുടരുമെന്ന് ലോക ബാങ്ക് ചൂണ്ടി കാട്ടുന്നു. ഉയർന്ന നിക്ഷേപങ്ങളും സേവന മേഖലയും ഈ വളർച്ചയിൽ ഗണ്യമായ പങ്ക് വഹിക്കുമെന്ന് ലോക ബാങ്ക് ചൊവ്വാഴ്ച വ്യക്തമാക്കി. 2023 ൽ 6.3 ശതമാനമായിരുന്നു ഇന്ത്യയുടെ ജിഡിപി വളർച്ചയെങ്കിൽ 2024 ൽ അത് 6.4 ശതമാനവും 2025 ആകുമ്പോഴേക്കും 6.5 ശതമാനവുമാകുമെന്നും ലോക ബാങ്ക് പറയുന്നു. ഈ സാമ്പത്തിക വർഷം ഇന്ത്യ 7.3 ശതമാനം സാമ്പത്തിക വളർച്ച നേടുമെന്നാണ് കേന്ദ്ര സർക്കാർ പുറത്തിറക്കിയ റിപ്പോർട്ടിൽ പ്രതീക്ഷിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മുന്നിൽ തന്നെ തുടരുമെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.


സുസ്ഥിരമായ സര്‍ക്കാരും ഭരണ തുടര്‍ച്ചയും ഇന്ത്യയുടെ വികസനപാത കൂടുതല്‍ വിശാലമാക്കുമെന്നാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം തെളിയിച്ചിരിക്കുന്നത്.

* ( ഫൊക്കാന മുൻ പ്രസിഡന്റും നാമം (യു.എസ്.എ) ചെയർമാനുമാണ് ലേഖകൻ)