നഷ്ടകാലത്തു തള്ളിപ്പറഞ്ഞില്ല; രാജുവിന് ലാഭക്കൊയ്ത്തുകാലം

Sunday 28 April 2024 1:58 AM IST
രാജു

 എട്ട് ഏക്കറിൽ പലപ്രായത്തിലുള്ള 1400 മരങ്ങൾ

 കാർഷിക സർവകലാശാലയിൽ നിന്നുള്ള ഹൈബ്രിഡ് ഇനം

വടക്കഞ്ചേരി: 'നട്ടുവളർത്തിയതൊന്നും നശിപ്പിക്കരുത്. അത് എപ്പോഴെങ്കിലും ഫലം തരും."- 15 വർഷം മുമ്പ് അമ്മ പറഞ്ഞ വാക്കുകൾ അക്ഷരംപ്രതി ശരിയായതിന്റെ സന്തോഷത്തിലാണ് എളവമ്പാടം പുത്തൻപുരയിൽ പി.കെ.രാജു. കൊക്കോ വില നന്നേകുറഞ്ഞപ്പോൾ പലരും കൊക്കോ വെട്ടിമാറ്റി മറ്റുവിളകളലേക്ക് ചുവടുമാറിയിരുന്നു. എന്നാൽ കൃഷിയിലെ പരമ്പരാഗത അറിവുകളുടെ അനുഭവത്തിൽ രാജു നഷ്ടത്തിലും കൊക്കോ കൃഷി തുടർന്നു. ഇന്ന് അതിന്റെ വലിയ ലാഭം കൊയ്യുകയാണിപ്പോൾ.

പത്തുവർഷം മുമ്പ് 150 -170 എന്ന തോതിലായിരുന്നു കൊക്കോയുടെ വില. ആറേഴ് വർഷമായി അത് 300 രൂപയ്ക്ക് അടുത്തെത്തി. അഞ്ചാറുമാസമായി വില ഉയരുന്നതിന്റെ സൂചനകൾ കണ്ടുതുടങ്ങിയിരുന്നു. ഇപ്പോൾ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് വില ആയിരം കടന്നു. ആഫ്രിക്കൻ രാജ്യങ്ങളിലെ ഉത്പാദനക്കുറവാണ് കൊക്കോയുടെ ക്ഷാമത്തിനും ഭീമമായ വിലവർദ്ധനവിനും കാരണമായത്. രാജ്യത്ത് ആന്ധ്രാപ്രദേശിലാണ് കൂടുതൽ കൊക്കോ കൃഷിയുള്ളത്. എന്നാൽ ഗുണമേന്മയിൽ കേരളത്തിലെ കൊക്കോയ്ക്ക് വൻ ഡിമാൻഡുണ്ടെന്ന് കാർഷിക സർവകലാശാലയിൽ നിന്ന് കൃഷിശാസ്ത്രത്തിൽ ഡിപ്ലോമ നേടിയി രാജു പറഞ്ഞു.

അണ്ണാൻ ശല്യം കുറവാണെങ്കിലും എലി ശല്യമാണ് കൃഷിക്ക് മുഖ്യ വെല്ലുവിളി. എങ്കിലും ഇപ്പോഴത്തെ ഉയർന്ന വിലയിൽ കൊക്കോ കൃഷി വലിയ ലാഭകരമാണെന്ന് രാജു പറഞ്ഞു. മികച്ച കൊക്കോ കർഷകൻ എന്ന നിലയിൽ കാർഷിക സർവകലാശാലയിലെ വെള്ളാനിക്കര കൊക്കോ ഗവേഷണ കേന്ദ്രം രാജുവിനെ അനുമോദിച്ചിരുന്നു. ഭാര്യ റെജിയാണ് കൃഷി കാര്യങ്ങളിലെ രാജുവിന്റെ പ്രധാന സഹായി.

പരിചരണം ഇങ്ങനെ

തെങ്ങിന് ഇടവിളയായിട്ടാണ് കൊക്കോ കൃഷി. നല്ല പരിചരണം, ആഴ്ചയിൽ രണ്ടു തവണ നന, ജൈവ രാസവള പ്രയോഗം, വർഷത്തിലൊരിക്കൽ കൊമ്പുകൾ വെട്ടി ഒതുക്കൽ തുടങ്ങി പതിവു തെറ്റിക്കാത്ത കൃഷിരീതികളാണ് കടുത്ത വേനലിലും തോട്ടം പച്ചപ്പിൽ നിൽക്കുന്നതിന് കാരണമാകുന്നത്. മത്സ്യം വളർത്തുന്ന കുളത്തിൽ നിന്നാണ് ജലസേചനം. ഇത് വിളകൾക്ക് കരുത്തുകൂട്ടുന്നു.

Advertisement
Advertisement