ഡ്രൈവിംഗ് ലൈസൻസ് : 3 ലക്ഷം അപേക്ഷകൾ 'കൊവിഡി'ൽ തള്ളി, ടെസ്റ്റ് 30 ആയി കുറയ്ക്കാൻ നീക്കം,
തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റുകൾ കുറയ്ക്കണമെന്ന മന്ത്രി കെ.ബി.ഗണേശ്‌കുമാറിന്റെ നിർദ്ദേശം പാലിക്കാൻ, ഇല്ലാത്ത കൊവിഡിന്റെ പേരിൽ മൂന്ന് ലക്ഷം അപേക്ഷകൾ തള്ളി മോട്ടോർ വാഹന വകുപ്പിന്റെ തരികിട.
'കൊവിഡ് 19 കാരണം നിങ്ങളുടെ ..... അപേക്ഷയുടെ ഡ്രൈവിംഗ് ലൈസൻസ് അപ്പോയിന്റ്‌മെന്റ് റദ്ദാക്കി. പുതിയ അപ്പോയ്‌മെന്റിനായി അപേക്ഷിക്കാം. നിങ്ങളുടെ ഫീസ് സാധുവായി തുടരും.'
വിവിധ ആർ.ടി.ഒകളിൽ ഡ്രൈവിംഗ് ലൈസൻസിന് ടെസ്റ്റ് തീയതി അനുവദിച്ചവർക്ക് കിട്ടുന്ന എസ്.എം.എസ് സന്ദേശമാണിത്.
ഇതുവരെ ലഭിച്ച അപേക്ഷകളെല്ലാം കൊവിഡിന്റെ പേരിൽ തള്ളുക. പുതിയ അപേക്ഷ സ്വീകരിക്കുക. നേരത്തേ അടച്ച ഫീസ് നിലനിറുത്തി.
മേയ് മുതൽ ഡ്രൈവിംഗ് ടെസ്റ്റ് പ്രതിദിനം 30 ആയി കുറയ്ക്കണമെന്നാണ് മന്ത്രിയുടെ നിർദ്ദേശം. നിലവിൽ 60 മുതൽ 120 വരെ ടെസ്റ്റുകൾ നടക്കാറുണ്ട്. ലേണേഴ്സ് ലൈസൻസ് ലഭിച്ചവരെല്ലാം റോഡ് ടെസ്റ്റിനു അപേക്ഷ നൽകും. രണ്ടു മാസം വരെയുള്ള തീയതിയാണ് നൽകുന്നത്. ആ സ്ലോട്ടുകളാണ് റദ്ദാക്കിയത്.
സി.ഐ.ടി.യുവിന്റെ മുന്നറിയിപ്പ് അവഗണിച്ചു
സി.ഐ.ടി.യു നേതാവ് എളമരം കരീം മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ പരിഷ്‌കാരങ്ങൾ തത്കാലം നിറുത്താനും ഡ്രൈവിംഗ് സ്‌കൂൾ ഉടമകളും ജീവനക്കാരുമായും ചർച്ച നടത്താനും ധാരണയായിരുന്നു. രണ്ടിനും തയ്യാറാകാതെ പരിഷ്കാരവുമായി മുന്നോട്ടു പോവുകയാണ്. ഡ്രൈവിംഗ് ടെസ്റ്റിലെ പരിഷ്കാരങ്ങൾ നിർദേശിക്കുന്ന ഫെബ്രുവരി 21ലെ സർക്കുലർ പിൻവലിച്ചില്ലെങ്കിൽ മന്ത്രിയെ വഴിയിൽ തടയുമെന്നും സമരത്തിലേക്ക് നീങ്ങുമെന്നും ഓൾ കേരള ഡ്രൈവിംഗ് സ്‌കൂൾ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) മുന്നറിയിപ്പ് നൽകിയിരുന്നു.
ലേണേഴ്സ് എടുത്തവർ വലയും
ലേണേഴ്സെടുത്ത് ആറുമാസത്തിനകം ടെസ്റ്റ് പാസായില്ലെങ്കിൽ വീണ്ടും ലേണേഴ്സ് എടുക്കണം. ദിവസം 30 ടെസ്റ്റാക്കുമ്പോൾ അതിൽ പുതിയ ടെസ്റ്റ് 20 മാത്രമാണ്. തോറ്റവർക്കുള്ള ടെസ്റ്റാണ് 10.
പോംവഴിയുണ്ട്
കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിച്ച് കൂടുതൽ സ്ഥലങ്ങളിൽ ടെസ്റ്റ് നടത്തിയാൽ പുതിയ രീതിയിലുള്ള ടെസ്റ്റ് അപേക്ഷിച്ചവർക്കെല്ലാം നടത്താനാകും.