വെറ്ററിനറി വി.സിക്കും കാരണം കാണിക്കൽ നോട്ടീസ് : മൂന്ന് വൈസ് ചാൻസലർമാരുടെ നിയമനം അസാധുവായേക്കും

Sunday 28 April 2024 12:00 AM IST

തിരുവനന്തപുരം: യു.ജി.സി ചട്ടലംഘനത്തിന്റെ പേരിൽ വെറ്ററിനറി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ എം.ആർ. ശശീന്ദ്രനാഥിന് കൂടി ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നൽകിയതോടെ സംസ്ഥാനത്തെ മൂന്ന് വി.സിമാരുടെ നിയമനം അസാധുവായേക്കും. നേരത്തെ കാരണം കാണിക്കൽ നോട്ടീസ് നൽകിയ ഓപ്പൺ യൂണിവേഴ്സിറ്റി വി.സി മുബാറക്ക് പാഷ, ഡിജിറ്റൽ യൂണിവേഴ്സിറ്റി വി.സി സജി ഗോപിനാഥ് എന്നിവരുടെ നിയമനം ചട്ടവിരുദ്ധമാണെന്ന് യു.ജി.സി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ രണ്ടു നിയമനങ്ങളും ഗവർണർ അസാധുവാക്കും. ഇതിന് പിന്നാലെയാണ് വൈറ്ററിനറി വി.സിക്കെതിരെയും നടപടിവരുന്നത്.

പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തെ തുടർന്ന് സസ്‌പെൻഷനിലാണ്

എം.ആർ. ശശീന്ദ്രനാഥ്. സസ്‌പെൻഷൻ ചോദ്യം ചെയ്തത് ശശീന്ദ്രനാഥ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി ഗവർണറുടെ നടപടി ശരിവച്ചിരുന്നു.

വെറ്ററിനറി യൂണിവേഴ്സിറ്റി വൈസ് ചാൻസലറായുള്ള എം.ആർ.ശശീന്ദ്രനാഥിന്റെ നിയമനം അസാധുവാക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ വ്യക്തമാക്കാനാണ് ഗവർണർ നോട്ടീസ് നൽകിയത്. ഫിഷറീസ് യൂണിവേഴ്സിറ്റി വി.സി നിയമനത്തിന് സമാനമായി യു.ജി.സി നോമിനിയെ ഒഴിവാക്കിയാണ് ശശീന്ദ്രനാഥിനും നിയമനം നൽകിയത്. ഫിഷറീസ് യൂണിവേഴ്സിറ്റി വി.സി നിയമനം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിരുന്നു. ഓപ്പൺ സർവകലാശാല വൈസ് ചാൻസലറായിരുന്ന ഡോ.മുബാറക്ക് പാഷയ്ക്കും ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.സജി ഗോപിനാഥിനും കാരണം കാണിക്കൽ നോട്ടീസ് നൽകിയെങ്കിലും യു.ജി.സിയുടെ വിശദീകരണം കാത്ത് മേൽനടപടികൾ നിറുത്തിവച്ചിരിക്കുകയാണ്. സജി ഗോപിനാഥിന് സാങ്കേതിക സർവകലാശാലയുടെ അധിക ചുമതലകൂടിയുണ്ട്. അതിനാൽ നിയമനം അസാധുവാകുന്നതോടെ ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകൾക്ക് പുതിയ വൈസ് ചാൻസലർമാർ വരും.

യു.ജി.സി ചട്ടം

യൂണിവേഴ്സിറ്റികളിൽ ആദ്യ വൈസ് ചാൻസല‌ർമാരെ സർക്കാർ ശുപാർശ പ്രകാരം സേർച്ച് കമ്മിറ്റി കൂടാതെ നിയമിക്കാം. എന്നാൽ യൂണിവേഴ്സിറ്റികൾക്ക് യു.ജി.സി അംഗീകാരം ലഭിച്ചതിനുശേഷം യു.ജി.സി ചട്ടം അനുസരിച്ച് മാത്രമേ വി.സി നിയമനം പാടുള്ളൂ.

Advertisement
Advertisement