അന്തർദ്ദേശീയ തലത്തിൽ ഒന്നാം സ്ഥാനം നേടിയാൽ 100 മാർക്ക്, എസ്.എസ്.എൽ.സി/പ്ളസ് ടു ഗ്രേസ് മാർക്ക് പരിഷ്‌കരിച്ചു

Sunday 28 April 2024 12:00 AM IST

തിരുവനന്തപുരം: എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറിക്ക് ഗ്രേസ് മാർക്ക് പരിഷ്‌കരിച്ച് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ഉന്നതതല യോഗ തീരുമാനപ്രകാരം പൊതുവിദ്യാഭ്യാസ ഡയറക്ടർ സമർപ്പിച്ച ശുപാർശ അംഗീകരിച്ചു കൊണ്ടാണ് സർക്കാർ നടപടി.

അന്തർദ്ദേശീയ കായിക മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് 100 മാർക്ക് ഗ്രേസ് മാർക്കായി ലഭിക്കും. സംസ്ഥാന കലോത്സവം, ശാസ്‌ത്രോത്സവം, ശാസ്ത്ര സെമിനാർ, ഗണിതശാസ്ത്രം തുടങ്ങിയവയ്ക്ക് എ, ബി, സി ഗ്രേഡിന് യഥാക്രമം 20, 15, 10 എന്നിങ്ങനെയാണ് ഗ്രേസ് മാർക്ക്. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നിശ്ചയിച്ചിട്ടുള്ള മത്സരങ്ങൾക്ക് 20, 17, 14 മാർക്ക് വീതം നൽകും. സ്‌പെഷ്യൽ സ്‌കൂൾ കലോത്സവത്തിൽ എ, ബി, സി ഗ്രേഡ് ലഭിച്ചവർക്ക് 25, 20, 15 മാർക്കാണ്. സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പ്രൊജക്ടിന് 20 മാർക്കുണ്ട്.


അന്തർദ്ദേശീയ കായിക മത്സരങ്ങളിലെ രണ്ടാം സ്ഥാനക്കാർക്ക് 90, മൂന്നാം സ്ഥാനക്കാർക്ക് 80, പങ്കെടുത്തവർക്ക് 75 മാർക്ക് ലഭിക്കും. ദേശീയ മത്സരങ്ങളിൽ ഒന്നാം സ്ഥാനക്കാർക്ക് 50,​ രണ്ടാം സ്ഥാനക്കാർക്ക് 40, മൂന്നാം സ്ഥാനക്കാർക്ക് 30, പങ്കെടുത്തവർക്ക് 25 എന്നിങ്ങനെയാണ് ഗ്രേസ് മാർക്ക്. സംസ്ഥാന തലത്തിൽ 20, 17, 14, 7 എന്നിങ്ങനെയാണ് മാർക്ക്.

ഹയർ സെക്കൻഡറി സ്‌കൗട്ട്സ് ആൻഡ് ഗൈഡ്സിന് ഗ്രേസ് മാർക്ക് 25. രാജ്യപുരസ്‌കാർ, ചീഫ് മിനിസ്റ്റേഴ്സ് ഷീൽഡ് എന്നിവ ലഭിക്കുന്നവർക്ക് 40. രാഷ്ട്രപതി സ്‌കൗട്ട്സ് ആൻഡ് ഗൈഡ്സിന് 50. റിപ്പബ്ലിക് ഡേ ക്യാമ്പിൽ പങ്കെടുക്കുന്ന വോളന്റിയേഴ്സിന് ഗ്രേസ് മാർക്ക് 40 ആണ്. വിവിധയിനങ്ങളിൽ ഗ്രേസ് മാർക്കിന് അർഹതയുള്ളവർക്ക് ലഭിക്കുന്ന ഏറ്റവും കൂടിയ മാർക്ക് പരിഗണിക്കും.

Advertisement
Advertisement