കുന്നേൽ കൃഷ്ണൻ: പ്രത്യയശാസ്ത്രത്തിൽ അടിയുറച്ചു ജീവിച്ച കമ്മ്യൂണിസ്റ്റുകാരൻ

Sunday 28 April 2024 12:46 AM IST
കുന്നേൽ കൃഷ്ണൻ

കൽപ്പറ്റ: പ്രത്യയശാസ്ത്രത്തിൽ അടിയുറച്ച് ജീവിച്ച കമ്മ്യൂണിസ്റ്റുകാരനായിരുന്നു ഇന്നലെ അന്തരിച്ച കുന്നേൽ കൃഷ്ണൻ എന്ന കൃഷ്ണേട്ടൻ. കേരളത്തിൽ നക്സൽ ബാരിയുടെ വിളികേട്ട് സായുധ സജ്ജരായ വിപ്ലവകാരികൾക്കിടയിലെ കാരണവസ്ഥാനീയനാണ് കുന്നേൽ കൃഷ്ണൻ. എൺപത്തിയഞ്ചാമത്തെ വയസിലും ആ വിപ്ളവ വീര്യത്തിന് ഒട്ടും കുറവ് വന്നില്ല.

യാതനകളും വേദനകളുംനിറഞ്ഞതായിരുന്നു കുട്ടിക്കാലം. അടിയോരുടെ പെരുമൻ എന്നറിയപ്പെടുന്ന നക്ലലൈറ്റ് നേതാവ് എ. വർഗീസ് അടക്കം ഉയർത്തിയ മുദ്രാവാക്യം മുറുകെപ്പിടിച്ച് ജീവിച്ച വ്യക്തി. പ്രസ്ഥാനം പലതായി പിരിഞ്ഞിട്ടും കുന്നേൽ കൃഷ്ണൻ തന്റെ ആശയത്തിൽ അടിയുറച്ച് വിശ്വസിച്ചു. തൊടുപുഴയ്ക്കടുത്ത ഇടമറുകിൽ നിന്ന് അഞ്ച് മക്കളെയും കൊണ്ട് വയനാട്ടിലെ വാളാട് എത്തിയ കറുമ്പനും ഭാര്യ കറുമ്പിയും മക്കളെ വളർത്താൻ ഏറെ ബുദ്ധിമുട്ടി.വയനാട്ടിൽ വരുമ്പോൾ കൃഷ്ണന് ആറ് വയസ് മാത്രം പ്രായം.കഷ്ടപ്പെട്ടാണ് പഠനവും ജീവിതവും.മാനന്തവാടി ഹൈസ്കൂളിൽ വച്ചാണ് നക്സലൈറ്റ് നേതാവ് എ. വർഗീസിനെ കാണുന്നതും പരിചയപ്പെടുന്നതും.കെ.എസ്.എഫിന്റെ സജീവ പ്രവർത്തകരായിരുന്നു ഇരുവരും.

എസ്.എസ്.എൽ.സിക്ക് ശേഷം ദേവഗിരി കോളേജിലേക്ക് പോയ കൃഷ്ണൻ തുടർന്ന് പഠിച്ചില്ല.വർഗീസിന്റെ നിർദ്ദേശത്തെ തുടർന്ന് കോഴിക്കോട് തന്നെ മെക്കാനിൽ കോഴ്സിന് ചേർന്നു. ജോലിയുമായി ബന്ധപ്പെട്ട് ഡൽഹി ഹരിയാന ബോർഡറിലേക്ക്. 250 രൂപ ശമ്പളത്തിൽ അഞ്ച് വർഷം അവിടെ ജോലി ചെയ്തു. കത്തുകളിലൂടെ വർഗീസുമായി അടുത്ത ബന്ധം അപ്പോഴും തുടർന്നു. തുടക്കത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്കൊപ്പം പ്രവർത്തിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ ചിന്ത മാറി. സി.പി.എമ്മിന്റെ കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസ് സെക്രട്ടറിയായിരുന്നു വർഗീസ്. ആശയപരമായി വിയോജിപ്പ് ഉണ്ടായപ്പോഴാണ് വർഗീസ് നക്സലാകുന്നത്. കുന്നേൽ കൃഷ്ണനും ആ പാത സ്വീകരിച്ചു.വസന്തത്തിന്റെ ഇടിമുഴക്കം സ്വപ്നം കണ്ടുകൊണ്ടാണ് കുന്നേൽ കൃഷ്ണൻ വർഗീസിനൊടോപ്പം പോയത്. 1973ൽ കനകവല്ലിയെ വിവാഹം കഴിച്ചു.

1975 മുതൽ കുന്നേൽ കൃഷ്ണൻ നക്സൽ സംഘടനയിൽ സജീവമായി. 1975ൽ മാനന്തവാടിക്കടുത്ത് ചുണ്ടപ്പൻ നായർ എന്ന ജന്മിയുടെ വീടാക്രമിച്ച് ആയുധങ്ങളും പണവും ശേഖരിച്ചു. ഒന്നാം പ്രതിയായ കുന്നേൽ കൃഷ്ണൻ ഒളിവിൽ പോയി. 1976 ഫെബ്രുവരി 28ന് പാർട്ടി സംസ്ഥാന കമ്മിറ്റി പൊലീസ് സ്റ്റേഷനുകൾ ആക്രമിച്ച് ആയുധങ്ങൾ ശേഖരിക്കുക എന്ന തീരുമാനമെടുത്തു. ഇതിന്റെ ഭാഗമായി കായണ്ണ പൊലീസ് സ്റ്റേഷൻ ആക്രമിച്ചു. കെ.വേണുവെല്ലാം അതിൽ പ്രതികളായിരുന്നു. സുൽത്താൻ ബത്തേരിയിൽ അറസ്റ്റിലായി. കക്കയം ക്യാമ്പിൽ അതി ക്രൂര മർദ്ദനം. ആർ.ഇ.സി വിദ്യാർത്ഥിയായിരുന്ന ഈച്ചര വാര്യരുടെ മകൻ രാജനെ ഉരുട്ടിക്കൊലപ്പെടുത്തിയതിന്റെ രണ്ടാം ദിവസമാണ് ഇവിടെ വച്ച് കൃഷ്ണന് മർദ്ദനമേറ്റത്.. ക്രൂരമർദനത്താൽ ഇരുകാലുകളുടെയും മസിലുകൾ തകർന്നു. ഇതിനിടെ വസൂരി പിടിപെട്ടത് കൊണ്ട് മർദ്ദനം താത്കാലത്തേക്ക് ഒഴിവായി. ഒരുമാസത്തിന് ശേഷം കോഴിക്കോട് മാലൂർ കുന്നിലെ ക്യാമ്പിലേക്ക് കൊണ്ടുപോയി. അവിടെയും മർദ്ദനം തുടർന്നു. അടിയന്തരാവസ്ഥയ്ക്ക് ശേഷം പുറത്തിറങ്ങി. ഉന്മൂലനസിദ്ധാന്തത്തിന്റെ ഭാഗമായി കേണിച്ചിറ മഠത്തിൽ മത്തായിയെ പൊലീസ് കാവലിൽ വധിച്ചു. അബദ്ധത്തിൽ കാൽ വഴുതി വീണ രാജൻ എന്ന സഹപ്രവർത്തകനെ സംഭവസ്ഥലത്തുവച്ച് പൊലീസ് വെടിവച്ചു കൊന്നു. ഈ കേസിലും കൃഷ്ണൻ പ്രധാന പ്രതിയായി. വീണ്ടും ഒളിവിൽ. മതിയായ തെളിവില്ലാത്തതിനെ തുടർന്ന് സെഷൻസൂം ഹൈക്കോടതിയും കേസ് തള്ളി. മാർക്സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടി ഒഫ് ഇന്ത്യ (റെഡ് ഫ്ളാഗ് ) സംസ്ഥാന നേതാവായിരുന്നു. അസുഖത്തെ തുടർന്ന് പാർട്ടിയിൽ നിന്ന് റിട്ടയർമെന്റ് ആവശ്യപ്പെട്ടിരുന്നു.

Advertisement
Advertisement