വോട്ടെടുപ്പിൽ അസാധാരണ മെല്ലെപ്പോക്ക്, പോളിംഗ് കുറഞ്ഞു, വിധിയും മാറുമോ

Sunday 28 April 2024 4:40 AM IST

# ഒരു മിനിട്ടിൽ രണ്ടുവോട്ട് മാത്രം #വോട്ടിംഗ് മെഷീനും ഇഴച്ചിൽ

# രാത്രിവോട്ടിന് നിൽക്കാതെ സ്ത്രീകൾ മടങ്ങി

തിരുവനന്തപുരം: രാത്രി പതിനൊന്നു വരെ വടകരയിലും, മറ്റു പലയിടത്തും എട്ടു വരെയും വോട്ടെടുപ്പ് നീണ്ടുപോയ അസാധാരണ സാഹചര്യം പോളിംഗ് ഇടിയാൻ കാരണമായെന്ന ആക്ഷേപം ശക്തം. ജയപരാജയങ്ങളെ സ്വാധീനിക്കാൻ ഇതിടയാക്കുമെന്ന ആശങ്കയും ഉയർന്നു. അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ് പ്രതിപക്ഷം.

നാലു ശതമാനം ബൂത്തിലേ രാത്രി എട്ട് വരെ നീണ്ടുള്ളൂവെന്നാണ് കമ്മിഷൻ അവകാശപ്പെടുന്നത്. എന്നാൽ,​ ഇതു ശരിയല്ലെന്ന് മുന്നണികൾ പറയുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 77.67% ആയിരുന്നു പോളിംഗ്. ഇക്കുറി 71.16% ആയി കുറഞ്ഞു.

വൈകുന്നേരം ആറു മണിക്ക് മുമ്പ് എത്തിയവർക്കാണ് രാത്രി വൈകുവോളം കാത്തുനിൽക്കേണ്ടിവന്നത്. സ്ത്രീകൾ അടക്കം വോട്ടുചെയ്യാതെ മടങ്ങി. ഒരു മിനിട്ടിൽ ആറു മുതൽ എട്ട് പേർക്കുവരെ വോട്ടുചെയ്യാൻ കഴിയുമെന്നിരിക്കേ ശരാശരി രണ്ടുപേർക്കാണ് അവസരം കിട്ടിയത്. ഒരാൾക്ക് വോട്ട് ചെയ്യാൻ 10 സെക്കൻഡിൽ താഴെസമയം മതി.

വിവിപാറ്റിനെ കുറിച്ചുള്ള ആരാേപണങ്ങളും കേസും കാരണം ഉദ്യോഗസ്ഥർ സാവധാനമാണ് നടപടികൾ നീക്കിയത്. വെബ് കാസ്റ്റിംഗ് നടത്തിയതിനാൽ പാളിച്ച വരാതിരിക്കാനാണ് ശ്രദ്ധ പുലർത്തിയത്. വോട്ടിടാൻ മുറിയിലേക്ക് പ്രവേശിച്ചയാൾ പുറത്തിറങ്ങിയശേഷമേ മിക്ക ബൂത്തുകളിലും അടുത്തയാളെ അകത്തേക്ക് കടത്തിവിട്ടുള്ളൂ.

ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിൽ ബാഹ്യഇടപെടൽ ഒഴിവാക്കാൻ ഓർഡർ സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് ഡ്യൂട്ടി നിശ്ചയിച്ചത്. സംഘർഷബാധിത ബൂത്തുകളിൽ പരിചയമില്ലാത്ത ഉദ്യോഗസ്ഥർ എത്താനിടയാക്കി.

യന്ത്രത്തകരാർ വോട്ടെടുപ്പ് വൈകാൻ കാരണമായിട്ടില്ലെന്നാണ് റിപ്പോർട്ട്. ബാലറ്റ് യൂണിറ്റ്, കൺട്രോൾ യൂണിറ്റ് എന്നിവയിൽ 0.44ശതമാനം യൂണിറ്റുകൾക്കും വിവിപാറ്റുകളിൽ 2.1ശതമാനത്തിലും മാത്രമാണ് തകരാറുണ്ടായത്.

രാത്രി എട്ടിനുശേഷം

വടകരയിൽ 70000 വോട്ട്

പോളിംഗ് രാത്രി 11വരെ നീണ്ട വടകരയിൽ രാത്രി എട്ടുമണിക്ക് ശേഷം 5% വോട്ട് രേഖപ്പെടുത്തി. രാത്രി എട്ടിന് 73.09% ആയിരുന്നു പോളിംഗ്. 11 മണി ആയപ്പോൾ 78.08% ആയി. 14.21ലക്ഷം വോട്ടർമാരാണുള്ളത്. അവസാനത്തെ മൂന്നു മണിക്കൂർ കൊണ്ട് 70000 വോട്ടുകൾ ചെയ്തെന്നാണ് കണക്ക്.വ്യാപകമായി ഓപ്പൺ വോട്ട് ചെയ്യിച്ചെന്നാണ് പരാതി.

വടകര മാത്രമാണ് വൈകിയത്. ബീപ് ശബ്ദം കേൾക്കാൻ വൈകിയെന്ന പരാതി കിട്ടിയിട്ടില്ല. പരാതി കിട്ടിയാൽ പരിശോധിക്കും

സഞ്ജയ് കൗൾ

- മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

മെഷീൻ മന്ദം മന്ദം

1. ഇക്കുറി വോട്ടുരേഖപ്പെടുത്തിക്കഴിഞ്ഞാൽ വിവിപാറ്റ് സ്ലിപ്പ് ദൃശ്യമാകാനും അത് ബോക്സിലേക്ക് വീണശേഷം ബീപ് ശബ്ദം കേൾക്കാനും കൂടുതൽ സെക്കൻഡുകൾ വേണ്ടിവന്നു

2. ഇതിലെ സമയക്രമം സജ്ജമാക്കിയിരിക്കുന്നത് വോട്ടിംഗ് മെഷീൻ നിർമ്മിച്ചുനൽകിയ ബെൽ എന്ന ബംഗളൂരുവിലെ കേന്ദ്രസർക്കാർ സ്ഥാപനമാണ്

3.വിവിപാറ്റ് സ്ലിപ്പ് വോട്ടർക്ക് ഏഴു സെക്കൻഡാണ് ദൃശ്യമാവുന്നത്. അതു താഴെ ബോക്സിലേക്ക് വീണശേഷമാണ് ബീപ് ശബ്ദം കേൾക്കുന്നത്

4. ബീപ് ശബ്ദം കേട്ടാലേ അടുത്ത വോട്ടിന് മെഷീൻ സജ്ജമാവൂ. അപ്പോൾ കൺട്രോൾ യൂണിറ്റുവഴി ബാലറ്റ് യൂണിറ്റ് ഓൺ ചെയ്തു കൊടുക്കുന്നത് പ്രിസൈഡിംഗ് ഓഫീസറാണ്

പോ​ളിം​ഗ് 71.16% കൂ​ടു​ത​ൽ​ ​വ​ട​ക​ര​യിൽ കു​റ​വ് ​പ​ത്ത​നം​തി​ട്ട​യിൽ (​ബ്രാ​ക്ക​റ്റി​ൽ​ 2019​ലെ​ ​ വോ​ട്ടിം​ഗ്ശ​ത​മാ​നം) തി​രു​വ​ന​ന്ത​പു​രം : 66.46​ ​(73.66) ആ​റ്റി​ങ്ങ​ൽ : 69.40​ ​(74.4) കൊ​ല്ലം : 68.09​ ​(74.66) പ​ത്ത​നം​തി​ട്ട :​ 63.35​ ​(74.24) മാ​വേ​ലി​ക്ക​ര : 65.91​(74.23) ആ​ല​പ്പു​ഴ : 74.90​(80.25) കോ​ട്ട​യം : 65.60​(75.44) ഇ​ടു​ക്കി : 66.53​(76.34) എ​റ​ണാ​കു​ളം : 68.27​(77.63) ചാ​ല​ക്കു​ടി : 71.84​(80.25) തൃ​ശൂ​ർ : 72.79​(77.92) പാ​ല​ക്കാ​ട് : 73.37​ ​(77.72) ആ​ല​ത്തൂ​ർ : 73.20​(80.42) പൊ​ന്നാ​നി : 69.21​(74.98) മ​ല​പ്പു​റം : 72.90​(75.49) കോ​ഴി​ക്കോ​ട് : 75.42​(81.65) വ​യ​നാ​ട് : 73.48​(80.33) വ​ട​ക​ര : 78.08​(82.67) ക​ണ്ണൂ​ർ​ : 76.92​(83.21) കാ​സ​ർ​കോ​ട് : 75.94​(80.65)