ജയരാജൻ മുഖ്യമന്ത്രിയുടെ ദൂതൻ: വി.ഡി.സതീശൻ

Sunday 28 April 2024 12:24 AM IST

കൊച്ചി: മുഖ്യമന്ത്രി ഉൾപ്പെടെയുള്ള സി.പി.എം നേതാക്കൾ കേസുകൾ ഒത്തുതീർപ്പാക്കി പകരം ബി.ജെ.പിയെ ജയിപ്പിക്കാൻ ഒത്താശ ചെയ്യുകയാണെന്ന് പ്രതി​പക്ഷ നേതാവ് വി​.ഡി​.സതീശൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. പ്രകാശ് ജാവദേക്കർ- ഇ.പി.ജയരാജൻ കൂടിക്കാഴ്ചയെയല്ല, ജയരാജനും നന്ദകുമാറും തമ്മിലുള്ള ബന്ധത്തെ മാത്രമാണ് മുഖ്യമന്ത്രി തള്ളിപ്പറഞ്ഞത്.

ജയരാജൻ- ജാവദേക്കർ കൂടിക്കാഴ്ചയ്ക്കു പിന്നിൽ ബിസിനസ് ഡീലാണോ പൊളിറ്റിക്കൽ ഡീലാണോയെന്ന് വ്യക്തമാക്കണം. ലാവ്‌ലിൻ, മാസപ്പടി കേസുകൾ ഒത്തുതീർപ്പാക്കാനുള്ള ദൂതനായതിനാലാണ് ജയരാജനെ പിണറായി വിജയൻ തള്ളിപ്പറയാത്തത്. കൂട്ടുപ്രതിയെ ഒറ്റിക്കൊടുത്ത് മുഖ്യമന്ത്രി രക്ഷപ്പെടാൻ ശ്രമിക്കുകയാണ്. കരുവന്നൂരിൽ ഇ.ഡി അന്വേഷണം കടുപ്പിച്ച് സി.പി.എമ്മിനെ ഭീഷണിപ്പെടുത്തുകയായിരുന്നു. ആ ഡീലാണ് നടന്നത്. നന്ദകുമാറിന്റെ അമ്മയുടെ പിറന്നാളിന് വീട്ടിൽ പോയി ഷാളണിയിച്ച ജയരാജനാണ് നന്ദകുമാറിനെ അറിയില്ലെന്നു പറഞ്ഞത്. മുഖ്യമന്ത്രി നാടകം കളിക്കുകയാണെന്നും സതീശൻ പരിഹസിച്ചു.

Advertisement
Advertisement