പത്തനംതിട്ടയിലെ പോളിംഗ് തകർച്ചയിൽ ആശങ്ക

Sunday 28 April 2024 12:25 AM IST

പത്തനംതിട്ട: സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയ പത്തനംതിട്ടയിൽ മുന്നണികൾക്ക് ആശങ്ക. കഴിഞ്ഞ തവണത്തേക്കാൾ 10.87 ശതമാനമാണ് കുറഞ്ഞത്. സ്ഥാനാർത്ഥികളോടുള്ള നിസംഗതയാണ് കാരണമെന്നും കടുത്ത ചൂട് പോളിംഗിനെ ബാധിച്ചെന്നും അഭിപ്രായങ്ങളുയർന്നിട്ടുണ്ട്.

കഴിഞ്ഞ തവണ വിജയിച്ച ആന്റോ ആന്റണിയും തൊട്ടടുത്ത എതിരാളിയായിരുന്ന വീണാജോർജും തമ്മിലുള്ള വോട്ടു വ്യത്യാസം 4.31 ശതമാനം മാത്രമായിരുന്നു. മൂന്നാം സ്ഥാനത്തായിരുന്ന കെ.സുരേന്ദ്രനേക്കാളും എട്ടു ശതമാനത്തിന്റെ വർധനയാണ് ആന്റോയ്ക്കുണ്ടായിരുന്നത്.

ഇത്തവണ പോളിംഗിൽ പത്ത് ശതമാനത്തിലേറെ കുറവുണ്ടായത് എൽ.ഡി.എഫിനെയും യു.ഡി.എഫിനെയുമാണ് ഞെട്ടിച്ചത്. പതിനഞ്ച് വർഷം എം.പിയായിരുന്ന ആന്റോ ആന്റണി മണ്ഡലത്തിൽ ഒന്നും ചെയ്തില്ലെന്നു പറയുമ്പോൾതന്നെ, എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ഐസക്ക് പത്തനംതിട്ടയുടെ രാഷ്ട്രീയത്തിന് പറ്റിയ സ്ഥാനാർത്ഥിയല്ലെന്നും വിമർശനം ഉണ്ടായിരുന്നു.ബി.ജെ.പി സ്ഥാനാർത്ഥി അനിൽ ആന്റണി പിതാവ് എ.കെ ആന്റണിയെ രൂക്ഷമായ വാക്കുകളിൽ വിമർശിച്ചത് വോട്ടർമാരിൽ അവമതിപ്പുണ്ടാക്കി.

പോളിംഗിന്റെ ആദ്യ മൂന്ന് മണിക്കൂറിൽ പത്തൊൻപത് ശതമാനം പേർ വോട്ടു ചെയ്തിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെ നാൽപ്പത്തിരണ്ട് ശതമാനമായി ഉയർന്നു. ആകെ പോളിംഗ് എഴുപത് ശതമാനം കടക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, ഉച്ചയ്ക്ക് ശേഷം പോളിംഗ് ബൂത്തുകളിൽ തിരക്കൊഴിഞ്ഞു.

നിയസഭാ മണ്ഡലങ്ങളിൽ യു.ഡി.എഫിന് വലിയ സ്വാധീനമുള്ള പൂഞ്ഞാറിലും കാഞ്ഞിരപ്പള്ളിയിലും എൽ.ഡി.എഫ് ശക്തികേന്ദ്രങ്ങളായ ആറൻമുള, റാന്നി, കോന്നി മണ്ഡലങ്ങളിലുമാണ് വലിയ തോതിൽ പോളിംഗ് കുറഞ്ഞത്. പൂഞ്ഞാറിൽ കഴിഞ്ഞ തവണത്തേക്കാൾ 12.20 ശതമാനവും കാഞ്ഞിരപ്പള്ളിയിൽ 10.77 ശതമാനവും ആറൻമുളയിൽ 9.15, റാന്നിയിൽ 8.08 എന്നീ ക്രമത്തിലുമാണ് പോളിംഗ് കുറഞ്ഞത്.

പത്തനംതിട്ടയിലെ

പോളിംഗ് ശതമാനം

2024 : 63.37

2019 : 74.24

വ്യത്യാസം 10.87