താരമായി പോൾ മാനേജർ ആപ്പ്

Sunday 28 April 2024 12:26 AM IST

പത്തനംതി​ട്ട : തി​രഞ്ഞെടുപ്പ് നടപടികൾ കാര്യക്ഷമമായ രീതിയിൽ പൂർത്തിയാക്കുന്നതിൽ സഹായകമായത് പോൾ മാനേജർ മൊബൈൽ ആപ്പ്. തി​രഞ്ഞെടുപ്പ് ദിവസം ഓരോ ബൂത്തിലും നടക്കുന്ന കാര്യങ്ങൾ ജില്ലാതലത്തിലുളള കൺട്രോൾ റൂമിൽ നിന്നു നേരിട്ട് നിരീക്ഷിക്കാനും പ്രശ്‌നങ്ങൾ പരിഹരിക്കാനും ആപി​ലൂടെ സാധി​ച്ചു. മൊബൈൽ ആപ്പിനെ കേരള പോൾസ് എന്ന പേരിൽ തയ്യാറാക്കിയ വെബ് പോർട്ടലുമായി ബന്ധിപ്പിച്ചാണ് ജില്ലാതലത്തിൽ വിവരങ്ങൾ ക്രോഡീകരിച്ചത്.
ചീഫ് ഇലക്ടറൽ ഓഫീസർ, ജില്ലാ ഇലക്ഷൻ ഓഫീസർ, അസി. റിട്ടേണിംഗ് ഓഫീസർമാർ എന്നിവർക്ക് ലൈവായി ഇത് നിരീക്ഷിക്കാൻ കഴിയും വിധമായിരുന്നു സംവിധാനം. പോളിംഗ് സ്റ്റേഷനിലേക്ക് നിയമിക്കപ്പെട്ട ഉദ്യോഗസ്ഥർ പുറപ്പെടുന്നത് മുതൽ തിരിച്ചെത്തുന്നത് വരെയുളള വിവരങ്ങൾ പോൾ മാനേജർ മൊബൈൽ ആപ്പ് വഴി ലഭ്യമായിരുന്നു. വിതരണ കേന്ദ്രത്തിൽ നിന്ന് പുറപ്പെട്ട സമയം, ബൂത്തിൽ എത്തിയ സമയം എന്നിങ്ങനെ 20 ചോദ്യങ്ങൾക്കുളള ഉത്തരം ഫീഡ് ചെയ്യാനുളള സംവിധാനം ആപ്പിലുണ്ട്. കൂടാതെ, വോട്ടെടുപ്പിന് തടസങ്ങൾ നേരിട്ടാലും ആപ്പ് മുഖേന അറിയാൻ കഴിഞ്ഞു. ഓരോ മണിക്കൂർ ഇടവിട്ട് എത്ര പുരുഷൻമാർ, സ്ത്രീകൾ, ഭിന്നലിംഗക്കാർ എന്നിവർ വോട്ട് ചെയ്തുവെന്ന വിവരങ്ങൾ ഉദ്യോഗസ്ഥർക്ക് അറിയാൻ കഴിഞ്ഞതും വോട്ടെടുപ്പിന്റെ വിശദാംശങ്ങൾ അപ്ലോഡ് ചെയ്യാനും ക്രമീകരണമുണ്ടായിരുന്നു.

Advertisement
Advertisement