തിരഞ്ഞെടുപ്പ് അട്ടിമറിയും ഇ.പി വിഷയവും ആയുധമാക്കി കോൺ.

Sunday 28 April 2024 2:33 AM IST

തിരുവനന്തപുരം: വോട്ടെടുപ്പ് കഴിഞ്ഞുള്ള ആദ്യ ദിവസം തന്നെ തിരഞ്ഞെടുപ്പ് അട്ടിമറിയിലും ഇ.പി വിഷയത്തിലും ആരോപണം കടുപ്പിച്ച് കോൺഗ്രസ്. വാർത്താ സമ്മേളനങ്ങളിലൂടെയാണ് നേതാക്കളായ കെ.സി.വേണുഗോപാൽ, വി.ഡി.സതീശൻ, രമേശ് ചെന്നിത്തല എന്നിവർ രംഗത്തെത്തിയത്. ഇ.പി.ജയരാജൻ- ജാവദേക്കർ‌ കൂടിക്കാഴ്ചയിൽ മൂവരും ഉന്നംവച്ചത് മുഖ്യമന്ത്രിയെ. സി.പി.എം- ബി.ജെ.പി ധാരണയെന്ന ആരോപണവും അരക്കിട്ടുറപ്പിച്ചു. വിഷയത്തിൽ സംസ്ഥാന സി.പി.എം, ബി.ജെ.പി നേതൃത്വങ്ങൾ പ്രതികരിച്ചിട്ടില്ല.

വോട്ടെടുപ്പ് കഴിഞ്ഞ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് അവലോകനത്തിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണ് മുന്നണികൾ. എൽ.ഡി.എഫ്, എൻ.ഡി.എ മുന്നണികൾ തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ വിലയിരുത്തൽ ആരംഭിക്കും. കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ 29ന് മടങ്ങിയെത്തുന്നതോടെ യു.ഡി.എഫും ഔദ്യോഗികമായ അവലോകനങ്ങളിലേക്ക് കടക്കും.

മുഖ്യമന്ത്രി പിണറായി വിജയൻ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ എന്നിവർ ഇന്ന് തലസ്ഥാനത്ത് മടങ്ങിയെത്തും. നാളെ ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ഇവർ പങ്കെടുക്കും.

തലസ്ഥാനത്തുണ്ടായിരുന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ജില്ലകളിലെ നേതാക്കളുമായി ഫോണിൽ ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് സംബന്ധിച്ച പ്രാഥമിക വിലയിരുത്തൽ നടത്തി. പോളിംഗിലുണ്ടായ കുറവ് തങ്ങളെ ബാധിക്കില്ലെന്നും എൽ.ഡി.എഫ് വോട്ടുകൾ എല്ലായിടത്തും വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വയനാട്ടിലുള്ള ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ മടങ്ങിയെത്തിയ ശേഷമാകും ബി.ജെ.പി തിരഞ്ഞെടുപ്പ് അവലോകനത്തിലേക്ക് കടക്കുക. സംസ്ഥാനത്ത് അക്കൗണ്ട് തുറക്കാമെന്ന ആത്മവിശ്വാസമുണ്ടെന്ന് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി.

Advertisement
Advertisement