പോളിംഗിലെ കുറവ്; ആലത്തൂരിൽ മുന്നണികൾക്ക് ആശങ്ക

Monday 29 April 2024 1:32 AM IST
ആലത്തൂർ ലോക്‌സഭാ മണ്ഡലം

പാലക്കാട്: 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പിനേക്കാൾ പോളിംഗ് ശതമാനം ഗണ്യമായി കുറഞ്ഞതിന്റെ ഞെട്ടലിലാണ് ആലത്തൂരിൽ മുന്നണികൾ. 2019ൽ 80.42 ശതമാനം പോളിംഗ് നടന്ന മണ്ഡലത്തിൽ ഇക്കുറി വോട്ടിംഗ് 73.20 ശതമാനമായി. 7.22 ശതമാനത്തിന്റെ കുറവ്. ഇത് എൽ.ഡി.എഫ്, യു.ഡി.എഫ് കേന്ദ്രങ്ങളെ ഒരുപോലെ ആശങ്കയിലാക്കുന്നുണ്ട്. 2009ൽ 75.28 ശതമാനമായിരുന്നു ആലത്തൂരിലെ വോട്ടിംഗ്. 2014ൽ ഇത് 76.24 ആയി ഉയർന്നു. 2019ലെ വാശിയേറിയ പോരാട്ടത്തിൽ വോട്ടിംഗ് ശതമാനം ഉയർന്ന് 80.42 ആയി. ഇതാണ് ഇത്തവണ 73.20 ആയത്. വോട്ടിംഗ് ശതമാനം കുറഞ്ഞത് ആരെ തുണയ്ക്കും എന്ന വിഷയത്തിൽ എൽ.ഡി.എഫും യു.ഡി.എഫും അവകാശവാദവും തുടങ്ങിയിട്ടുണ്ട്. രണ്ടാംഘട്ട വോട്ടെടുപ്പ് നടന്ന രാജ്യത്തെ എല്ലാ മണ്ഡലങ്ങളിലും 2019നെ അപേക്ഷിച്ച് വോട്ടിംഗ് ശതമാനം കാര്യമായി കുറഞ്ഞിട്ടുണ്ട്. അതിന്റെ ഭാഗമായാണ് കേരളത്തിലും വോട്ടെടുപ്പ് കുറഞ്ഞതെന്നാണ് വിലയിരുത്തൽ. വോട്ടെടുപ്പ് കുറയാൻ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥയും കാരണമായിട്ടുണ്ടെന്ന് പാർട്ടികൾ കുറ്റപ്പെടുത്തുന്നു. ആലത്തൂർ ലോക്‌സഭ മണ്ഡലത്തിൽ 5,04,204 സ്ത്രീകളും 4,74,923 പുരുഷന്മാരും അഞ്ച് ട്രാൻസ്ജൻഡർ വ്യക്തികളും ഉൾപ്പെടെ ആകെ 9,79,732 പേർ വോട്ട് രേഖപ്പെടുത്തി. ആലത്തൂർ നിയോജക മണ്ഡലത്തിലാണ് എറ്റവും കൂടുതൽ പോളിംഗ് നടന്നത് 74.92 ശതമാനം. എൽ.ഡി.എഫ് സ്ഥാനാർത്ഥിയും മന്ത്രിയുമായ കെ. രാധാകൃഷ്ണന്റെ സ്വന്തം മണ്ഡലമായ ചേലക്കരയിലാണ് ഏറ്റവും കുറഞ്ഞ പോളിങ് 72.01 ശതമാനം. ഇത് ഇടതുകേന്ദ്രങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്. ചേലക്കര, കുന്നംകുളം, വടക്കാഞ്ചേരി നിയോജക മണ്ഡലങ്ങളിൽ വോട്ടുവിഹിതം ഉയർത്തി വിജയം ഉറപ്പാക്കാം എന്നായിരുന്നു എൽ.ഡി.എഫ് കണക്കുകൂട്ടൽ. എന്നാൽ, ഈ മണ്ഡലങ്ങളിൽ കാര്യമായ വോട്ടെടുപ്പ് നടന്നില്ല. കുന്നംകുളം 72.25 ശതമാനം, വടക്കാഞ്ചേരി 72.05. മികച്ച ഭൂരിപക്ഷത്തിൽ മണ്ഡലം എൽ.ഡി.എഫ് തിരിച്ചുപിടിക്കുമെന്നും എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി സി.കെ.രാജേന്ദ്രൻ പറയുന്നു. തികഞ്ഞ വിജയപ്രതീക്ഷയിലാണെന്നും യു.ഡി.എഫ് വോട്ടുകൾ കൃത്യമായി പോൾ ചെയ്യപ്പെട്ടിട്ടുണ്ടെന്നും യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ് പറഞ്ഞു. പെൻഷൻ മുടങ്ങിയ പരാതി ഏറ്റവും കൂടുതൽ ഉയർന്നുകേട്ട മണ്ഡലമാണ് ആലത്തൂരെന്നും രമ്യ പറയുന്നു. വോട്ടുവിഹിതം കാര്യമായി ഉയർത്താനാകും എന്നാണ് ബി.ജെ.പി കേന്ദ്രങ്ങൾ പ്രതീക്ഷ പങ്കുവെക്കുന്നത്.

Advertisement
Advertisement