ഇതെന്തൊരു കൊടും ചൂട്

Monday 29 April 2024 1:38 AM IST

പാലക്കാട്: കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉഷ്ണതരംഗം സ്ഥിരീകരിച്ച പാലക്കാട് ജില്ലയിൽ ഒരാൾ കൂടി സൂര്യാതപമേറ്റ് മരിച്ചതോടെ ജാഗ്രതാ നിർദേശവുമായി ആരോഗ്യ വകുപ്പ്. ജില്ലയിൽ തുടർച്ചയായ മൂന്നാം ദിവസവും താപനില 41 ഡിഗ്രിക്ക് മുകളിലാണ്. ജില്ലയിൽ സൂര്യാതപമേറ്റ് എലപ്പുള്ളി സ്വദേശി ലക്ഷ്മി(90)യാണ് മരിച്ചത്. കഴിഞ്ഞദിവസം വീടിന് സമീപത്തുള്ള കനാലിലാണ് ലക്ഷ്മിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യം മരണകാരണം വ്യക്തമായിരുന്നില്ല. തുടർന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് മരണകാരണം സൂര്യാതപമേറ്റതാണെന്ന് മനസിലായത്. മൃതദേഹം നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

ശനിയാഴ്ച സംസ്ഥാനത്ത് ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില 41.8 രേഖപ്പെടുത്തി. ഇന്നലെ 41.2 ചൂടാണ് രേഖപ്പെടുത്തിയത്. വോട്ടെടുപ്പ് ദിനം ജില്ലയിൽ 41.4 ഡിഗ്രി സെൽഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. ജില്ലയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കേന്ദ്രത്തിന്റെ ഉഷ്ണതരംഗ മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്. ജില്ലയിൽ താപനില ഉയർന്ന സാഹചര്യത്തിൽ സൂര്യാഘാതവും സൂര്യാതപവും മൂലമുള്ള പൊള്ളലിന് സാധ്യതയുണ്ടെന്നും ജനങ്ങൾ അതിജാഗ്രത പാലിക്കണമെന്നും ജില്ല മെഡിക്കൽ ഓഫിസർ അറിയിച്ചു.

സൂര്യാഘാത ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടണം. വളരെ ഉയർന്ന ശരീരതാപം, വറ്റിവരണ്ട ചുവന്ന ചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസികാവസ്ഥയിലെ വ്യതിയാനങ്ങൾ, അബോധാവസ്ഥ, തൊലി ചുവന്നുതടിക്കൽ, വേദന, പൊള്ളൽ, തൊലിപ്പുറത്ത് കുരുക്കൾ, പേശീവലിവ്, ഓക്കാനം, ഛർദി, മൂത്രത്തിന്റെ അളവ് കുറഞ്ഞ് മഞ്ഞ നിറമാകൽ എന്നിവയെല്ലാം സൂര്യാഘാതമോ സൂര്യാതപമോ ഏറ്റതിന്റെ ലക്ഷണങ്ങളാകാം.

 രാവിലെ 11 മുതൽ മൂന്നു വരെ നേരിട്ട് വെയിൽ കൊള്ളരുത്.

 വെയിലത്ത് നടക്കേണ്ടിവരുമ്പോൾ കുട, തൊപ്പി, ടവ്വൽ എന്നിവ ഉപയോഗിക്കണം.

 പുറത്തുപോകുമ്പോൾ ഷൂസ് അല്ലെങ്കിൽ ചെരിപ്പ് നിർബന്ധമായും ധരിക്കണം.

 പാർക്ക് ചെയ്ത വാഹനങ്ങളിൽ കുട്ടികളെയും പ്രായമായവരെയും ഇരുത്തി പോകുന്നത് ഒഴിവാക്കണം.

 കഴിവതും ഇളംനിറമുള്ള പരുത്തിവസ്ത്രങ്ങൾ ഉപയോഗിക്കണം. ഇടയ്ക്കിടെ കൈ, കാൽ, മുഖം എന്നിവ ശുദ്ധജലമുപയോഗിച്ച് കഴുകണം.

 ചെറിയ കുട്ടികൾ, പ്രായാധിക്യം മൂലമുള്ള ശാരീരികപ്രശ്നങ്ങൾ അനുഭവിക്കുന്നവർ, ഗർഭിണികൾ, അസുഖം മൂലം ക്ഷീണമനുഭവിക്കുന്നവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം.

 പുറത്തുപോകുമ്പോൾ എപ്പോഴും കുടിവെള്ളം കരുതണം.

ദാഹമില്ലെങ്കിലും ഇടക്കിടെ ശുദ്ധജലം കുടിക്കണം, ശാരീരികാധ്വാനമനുസരിച്ചും വിയർപ്പനുസരിച്ചും കൂടുതൽ വെള്ളം കുടിക്കണം.

സംഭാരം, ഇളനീര്, നാരങ്ങവെള്ളം ഇവയെല്ലാം ധാരാളം കഴിക്കാം. മദ്യം, ചായ, കാപ്പി, കാർബണേറ്റഡ് സിന്തറ്റിക് കോളകൾ എന്നിവയുടെ ഉപയോഗം നിയന്ത്രിക്കണം. ജലാംശം കൂടുതലുള്ള പഴങ്ങളും പച്ചക്കറികളും വൃത്തിയായി കഴുകി ഉപയോഗിക്കണം.

Advertisement
Advertisement