 തെരുവുനായയുടെ ആക്രമണം: നഷ്ടപരിഹാരത്തിന് ജനസേവ ഹെല്പ് ലൈൻ പദ്ധതി

Sunday 28 April 2024 6:40 PM IST

ആലുവ: തെരുവുനായ ആക്രമണത്തിൽ പരിക്കേൽക്കുന്നവർക്ക് സർക്കാരിൽ നിന്ന് നഷ്ടപരിഹാരം ലഭ്യമാക്കാൻ ആലുവ ജനസേവ തെരുവുനായ വിമുക്ത കേരള സംഘത്തിന്റെ നേതൃത്വത്തിൽ ഹെല്പ് ലൈൻ ആരംഭിക്കും. ഹെല്പ് ലൈൻ നമ്പർ: 9633361101. രാവിലെ 10 മുതൽ വൈകിട്ട് 6 മണി വരെ ബന്ധപ്പെടുന്നവർക്ക് നിയമസഹായവും മറ്റും സൗജന്യമായി ലഭിക്കും.

നഷ്ടപരിഹാരം ലഭിക്കുമെന്ന് അറിയില്ല

നിരവധി പേരാണ് ദിനംപ്രതി തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നത്. കേരളത്തിലെ ജനങ്ങൾക്ക് ആക്രമണവുമായി ബന്ധപ്പെട്ട കഷ്ട, നഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ 2018 ലെ സുപ്രീം കോടതി ഉത്തരവ് പ്രകാരം റിട്ട. ജസ്റ്റിസ് സിരിജഗൻ അദ്ധ്യക്ഷനായുള്ള കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഇവരുടെ ശുപാർശ പ്രകാരമാണ് ആക്രമണത്തിന് വിധേയരാകുന്നവർക്ക് സർക്കാർ നഷ്ടപരിഹാരം നൽകുന്നത്. എന്നാൽ ഭൂരിഭാഗം പേർക്കും സർക്കാരിൽ നിന്ന് നഷ്ടപരിഹാരം ലഭിക്കുമെന്ന് അറിയാത്തതിനാൽ ആരും അതിനായി ശ്രമിക്കുന്നുമില്ല. ഇതിനാലാണ് ജനസേവ ഹെല്പ് ലൈൻ പദ്ധതി ആരംഭിക്കുന്നതെന്ന് തെരുവുനായ വിമുക്ത കേരള സംഘം മുഖ്യ രക്ഷാധികാരി ഡോ. ടോണി ഫെർണാണ്ടസ്, ചെയർമാൻ ജോസ് മാവേലി എന്നിവർ അറിയിച്ചു.

Advertisement
Advertisement