സൂര്യാഘാതമേറ്റ് രണ്ടു മരണം, സംഭവം മാഹിയിലും പാലക്കാട്ടും

Monday 29 April 2024 12:00 AM IST
വിശ്വനാഥൻ

പാലക്കാട്/ മാഹി: സൂര്യാഘാതമേറ്ര് ചികിത്സയിലായിരുന്നയാൾ ഉൾപ്പെടെ രണ്ടുപേർ വേനൽച്ചൂടിൽ മരിച്ചു. മാഹിയിൽ കിണർ പണിക്കിടെ സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന പന്തക്കൽ പന്തോക്കാട്ടിലെ ഉളുമ്പന്റവിട മതയമ്പത്ത് യു.എം.വിശ്വനാഥനാണ് (53) മരിച്ചത്. ഇടയിൽ പീടിക ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറായിരുന്നു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് നിടുമ്പ്രത്തെ കിണറ്റിൽ നിന്ന് മണ്ണ് വലിച്ചുകയറ്റുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് തളർന്നു വീഴുകയായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെ മരിച്ചു. ഭാര്യ: പ്രജിഷ. മക്കൾ: വിനയപ്രിയ (എൻജി. വിദ്യാർത്ഥി), വിശ്വപ്രിയ (പന്തക്കൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥി).

പാലക്കാട് എലപ്പുള്ളിയിൽ പരേതനായ കൃഷ്ണന്റെ ഭാര്യ ലക്ഷ്മിയെ (90) ശനിയാഴ്ച വൈകിട്ട് ആളിയാർ കനാലിൽ വീണുകിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു. വൈകിട്ട് നടക്കാനിറങ്ങിയതായിരുന്നു. ശരീരത്തിൽ പൊള്ളലേറ്റ പാടുകളുണ്ടായിരുന്നു. തലയ്ക്കും പരിക്കുണ്ട്. ഇന്നലെ പോസ്റ്റുമോർട്ടത്തിലാണ് മരണകാരണം സൂര്യാഘാതമാണെന്ന് സ്ഥിരീകരിച്ചത്. മകൾ: ശ്രീദേവി. മരുമകൻ: മോഹനൻ.

Advertisement
Advertisement