നരസിംഹമൂർത്തിക്ക് വഴിപാട് ഗൂഗിൾപേ വഴി  ദേവസ്വം ഓഫീസർ കുടുങ്ങി​

Monday 29 April 2024 12:37 AM IST

കൊച്ചി: വഴിപാട് പണം ഗൂഗിൾപേയിലൂടെ സ്വന്തം അക്കൗണ്ടിലേക്ക് വാങ്ങിയ ദേവസ്വം ഓഫീസർ കുടുങ്ങി. കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലെ തൃശൂർ കെ.എസ്.ആർ.ടി​.സി​. സ്റ്റാൻ‌ഡിന് സമീപത്തെ കുളശേരി ലക്ഷീനരസിംഹമൂർത്തി ക്ഷേത്രം മുൻ ദേവസ്വം ഓഫീസർ വി​. സന്തോഷിനെതിരെ പൊലീസിൽ പരാതി നൽകാൻ വിജിലൻസ് ശുപാർശ. ദേവസ്വം വിജിലൻസിന്റെ അന്വേഷണത്തിൽ മൂന്ന് ലക്ഷത്തി​ലേറെ രൂപയുടെ ഇടപാട് കണ്ടെത്തിയെന്നാണ് സൂചന.

സംഭവത്തിൽ അടിയന്തരമായി അന്വേഷണം നടത്താനും തുടർ നടപടികൾ സ്വീകരിക്കാനും ദേവസ്വം കമ്മിഷണറെ ചുമതലപ്പെടുത്തി ദേവസ്വം സെക്രട്ടറി പി.ബിന്ദു കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ദേവസ്വം ഓഫീസിലെ ബോർഡിൽ പ്രദർശിപ്പിച്ചിരുന്ന ഫോൺ നമ്പറിനെക്കുറിച്ച് കഴിഞ്ഞ ഒക്ടോബറിൽ കെ.അനൂപ് എന്നയാൾ നൽകിയ പരാതിയെ തുടർന്നായിരുന്നു അന്വേഷണം. സന്തോഷ് ഇപ്പോൾ ഊരകം അമ്മത്തിരുവടി ക്ഷേത്രം ദേവസ്വം ഓഫീസറാണ്. സന്തോഷിനെതിരെ സസ്പെഷൻ ഉൾപ്പടെയുള്ള നടപടികൾ ഉടനുണ്ടായേക്കും. 2020 - 22 കാലഘട്ടത്തി​ലാണ് കുളശേരി​ ക്ഷേത്രത്തി​ൽ ജോലി​ ചെയ്തി​രുന്നത്.

ചീഫ് വിജിയലൻസ് ഓഫീസറുടെ കണ്ടെത്തലുകൾ

ദേവസ്വം ബോർഡിന്റെ അനുമതിയില്ലാതെ സന്തോഷ് സ്വന്തം അക്കൗണ്ടിലേക്ക് വഴിപാട് പണം സ്വീകരിച്ചിട്ടുണ്ട്

 തുക കൃത്യമായി​ ദേവസ്വം അക്കൗണ്ടിലേക്ക് അടച്ചിട്ടില്ല.

 സന്തോഷിന്റെ ഗൂഗിൾ പേ അക്കൗണ്ട്, വഴിപാട് രജിസ്റ്റർ എന്നിവർ അടിയന്തരമായി ദേവസ്വം ഓഡിറ്റ് വിഭാഗം പരിശോധിക്കണമെന്ന് ശുപാർശ

ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കാൻ പരിമിതികളുള്ളതിനാൽ പൊലീസിൽ കേസ് രജിസ്റ്റർ ചെയ്യുന്നതാണ് ഉചിതം

അന്വേഷണത്തി​ന് സ്വാഗതം

കൊവി​ഡി​ന് ശേഷം ദേവസ്വം ക്യു.ആർ. കോഡ് കൊണ്ടുവരുന്നതി​ന് മുമ്പാണ് ഭക്തരുടെ സൗകര്യത്തി​ന് വേണ്ടി​ വഴി​പാട് പണം സ്വന്തം അക്കൗണ്ടി​ലേക്ക് സ്വീകരി​ച്ചത്. തുക കൃത്യമായി രശീതെഴുതി​​ ദേവസ്വം അക്കൗണ്ടി​ൽ അടച്ചി​ട്ടുണ്ട്. ഗൂഗി​ൾ പേ ഡയറി​യും ഓഫീസിൽ ഉണ്ട്. സദുദ്ദേശത്തോടെ ചെയ്തതാണ്. ഒരു കൃത്രി​മവും നടത്തി​യി​ട്ടി​ല്ല.

വി​.സന്തോഷ്

ദേവസ്വം ഓഫീസർ

Advertisement
Advertisement