അന്ധവിശ്വാസത്തിനെതിരെ പിടിച്ച കണ്ണാടിയായി 'പഞ്ചവത്സര പദ്ധതി"

Monday 29 April 2024 12:00 AM IST

തിരുവനന്തപുരം: 'കലമ്പാസുരൻ" എന്ന പ്രതീകാത്മ കഥാപാത്രത്തിന്റെയും 'കലമ്പേരി" ഗ്രാമത്തിന്റെയും കഥ പറയുന്ന ചലച്ചിത്രം 'പഞ്ചവത്സര പദ്ധതി" പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റുന്നു. മിത്തും വിശ്വാസവും തുറന്ന ചർച്ചയ്ക്ക് വേദിയാകുന്ന ഇന്നത്തെ സമൂഹത്തിൽ അന്ധവിശ്വാസം വേരുപിടിക്കുന്നത് എങ്ങനെയെന്നാണ് നർമ്മത്തിൽ ചാലിച്ച ആക്ഷേപഹാസ്യമായി പഞ്ചവത്സര പദ്ധതിയിൽ അവതരിപ്പിക്കുന്നത്.

പി.ജി. പ്രേംലാൽ സംവിധാനം ചെയ്ത സിനിമയിൽ സിജു വിൽസണാണ് നായകൻ. അക്ഷയ സെന്റർ ഉടമയായ സനോജിനെ (സിജു വിൽസൺ) ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ടുപോകുന്നത്. കലമ്പേരി ഗ്രാമത്തിലെ കുടിവെള്ള പ്രശ്നവും കലമ്പാസുരൻ എന്ന സാങ്കല്പിക കഥാപാത്രത്തിന്റെ രംഗപ്രവേശവും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമയുടെ പ്രമേയം. മുപ്പത് കുടുംബങ്ങൾ താമസിക്കുന്ന കലമ്പേരിയിലെ ജനങ്ങൾ വെള്ളത്തിനായി ആശ്രയിക്കുന്നത് സമീപത്തെ പാറമടയെയാണ്. അതിസാഹസികമായാണ് അവിടെനിന്ന് വെള്ളമെടുക്കുന്നത്. വെള്ളമെടുക്കാൻ പോയ ഒരു സ്ത്രീ മരിച്ചത് ഗ്രാമവാസികൾക്കിടയിൽ വലിയ ഭീതിയുണ്ടാക്കുന്നു. അതിനിടെ കലമ്പാസുരന്റെ കാൽപ്പാടുകൾ കലമ്പാറയിൽ പ്രത്യക്ഷപ്പെടുന്നതോടെ കഥാഗതി മാറുന്നു. തുടർന്നുള്ള സംഭവങ്ങളാണ് സിനിമയെ മുന്നോട്ടുനയിക്കുന്നത്. ഭക്തിയും യുക്തിയും തമ്മിലെ പോരാട്ടവും അതിനെ ചിലർ സ്വാർത്ഥതയ്ക്കുവേണ്ടി ദുരുപയോഗിക്കുന്നതുമെല്ലാം ചിത്രത്തിൽ ഗംഭീരമായി അവതരിപ്പിച്ചിരിക്കുന്നു.

ഇരിങ്ങാലക്കുട സ്വദേശിയായ കൃഷ്ണേന്ദു എ. മേനോനാണ് ചിത്രത്തിലെ നായിക. ഷൈനി എന്ന ഗ്രാമീണ പെൺകുട്ടിയുടെ വേഷത്തിലാണ് കൃഷ്‌ണേന്ദു എത്തുന്നത്. പി.പി. കുഞ്ഞിക്കൃഷ്ണൻ, നിഷ സാരംഗ്, വിജയകുമാർ, ലാലി പി.എം, ജിബിൻ ഗോപിനാഥ്, മുത്തുമണി, ജോളി ചിറയത്ത്, അച്യുതാനന്ദൻ, അന്തരിച്ച ഹരീഷ് പേങ്ങൻ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കിച്ചാപ്പൂസ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ കെ.ജി. അനിൽകുമാറാണ് ചിത്രം നിർമ്മിച്ചത്.

തിരക്കഥ: സജീവ് പാഴൂ‌ർ. സംഗീത സംവിധാനം ഷാൻ റഹ്മാനും ഛായാഗ്രഹണം ആൽബിയും എഡിറ്റിംഗ് കിരൺ ദാസും നിർവഹിച്ചിരിക്കുന്നു. ഗാനരചന: റഫീഖ് അഹമ്മദ്, എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ആർട്ട്: ത്യാഗു തവനൂർ, മേക്കപ്പ്: രഞ്ജിത്ത് മണലിപ്പറമ്പിൽ, സ്റ്റണ്ട്: മാഫിയ ശശി, വസ്ത്രാലങ്കാരം: വീണ സ്യമന്തക്, പ്രൊഡക്ഷൻ കൺട്രോളർ: പി.കെ.ജിനു.

Advertisement
Advertisement