ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരം പാളും, അടിസ്ഥാന സൗകര്യം ഒരുക്കിയില്ല

Monday 29 April 2024 12:00 AM IST

തിരുവനന്തപുരം: മേയ് മുതൽ റിവേഴ്സ് പാർക്കിംഗും ഗ്രേഡിയന്റ് പരീക്ഷണവും ഉൾപ്പെടെ ഡ്രൈവിംഗ് ടെസ്റ്റ് കർശനമാക്കാൻ ഉത്തരവായെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടില്ല. ഒരിടത്തും സ്ഥലമൊരുക്കാനുള്ള തുക അനുവദിച്ചില്ല. അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാൽ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണം നടക്കില്ല. ടെസ്റ്റുകളുടെ എണ്ണം കുറയ്ക്കാനുള്ള തീരുമാനം മാത്രമേ നടപ്പാവൂ.

മേയ് മുതൽ ദിവസം 20 പുതിയ അപേക്ഷകരെയും പത്ത് പരാജയപ്പെട്ടവരെയും മാത്രമാകും ടെസ്റ്റിൽ പങ്കെടുപ്പിക്കുക.

വകുപ്പിന്റെ കൈവശമുള്ള എട്ട് ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് ട്രാക്കുകൾ പോലും പൂർണസജ്ജമല്ല. മന്ത്രിയുടെ നിർദേശപ്രകാരം 77 ഓഫീസുകളുടെ പരിധിയിൽ ടെസ്റ്റിനു സ്ഥലമൊരുക്കാൻ ഉദ്യോഗസ്ഥർ പദ്ധതി തയ്യാറാക്കിയിരുന്നു. ഒന്നരമാസം കാത്തിരുന്നിട്ടും തുക അനുവദിച്ചില്ല. ഇതിനിടെയാണ് മേയ് മുതൽ റിവേഴ്സ് പാർക്കിംഗും ഗ്രേഡിയന്റ് പരീക്ഷണവും ഉൾപ്പെടെ ഡ്രൈവിംഗ് ടെസ്റ്റ് കർശനമാക്കാൻ നിർദേശം നൽകിയത്.

നിലവിലെ ടെസ്റ്റിൽ പരമാവധിപേരെ പരാജയപ്പെടുത്താൻ നിർദേശമുണ്ടെന്നാണ് ഡ്രൈവിംഗ് സ്കൂളുകാരുടെ പരാതി.

എണ്ണം കുറയ്ക്കുന്നതോടെ ലൈസൻസിനുള്ള കാത്തിരിപ്പു നീളും.

നൂറ് ടെസ്റ്റ് നടത്തിയ

ഉദ്യോഗസ്ഥർക്ക് ടെസ്റ്റ്

ദിവസം നൂറിലധികം ഡ്രൈവിംഗ് ടെസ്റ്റ് നടത്തിയ 15 ഉദ്യോഗസ്ഥരെക്കൊണ്ട് ഇന്ന് തിരുവനന്തപുരം മുട്ടത്തറയിലെ ഡ്രൈവർ ടെസ്റ്റിംഗ് കേന്ദ്രത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് പരീക്ഷണം നടത്തും. മന്ത്രിയുടെ നിർദേശപ്രകാരമാണിത്. ഇവരെക്കൊണ്ട് ഡ്രൈവിംഗ് ടെസ്റ്റ് നടത്തിക്കുകയും മേലുദ്യോഗസ്ഥർ നിരീക്ഷിക്കുകയും ചെയ്യും. ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ നിർദേശങ്ങൾ പാലിച്ചുകൊണ്ട് നിശ്ചിത സമയത്തിനുള്ളിൽ 100 ഡ്രൈവിംഗ് ടെസ്റ്റ് നടത്താൻ കഴിയുമോ എന്നാണ് പരിശോധിക്കുന്നത്‌.

''റോഡ് ടെസ്റ്റിൽ പരമാവധി പേരെ തോൽപ്പിക്കുകയാണിപ്പോൾ ചെയ്യുന്നത്.''

- എം.എസ്. പ്രസാദ്,

ഓൾ കേരള മോട്ടോർ ഡ്രൈവിംഗ്

സ്കൂൾ ഇൻസ്ട്രക്ടേഴ്സ് &

വർക്കേഴ്സ് അസോസിയേഷൻ

Advertisement
Advertisement