കുമ്പഴ മാസ്റ്റർ പ്ലാൻ ആശങ്കയേറെ, 258 പരാതികൾ

Monday 29 April 2024 12:53 AM IST

പത്തനംതിട്ട : പത്തനംതിട്ട നഗരത്തിന്റെ ഉപനഗരമായ കുമ്പഴയിൽ വികസന പദ്ധതികൾ നടപ്പാക്കാനുള്ള നഗരസഭയുടെ മാസ്റ്റർ പ്ലാനിനെതിരെ പരാതികളേറെ. കഴിഞ്ഞ 18 വരെ 258 പരാതികൾ ലഭിച്ചു. കൂടാതെ കുമ്പഴ വികസന സമിതി മാസ് പെറ്റീഷനും നൽകി. വ്യക്തികളുടെയും സംഘടനകളുടെയും പരാതികളിലേറെയും പദ്ധതി നടത്തിപ്പിലുള്ള ആശങ്കകളാണ്.

2022 ഓഗസ്റ്റ് ആറിന് കേരള ഗസറ്റിൽ വിജ്ഞാപനം ചെയ്തശേഷമാണ് പൊതുജനാഭിപ്രായം തേടിയതെന്ന പരാതിയും ഇക്കൂട്ടത്തിലുണ്ട്. 2022 ഫെബ്രുവരി 25ലെ നഗരസഭ കൗൺസിൽ പ്രമേയമാണ് ഗസറ്റ് വിജ്ഞാപനത്തിന് ആധാരം.

നാല് പ്രധാന റോഡുകൾ സംഗമിക്കുന്ന കുമ്പഴ ജംഗ്ഷനിലെ ഗതാഗത പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും പരിസര പ്രദേശങ്ങളുടെ വികസനം ലക്ഷ്യമാക്കിയുമാണ് കുമ്പഴ മാസ്റ്റർ പ്ളാൻ തയാറാക്കിയത്.

കൂടുതൽ സ്ഥലം ഏറ്റെടുക്കണം
കുമ്പഴ ജംഗ്ഷനിലൂടെ കടന്നുപോകുന്ന പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയ്ക്ക് വീതി കൂട്ടണമെന്ന് മാസ്റ്റർ പ്ളാനിൽ നിർദേശമുണ്ട്. ഇതനുസരിച്ച് കുമ്പഴ എം.ഡി.എൽ.പി സ്‌കൂൾ മുതൽ പാലം വരെയുള്ള ഭാഗത്ത് റോഡിന്റെ വീതി 30 മീറ്ററായി ഉയർത്തണം. 15 മീറ്റർ വീതിയുള്ള റോഡ് വികസനത്തിനായി ഇരുവശങ്ങളിലും സ്ഥലം ഏറ്റെടുക്കണം. ഇവിടെയുള്ള മത്സ്യമാർക്കറ്റിന്റെ വിപുലീകരണത്തിനും സ്ഥലം ഏറ്റെടുക്കേണ്ടിവരും.

ആറ് മാസത്തിനുള്ളിൽ പദ്ധതി ആരംഭിക്കും

പരാതികൾ പരിഹരിച്ച് മാസ്റ്റർ പ്ലാൻ ആറ് മാസത്തിനുള്ളിൽ സർക്കാരിന് സമർപ്പിക്കുമെന്ന് നഗരസഭാ അധികൃതർ. അതിന് മുമ്പായി കൗൺസിലിൽ യോഗം ചേരണം. പരാതികളിൽ തീരുമാനമെടുക്കണം. സർക്കാ‌ർ പരിശോധന നടത്തി പദ്ധതി അംഗീകരിക്കണം.

മാസ്റ്റർ പ്ളാനിൽ

1.കുമ്പഴ കവലയിൽ ഗേറ്റ് വേ ലാൻഡ്മാർക്ക് നിർമ്മിക്കും.

2.ഓപ്പൺ സ്റ്റേജും അസംബ്ലി ഏരിയയും ആകർഷകമാക്കും.

3. ആധുനിക മാലിന്യ സംസ്കരണ സംവിധാനങ്ങൾ.

4. ഇ മൾട്ടി - ഫംഗ്ഷണൽ അപ്‌വേർഡ് മാർക്കറ്റ്

5. അച്ചൻകോവിലാറിൽ കയാക്കിംഗ് , സിപ്പ് ലൈനിംഗ്.

6. റിവർവ്യൂ കോർണിഷ് പാർക്ക്

7.തകർന്ന തുണ്ടമാങ്കര കടവ് പാലത്തിന് പകരം തൂക്കുപാലം.

8. പൊതു ജിം , വിനോദ ഉദ്യാനം

9. വാട്ടർ ട്രീറ്റ്മെൻറ് സംവിധാനം

10. എക്കോളജിക്കൽ പാർക്ക്.

11. റീചാർജിംഗ് കുളങ്ങൾ

12. സ്ട്രീറ്റ് ലൈറ്റിംഗ്, സ്ട്രീറ്റ് ഫർണിച്ചറുകൾ, വെൻഡിംഗ് ഷോപ്പുകൾ

13. രാത്രികാല സൗഹൃദ സ്ട്രീറ്റ്

14. ടി.കെ റോഡ്, ഈസ്റ്റേൺ ഹൈവേ എന്നിവ സംഗമിക്കുന്ന റോഡിന് വീതികൂട്ടൽ

15. ബസ് ബേ, പാർക്കിംഗ് ഏരിയ, മൾട്ടിലെവൽ , ഓട്ടോമേറ്റഡ് പാർക്കിംഗ് കെട്ടിടങ്ങൾ, കാൽനടപ്പാത, സൈക്ലിംഗ് ട്രാക്ക്.

35.82 ഹെക്ടറിൽ വികസന പദ്ധതികളൊരുക്കും.

Advertisement
Advertisement