ഗവി സഞ്ചാരികൾക്ക് ഇരുട്ടടി; നിരക്കുകൾ ഇരട്ടിയാക്കി

Monday 29 April 2024 12:00 AM IST

ആലപ്പുഴ:വേനലവധിക്ക് കുട്ടികളുമായി ഗവി കാണാൻ പ്ളാനിട്ടവർക്ക് തിരിച്ചടി. ബോട്ടിംഗിനും ട്രക്കിംഗിനും ഭക്ഷണത്തിനും ഉൾപ്പെടെ നിരക്ക് ഇരട്ടിയിലധികമാക്കി. വനം വികസന കോർപ്പറേഷന്റെ പരിസ്ഥിതി ടൂറിസം കേന്ദ്രമായ ഗവി, കാട്ടുതീ ഭീഷണിയും വന്യമൃഗ ശല്യവും കാരണം മാർച്ച് 11ന് അടച്ചതാണ്. ഇന്നലെയാണ് ട്രിപ്പ് പുനരാരംഭിച്ചത്.

ഗവിയിലും കെ.എസ്.ആർ.ടി.സിയുടെ ബഡ്ജറ്റ് ടൂറിസം സർവീസുകൾ അവസാനിക്കുന്ന കൊച്ചുപമ്പയിലുമാണ് കോർപ്പറേഷൻ സ്പെഷ്യൽ പാക്കേജ് നടപ്പാക്കുന്നത്. നിലവിൽ ഗവിയിൽ ബോട്ടിംഗ്150, ട്രക്കിംഗ് 480, ഫുഡ് (വെജ്)​170, നോൺവെജ് (220)​ എന്നിങ്ങനെയാണ് നിരക്ക്. ഇതെല്ലാം ഇരട്ടിയാകും. മേയ് 1 മുതൽ കെ.എസ്.ആർ.ടി.സിയുടെ ഗവി നിരക്കും കൂടും. നിലവിൽ ആലപ്പുഴയിൽ നിന്ന് 1700 രൂപയാണ് ഗവിയിലേക്കുള്ള നിരക്ക്. ഇതിൽ 700 രൂപയാണ് ടിക്കറ്റ് ചാർജ്.ബാക്കി 1000 രൂപ പ്രവേശന ഫീസും ഭക്ഷണവും ഉൾപ്പടെയുള്ള ചെലവാണ്. ഇത് 500 രൂപയെങ്കിലും വർദ്ധിക്കും. കൊല്ലത്ത് നിന്ന് ഗവിക്ക് 320 രൂപയായിരുന്നത് മേയ് 1 മുതൽ 750 ആക്കും.നാലാഴ്ച മാത്രം ശേഷിക്കുന്ന അവധിക്കാലത്ത് സഞ്ചാരികളുടെ തിരക്ക് വർദ്ധിക്കാനിരിക്കെയാണ് സർക്കാരിന്റെ ഇരുട്ടടി.

ദിവസം 30 വാഹനങ്ങൾക്കാണ് പ്രവേശനം. ഓൺലൈനിൽ ബുക്ക് ചെയ്‌ത് ആങ്ങമൂഴി ഗൂഡ്രിക്കൽ റേഞ്ച് ഓഫീസിൽ നിന്ന് പാസ് എടുത്ത് കിളിയെറിഞ്ഞാൻ കല്ല് ഫോറസ്‌റ്റ് ചെക്‌പോസ്‌റ്റിൽ പതിപ്പിച്ച ശേഷമാണ് ഗവിയിലേക്ക് വാഹനങ്ങൾ വിടുക.

ട്രക്കിംഗും ബോട്ടിംഗും ഫുഡും ഒറ്റ പാക്കേജാക്കുന്നതിന്റെ ഭാഗമാണ് വർദ്ധന.

വനം വികസന കോർപറേഷൻ,​ ഗവി

Advertisement
Advertisement