ബത്തേരിയിൽ പോളിംഗ് കുറഞ്ഞത് മുന്നണികളിൽ അങ്കലാപ്പ്

Monday 29 April 2024 12:05 AM IST
vote

സുൽത്താൻ ബത്തേരി : സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിൽ കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 9. 32 ശതമാനം പോളിംഗ് കുറഞ്ഞു. 81. 92 ശതമാനമായിരുന്നു കഴിഞ്ഞ തവണത്തെ വോട്ടിംഗ്. എന്നാൽ ഇത്തവണ 72.52 ശതമാനമായി കുറഞ്ഞു.വോട്ടിംഗിൽ വന്ന ഇടിവ് മുന്നണികളെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്.
പോളിംഗ് കഴിഞ്ഞ ഉടൻ മുന്നണികൾ വോട്ടിംഗ് ശതമാനം കുറഞ്ഞത് എങ്ങനെ ബാധിക്കുമെന്ന കണക്കുകൂട്ടലായി. ശതമാനം വർദ്ധിച്ചാൽ അത് യു.ഡി.എഫിന് അനുകൂലമാകുമെന്ന ചിന്താഗതിയാണ് നേരത്തെ മുതൽ ഉയർന്നിരുന്നത്. കഴിഞ്ഞ തവണ യു.ഡി.എഫിന് ഏറ്റവുമധികം ഭൂരിപക്ഷം ലഭിച്ച മണ്ഡലമായിരുന്നു ബത്തേരി . എന്നാൽ ഇത്തവണത്തെ പോളിംഗ് ശതമാനം കുറഞ്ഞത് യു.ഡി.എഫിനെ ബാധിക്കുകയില്ലെന്നും ഭൂരിപക്ഷത്തിൽ കാര്യമായ മാറ്റം വരാനിടയില്ലെന്നുമാണ് രാഹുൽ ഗാന്ധിയുടെ ചീഫ് ഇലക്ഷൻ ഏജന്റായ കെ.എൽ.പൗലോസ് പറയുന്നത്. അതേസമയം ശതമാനം കുറഞ്ഞത് എൽ.ഡി.എഫിന് അനുകൂലമാകുമെന്നാണ് ഇടതുപക്ഷം വിലയിരുത്തുന്നത്. എൻ.ഡി.എയാകട്ടെ അവരുടെ വോട്ടിന് പുറമെ ഇരു മുന്നണികളുടെയും നിഷ്പക്ഷ വോട്ട് തങ്ങൾക്ക് അനുകൂലമായി ലഭിച്ചിട്ടുണ്ടെന്നാണ് കണക്ക് കൂട്ടൽ.
പോളിംഗ് ശതമാനം കുറയാൻ കാരണം വയനാടിന്റെ കാതലായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയോ, വയനാടിന്‌വേണ്ടി ആരും ഒന്നും ചെയ്തില്ലെന്ന ചിന്തഗതിയും വോട്ടർമാരിൽ ശക്തമായി വേരോടിയിട്ടുണ്ട്. ഇത് ഒരു പരിധിവരെ വോട്ടിംഗ് ശതമാനം കുറയാൻ ഇടയാക്കി. തിരഞ്ഞടുപ്പ് കഴിഞ്ഞതോടെ മുന്നണികളെല്ലാം തന്നെ കൂട്ടലും കിഴിക്കലുമായി ജയപരാജയങ്ങൾ വിലയിരുത്തികൊണ്ടിരിക്കുകയാണ്. രാഹുൽഗാന്ധി അമേഠിയിലോ മറ്റ് ഏതെങ്കിലും ഒരു സീറ്റിലോ മത്സരിക്കുമെന്ന പ്രചാരണം ശക്തമായതോടെ രാഹുൽ വിജയിച്ചാൽ തന്നെ വയനാടിനെ ഉപേക്ഷിക്കുകയും വീണ്ടും തിരഞ്ഞെടുപ്പ് വരുമെന്ന പ്രചാരണവും ഇതിനകം തന്നെ ഉയർന്നു കഴിഞ്ഞു.
കൂട്ടലും കിഴിക്കലും വിവാദങ്ങളും ,ആരോപണ പ്രത്യാരോപണവുമെല്ലാം രാഷ്ട്രീയ കേന്ദ്രങ്ങളിൽ ശക്തമായി നടക്കുന്നതിനിടെ തിരഞ്ഞെടുപ്പ് ഫലം ആർക്ക് അനുകൂലമാകുമെന്ന് കണ്ട് മറുകണ്ടം ചാടാനായി നിരവധി പേരാണ് പ്രമുഖ രാഷ്ട്രീയ പാർട്ടികളിൽ ഇപ്പോൾ നിശബ്ദരായി കഴിയുന്നത്.

Advertisement
Advertisement