ഐ.ജി വാക്കുപാലിച്ചില്ല, വീണ്ടും അതിജീവിത സമരത്തിലേക്ക്

Monday 29 April 2024 12:00 AM IST

കോഴിക്കോട്: കോഴിക്കോട് മെഡി. കോളേജ് ഐ.സി.യു പീഡനക്കേസിലെ അതിജീവിത ഇന്നുമുതൽ വീണ്ടും സമരത്തിലേക്ക്. പൊലീസ് അന്വേഷണ റിപ്പോർട്ട് മൂന്നു ദിവസത്തിനകം നൽകാമെന്ന ഐ.ജി കെ.സേതുരാമന്റെ ഉറപ്പും പാലിക്കപ്പെടാത്തതിനെത്തുടർന്നാണിത്. അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ട് സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫീസിനു മുന്നിൽ ആരംഭിച്ച സമരം ഐ.ജിയുടെ ഉറപ്പിൽ കഴിഞ്ഞ 24ന് അവസാനിപ്പിച്ചിരുന്നു. എന്നാൽ അഞ്ചു ദിവസം പിന്നിട്ടിട്ടും മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് സമരം പുനരാരംഭിക്കാൻ ഒരുങ്ങുന്നത്. ഇന്ന് ഐ.ജിയെ വീണ്ടും കാണും. റിപ്പോർട്ട് ലഭിച്ചില്ലെങ്കിൽ സമരം തുടരുമെന്ന് അതിജീവിത പറഞ്ഞു.

കഴിഞ്ഞ 22നാണ് അതിജീവിതയുടെ പരാതി അന്വേഷിക്കാൻ ഉത്തരമേഖല ഐ.ജി കെ.സേതുരാമന് മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശം നൽകിയത്. സമരത്തെക്കുറിച്ചും അന്വേഷണ റിപ്പോർട്ട് വൈകുന്നത് സംബന്ധിച്ചും അന്വേഷിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നും നിർദ്ദേശിച്ചിരുന്നു. 2023 മാർച്ച് 18നാണ് മെഡി. കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ അതിജീവിത പീഡനത്തിനിരയായത്. സംഭവത്തിൽ ഡോ.കെ.വി.പ്രീത രേഖപ്പെടുത്തിയ മൊഴിയിൽ താൻ പറഞ്ഞ പല കാര്യങ്ങളും കൃത്യമായി രേഖപ്പെടുത്തിയില്ലെന്നും ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചില്ലെന്നും കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നും ആരോപിച്ച് അതിജീവിത പൊലീസിൽ പരാതി നൽകി. എന്നാൽ പരാതിയിൽ കഴമ്പില്ലെന്നായിരുന്നു മെഡി. കോളേജ് എ.സി.പി കെ.സുദർശൻ കമ്മിഷണർക്ക് നൽകിയ റിപ്പോർട്ട്. ഇതിന്റെ പകർപ്പ് വിവരാവകാശ പ്രകാരമുൾപ്പെടെ ആവശ്യപ്പെട്ടിട്ടും ലഭിക്കാത്തതിനെ തുടർന്നാണ് പ്രത്യക്ഷ സമരത്തിലേക്ക് കടന്നത്.

Advertisement
Advertisement