കൊടുംവേനലിലും നയനാനന്ദകരമാണ് മഞ്ഞപ്പൂക്കളുടെ മതിൽ

Monday 29 April 2024 12:14 AM IST
മഞ്ഞപ്പൂക്കളുടെ മതിലിന് മുമ്പിൽ മനോജും കുടുംബവും

കുമ്പളേരി: വെയിലിന്റെ കാഠിന്യത്താൽ പൂക്കളും ചെടികളുമെല്ലാം വാടിക്കരിഞ്ഞ്‌ പോകുമ്പോഴാണ് ഇവിടെ ഒരു വീടിനരികെ നിറയെ പൂക്കൾ വിരിഞ്ഞുനിൽക്കുന്നത്. മഞ്ഞപ്പട്ട് വിരിച്ചതുപോലെയാണ് വീട്ടുമുറ്റത്തോട്‌ ചേർന്ന് പൂക്കളുടെ മതിൽ ഒരുക്കിയിരിക്കുന്നത്. ഇവയ്ക്ക് പുറമെ ആകാശത്തോളം ഉയർന്ന് നിൽക്കുന്ന ഒരു തെങ്ങും പൂക്കളാൽ മഞ്ഞപ്പട്ട് ചുറ്റി നിൽക്കുകയാണ്. വയനാട് കുമ്പളേരി എടപ്പാട്ട് പുത്തൻപുരയിൽ മനോജിന്റെ വീട്ടുമുറ്റത്താണ് ഈ നയനാനന്ദകരമായ കാഴ്ച.
നാല് വർഷം മുമ്പ് നട്ടുപിടിപ്പിച്ച ക്യാറ്റ്സ്‌ക്ലോയാണ് ഇപ്പോൾ പുഷ്പിച്ചത്. മനംമയക്കുന്ന മഞ്ഞ നിറമാണ് പൂക്കൾക്ക്. പൂക്കൾ വിരിഞ്ഞതോടെ ചിത്രശലഭവും തേനീച്ചകളും വണ്ടുകളും ഇതിന്റെ തേൻനുകരാനായി പൂക്കൾക്ക് ചുറ്റുമായി പാറിപറന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വർഷം പൂവിട്ടിരുന്നെങ്കിലും ഇത്രയും പുഷ്പിച്ചിരുന്നില്ല. മനം മയക്കുന്ന മഞ്ഞനിറത്തിൽ പൂക്കൾ തിങ്ങിനിറഞ്ഞ് നിൽക്കുന്നത് ആരെയും ആകർഷിക്കും. ഇതുവഴി യാത്രചെയ്യുന്നവർ കുറച്ചുനേരം വണ്ടി നിർത്തി ഈ മനോഹര ദൃശ്യം മൊബൈലിലും ക്യാമറയിലും ഒപ്പിയെടുത്തശേഷമാണ് യാത്ര തുടരുന്നത്. വിടർന്നുനിൽക്കുന്ന പൂക്കൾ കൊഴിഞ്ഞാലും ചെടിയുടെ പച്ചപ്പും മനോഹരമാണ്. പച്ചപ്പട്ട് വിരിച്ചതുപോലെയാണ് മതിലിൽ കാണുക.

Advertisement
Advertisement