ചന്ദനപ്പള്ളി വലിയപള്ളി പെരുന്നാളിന് കൊടിയേറി

Monday 29 April 2024 12:20 AM IST

ചന്ദനപ്പള്ളി : സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയ പള്ളിയിലെ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാളിന് കൊടിയേറി. മേയ് ഒന്നു മുതൽ എട്ടുവരെയാണ് പെരുന്നാൾ. 7, 8 തീയതികളിലാണ് പ്രധാനപെരുന്നാൾ.

ഇന്നലെ രാവിലെ മൂന്നിന്മേൽ കുർബാനയ്ക്ക് ഏബ്രഹാം മാർ എപ്പിപ്പാനിയോസ്, വികാരി ഫാദർ ഷിജു ജോൺ, സഹവികാരി ഫാദർ ജോം മാത്യു, കുര്യൻ വർഗീസ് കോറെപ്പിസ്‌കോപ്പ എന്നിവർ മുഖ്യകാർമ്മികരായി. തുടർന്ന് പള്ളിമുറ്റത്തെ സ്വർണക്കൊടിമരത്തിൽ കൊടിയേറ്റി. ട്രസ്റ്റി കെ.എസ് തങ്കച്ചൻ, സെക്രട്ടറി പി.ഡി ബേബിക്കുട്ടി എന്നിവർ നേതൃത്വം നൽകി. വിശ്വാസികൾ വെറ്റിലയും പൂക്കളും വിതറി പങ്കാളികളായി. തുടർന്ന് ഇടവകയുടെ 5 കുരിശടികളിലും ഭവനങ്ങളിലും പെരുന്നാൾ കൊടി ഉയർത്തി. ഉച്ചയ്ക്ക്‌ശേഷം കുടമുക്ക് ഭാഗത്തുനിന്ന് കൊടിമരഘോഷയാത്ര ആരംഭിച്ചു. ചന്ദനപ്പള്ളി ജംഗഷൻ, ചെമ്പുംമൂട് എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം കൽക്കുരിശടിയിൽ കൊടിമരം ഉയർത്തി. മാവിലയും പൂക്കളും കൊണ്ട് അലങ്കരിച്ച കൊടിമരത്തിൽ ജോൺസൺ കല്ലിട്ടതിൽ കോറെപ്പിസ്‌കോപ്പ, ഫാദർ ഇടിക്കുള ഡാനിയൽ, ഫാദർ ജേക്കബ് ബേബി, ഫാദർ ജേക്കബ് ഡാനിയേൽ എന്നിവരുടെ സാന്നിദ്ധ്യത്തിൽ കൊടിയേറ്റി.

Advertisement
Advertisement