ബി.ജെ.പിയിൽ ചേരുമെന്ന വാർത്ത ശരിയല്ല, കുറച്ചു നാൾ കാക്കും, പിന്നെ തീരുമാനം : എസ്. രാജേന്ദ്രൻ

Monday 29 April 2024 12:25 AM IST

മൂന്നാർ: ബി.ജെ.പിയിലേക്ക് പോകുമെന്ന വാർത്ത നിഷേധിച്ച് ദേവികുളം മുൻ എം.എൽ.എ എസ്. രാജേന്ദ്രൻ. മാദ്ധ്യമങ്ങളിലെ വാർത്തകൾ തന്നെ ബാധിക്കുന്ന വിഷയമല്ല. പാർട്ടി ആരെയും ദ്രോഹിക്കില്ല. പക്ഷേ, പാർട്ടിയെ മറയാക്കി ദ്രോഹിക്കുന്നവരുണ്ട്. കുറച്ചുനാൾ കാത്തിരിക്കും. അതിന് ശേഷം തീരുമാനമെടുക്കും - അദ്ദേഹം പറഞ്ഞു.

ബി.ജെ.പിയുടെ സംസ്ഥാന, പ്രാദേശിക നേതാക്കളുമായി ബന്ധപ്പെട്ടിട്ടില്ല. സി.പി.എമ്മിൽ നിന്ന് പുറത്താക്കാൻ ചില ഗൂഢശക്തികൾ ശ്രമിക്കുന്നതിന്റെ ഭാഗമാണ് ഇത്തരം വാർത്തകൾ. ചില നേതാക്കൾ തന്നെ പുറത്താക്കാൻ ശ്രമിക്കുന്നുണ്ട്. അവരുടെ സ്ഥാനങ്ങൾ താൻ കാരണം നഷ്ടപ്പെടുമോയെന്നാണ് ആശങ്ക. രണ്ട് മൂന്ന് വർഷമായി ബി.ജെ.പി മാത്രമല്ല, പല പാർട്ടികളും ക്ഷണിക്കാറുണ്ട്. പ്രകാശ് ജാവദേക്കറെ കണ്ടശേഷം മറ്റ് നേതാക്കളെ കണ്ടിട്ടില്ല. ഇ.പി. ജയരാജനും ജാവദേക്കറും തമ്മിലുള്ള സൗഹൃദം തനിക്ക് അറിയില്ല. പാർട്ടിയിൽ സൗകര്യമുണ്ടെങ്കിൽ നിന്നാൽ മതിയെന്നാണെങ്കിൽ പ്രവർത്തിക്കാൻ കഴിയില്ല. വ്യക്തികൾ തമ്മിലുള്ള മത്സരത്തിൽ തോൽക്കാൻ ആരും ആഗ്രഹിക്കുന്നില്ല. പാർട്ടിയോട് എത്ര തവണ വേണമെങ്കിലും ക്ഷമ ചോദിക്കാം, തോറ്റു കൊടുക്കാം.സംസ്ഥാന നേതൃത്വം ഇടപെട്ടിട്ടും തിരഞ്ഞെടുപ്പിൽ നിന്ന് മനപ്പൂർവ്വം മാറ്റിനിർത്തി. തിരഞ്ഞെടുപ്പ് കൺവെൻഷനിൽ വേണ്ട പ്രാധാന്യം നൽകിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരു മാസം മുമ്പ് കേരളത്തിന്റെ ചുമതലയുള്ള ബി.ജെ.പി നേതാവ് പ്രകാശ് ജാവ്‌ദേക്കറെ ഡൽഹിയിൽ പോയി എസ്. രാജേന്ദ്രൻ കണ്ടത് ചിത്രം സഹിതം പുറത്തുവന്നിരുന്നു. തുടർന്ന്, സി.പി.എമ്മുമായി അകൽച്ചയിലുള്ള രാജേന്ദ്രൻ ബി.ജെ.പിയിൽ ചേരുമെന്ന് വാർത്തകളും വന്നിരുന്നു. ഇതിനിടെ, മൂന്നാറിൽ എൽ.ഡി.എഫ് ദേവികുളം നിയോജക മണ്ഡലം കൺവെൻഷനിൽ എസ്. രാജേന്ദ്രൻ പങ്കെടുത്തിരുന്നു.

Advertisement
Advertisement