ഇ.പിക്കെതിരെ പാർട്ടിയിലും എൽ.ഡി.എഫിലും അമർഷം

Monday 29 April 2024 12:25 AM IST

തിരുവനന്തപുരം : ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് വോട്ടെടുപ്പ് നാളിൽ

തുറന്ന് സമ്മതിച്ച് പ്രതിസന്ധി സൃഷ്ടിക്കുകയും,യു.ഡി.എഫിന് ആയുധം നൽകുകയും ചെയ്ത

ഇ.പി.ജയരാജനെതിരെ സി.പി.എമ്മിലും മുന്നണിയിലും അമർഷം പുകയുന്നു. വിഷയം ഇന്ന് ചേരുന്ന സി.പി.എം

സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്യാനിരിക്കെ,എൽ.ഡി.എഫ് കൺവീനർ സ്ഥാനത്ത് നിന്ന്

നീക്കണമെന്നാവശ്യപ്പെട്ട് സി.പി.എം.നേതൃത്വത്തിന് കത്ത് നൽകാനും സി.പി.ഐയിൽ ആലോചനയുണ്ട്.

തുടർച്ചയായ വിവാദങ്ങളിലൂടെ സി.പി.എമ്മിന് അവമതിപ്പുണ്ടാക്കുന്ന ഇ.പിയോട് മുഖ്യമന്ത്രി ഉൾപ്പെടെയുള്ള

നേതൃത്വം പുലർത്തുന്ന മൃദു സമീപനമാണ് പാർട്ടിക്ക് വെല്ലുവിളിയായതെന്നാണ് വലിയൊരു വിഭാഗം നേതാക്കളുടെയും

അണികളുടെയും വികാരം. .കമ്മ്യൂണിസ്റ്റ് നേതാവിന് ചേരാത്ത ഇ.പിയുടെ പല പ്രവൃത്തികളും ഇനിയും കണ്ടില്ലെന്ന് നടിക്കുന്നത് ദോഷകരമാവുമെന്നും. ബി.ജെ.പി കേരള പ്രഭാരി, പ്രകാശ് ജാവദേക്കറുമായി നടത്തിയ രഹസ്യ കൂടിക്കാഴ്ച പോളിംഗ് ദിനത്തിൽ രാവിലെ വെളിപ്പെടുത്തിയതിലെ ഉദ്ദേശ്യ ശുദ്ധിയും ചോദ്യം ചെയ്യപ്പെടുന്നു. ചാനലുകൾ അതേറ്റെടുത്ത് ആഘോഷമാക്കിയത്, കോൺഗ്രസിനെതിരെ ബി.ജെ.പി ബാന്ധവം ആരോപിച്ചിരുന്നവരെ തിരിഞ്ഞു കുത്തി.

മൃദു സമീപനം :

എതിർപ്പ് ശക്തം

ദല്ലാൾ നന്ദകുമാറിനെ സാക്ഷിയാക്കിയത് ഇ.പിയുടെ ജാഗ്രതക്കുറവാണെന്ന് പരസ്യമായി വിമിർശിച്ച മുഖ്യമന്ത്രി പിണറായി വിജയൻ,ബി.ജെ.പി നേതാവുമായുള്ള രഹസ്യ കൂടിക്കാഴ്ചയെ ന്യായീകരിച്ചതും പാർട്ടിയിലും മുന്നണിയിലും

എതിർപ്പുയർത്തി.മുഖ്യമന്ത്രിയുടെ അറിവോടെയാണ് കൂടിക്കാഴ്ചയെന്ന് ആരോപിച്ച കോൺഗ്രസ് നേതാക്കൾ,

വിവാദത്തിൽ ഒന്നാം പ്രതിയാക്കിയതും മുഖ്യമന്ത്രിയെയാണ്.

ഇ.പി പാർട്ടി പത്രത്തിന്റെ മുഖ്യ പത്രാധിപരായിരിക്കെ,വിവാദ വ്യവസായ സാന്റിയാഗോ മാർട്ടിനിൽ നിന്ന് രണ്ട് കോടി കൈപ്പറ്റിയെന്ന ആരോപണം ഉയർന്നിരുന്നു.കണ്ണൂരിൽ ഇ.പിയുടെ ഭാര്യ ചെയർപേഴ്സണായ വൈദേകം റിസോർട്ടിൽ ഇ.പിയുടെ വൻ ഓഹരി പങ്കാളിത്തത്തെക്കുറിച്ച് സി.പി.എം സംസ്ഥാന കമ്മിറ്റിൽ പി.ജയരാജൻ വിമർശനം ഉയർത്തിയിരുന്നു. കഴിഞ്ഞ മാർച്ച് രണ്ടിനായിരുന്നു വൈദേകം റിസോർട്ടിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്.

തിരുവനന്തപുരം ആക്കുളത്തെ മകന്റെ ഫ്ലാറ്റിൽ വച്ച് ഇ.പി ജാവദേക്കറെ കണ്ടത് മാർച്ച് 5ന്.വേദേകം റിസോർട്ട്

നടത്തിപ്പിന്റെ ചുമതല ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള

ബംഗളൂരുവിലെ നിരാമയ റിട്രീറ്റ്സിന് കൈമാറി കരാർ ഒപ്പു വച്ചത് ഏപ്രിൽ 15ന്.പാർട്ടിയെ പ്രതിക്കൂട്ടിലാക്കുന്നതായിരുന്നു

ഇതെല്ലാം.

സ്വന്തം അണികളുടെ 'ആൾ ദൈവം' പ്രചാരണത്തിന്റെ പേരിൽ ി.ജയരാജനെതിരെ നടപടിയെടുത്ത പാർട്ടി,ഇത്രയേറെ

വിവാദങ്ങൾ സൃഷ്ടിച്ച ഇ.പിയെ തൊടാത്തത് ചില കാര്യങ്ങൾ വെളിപ്പെടുത്തുമെന്ന നേതൃത്വത്തിന്റെ ഭയം

കൊണ്ടാണെന്നാണ് കണ്ണൂരിലെ ഉൾപ്പെടെ പാർട്ടിയിലെ ഒരു വിഭാഗം അണികൾ കരുതുന്നത്. പാർട്ടിക്ക് വേണ്ടി എത്ര ത്യാഗം ചെയ്ത നേതാവായാലും തെറ്റുകൾ ആവർത്തിച്ചാൽ മുഖം നോക്കാതെ നടപടി വേണമെന്നാണ് ആവശ്യം.

Advertisement
Advertisement