ഇ.പിക്കെതിരെ പാർട്ടി നടപടി ഉടനുണ്ടാവില്ല

Monday 29 April 2024 12:25 AM IST

തിരുവനന്തപുരം: ബി.ജെ.പി നേതാവ് പ്രകാശ് ജാവ്ദേക്കറുമായുള്ള കൂടിക്കാഴ്ചയുടെ കാര്യം വോട്ടെടുപ്പ് നാളിൽ വെളിപ്പെടുതതിയതിലൂടെ സി.പി.എമ്മിനെ മുൾമുനയിൽ നിറുത്തിയ ഇ.പി.ജയരാജനെതിരെ പാർട്ടി നടപടി

ഉടനുണ്ടാവില്ല.ഇന്ന് ചേരുന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിശദീകരണം തേടിയേക്കും.ഇ.പി

പങ്കെടുക്കുമോയെന്ന് വ്യക്തമല്ല..

ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വരും മുമ്പ് വിഷയത്തിൽ തീരുമാനമുണ്ടാവാൻ സാദ്ധ്യത വിരളമാണ്. പാർട്ടി കേന്ദ്ര കമ്മിറ്റി അംഗമായതിനാൽ സംസ്ഥാന കമ്മിറ്റിയുടെ ശുപാർശ പ്രകാരമാവും നടപടി. എൽ.ഡി.എഫ് കൺവീനർ സ്ഥാനം

ഒഴിയില്ലെന്ന് ജയരാജൻ വ്യക്തമാക്കിയെങ്കിലും,അതിനുള്ള സാദ്ധ്യതയും തള്ളാനാവില്ല .തനിക്കെതിരായ ഗൂഢാലോചനയിൽ ചില മാദ്ധ്യമങ്ങൾക്ക് പങ്കുണ്ടെന്നും വസ്തുതകൾ അന്വേഷിക്കാതെയാണ് അവർ വാർത്തകൾ നൽകിതെന്നുമാണ് ജയരാജൻ ഇന്നലെ ചാനൽ അഭിമുഖത്തിൽ പറഞ്ഞത്. ശോഭാ സുരേന്ദ്രനുമായി തൃശൂരിലോ ഡൽഹിയിലോ കൂടിക്കാഴ്ച നടത്തിയിട്ടില്ല. താൻ ബി.ജെ.പിയിൽ പോകുമെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ?. ഗൾഫിൽ വച്ച് ബി.ജെ.പിയുമായി ചർച്ച നടത്തിയെന്നാണ് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ ആക്ഷേപം. താൻ ഗൾഫിൽ പോയിട്ട് വർഷങ്ങളായി. മുഖ്യമന്ത്രിയുടെ ഉപദേശം ഇരു കൈയും നീട്ടി സ്വീകരിക്കുന്നു. ജാവ്ദേക്കറുമായി രാഷ്ട്രീയം സംസാരിച്ചിട്ടില്ല. പോളിംഗ് ദിനത്തിൽ മാദ്ധ്യമങ്ങളോട് സത്യം പറഞ്ഞത് തെറ്റായ ആരോപണം വരാതിരിക്കാനാണ്..മുഖ്യമന്ത്രിയുടെ പേര് പ്രശ്നത്തിൽ അനാവശ്യമായി വലിച്ചിഴച്ചെന്നും ജയരാജൻ പറഞ്ഞു.

അതേ സമയം,ജയരാജന്റെ വെളിപ്പെടുത്തൽ പോളിംഗ് ദിവസം വേണ്ടിയിരുന്നില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു.വിഷയം സി.പി.എമ്മിന്റെ ആഭ്യന്തര പ്രശ്നം മാത്രമല്ല. മുന്നണിയുടെ വിശ്വാസ്യതയെ ബാധിക്കുന്നതുമാണ്. ഇക്കാര്യത്തിൽ ആവശ്യമായ നടപടി സി.പി.എം സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

Advertisement
Advertisement