ചൂടിൽ വെന്തുരുകി പാലക്കാട്

Monday 29 April 2024 12:25 AM IST

പാലക്കാട്: വേനൽച്ചൂടിൽ വെന്തുരുകി പാലക്കാട്. ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില ശനിയാഴ്ച രേഖപ്പെടുത്തിയിരുന്നു. 41.8 ഡിഗ്രി. 24ന് 39.5 ഡിഗ്രിയായിരുന്നത് ഒഴിച്ചാൽ കഴിഞ്ഞ ഒരാഴ്ച താപനില ദിവസവും 40 ഡിഗ്രിക്ക് മുകളിലായിരുന്നു. പകൽ 11ന് ശേഷം വൈകിട്ട് അഞ്ചുവരെ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ. രാത്രിയിലും പതിവിലധികം ചൂട് അനുഭവപ്പെടുന്നു. വരും ദിവസങ്ങളിലും ചൂടു കൂടാനാണ് സാദ്ധ്യത. അന്തരീക്ഷത്തിൽ ഈർപ്പത്തിന്റെ തോത് ഉയർന്നു നിൽക്കുന്നതിനാലാണ് ഉയർന്ന ചൂട് അനുഭവപ്പെടുന്നതെന്ന് വിദഗ്ദ്ധർ.

കഴിഞ്ഞ ദിവസം മരിച്ച എലപ്പുള്ളി സ്വദേശി ലക്ഷ്മിയുടേത് (90)​ ഉൾപ്പെടെ ഈ വേനലിൽ സൂര്യാഘാതമേറ്റ് ജില്ലയിൽ മൂന്നു മരണമാണ് റിപ്പോർട്ട് ചെയ്തത്. അട്ടപ്പാടിയിലും കുഴൽമന്ദം കുത്തനൂരുമാണ് മറ്റ് രണ്ടു മരണം. വോട്ടെടുപ്പ് ദിവസം നീർജലീകരണംമൂലവും ചൂട് താങ്ങാനാവാതെ കുഴഞ്ഞുവീണും മൂന്നുപേർ മരിച്ചിരുന്നു.

വേനൽക്കാല രോഗങ്ങളിൽ ജില്ലയിൽ ഇതുവരെ ചികിത്സ തേടിയത് 240 പേരാണ്. 40 പേർ ചെറിയ തോതിലുള്ള പൊള്ളലേറ്റ് ആശുപത്രികളിലെത്തിയിരുന്നു. ചിക്കൻപോക്സ്, ചൂടുകുരു ഉൾപ്പെടെ ചികിത്സ തേടിയത് 170 പേർ. എന്നാൽ, ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.

വേനൽമഴയിൽ കുറവ്

മാർച്ച് മുതൽ ഇതുവരെ പാലക്കാട്ട് ലഭിക്കേണ്ടിയിരുന്നത് 98.4 മില്ലി മീറ്റർ വേനൽ മഴയാണ്. ലഭിച്ചത് 16.1 മില്ലി മീറ്റർ മാത്രം. ഈ സ്ഥിതി തുടർന്നാൽ കുടിവെള്ളക്ഷാമവും അതിരൂക്ഷമാകും.

Advertisement
Advertisement